
കാസര്‍കോട്: കാഞ്ഞങ്ങാട്ട് ദമ്പതികളെ വീട് കയറി ആക്രമിച്ച് പണവും സ്വര്‍ണ്ണവും കവര്‍ന്ന കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. അമ്പലത്തറ ബാലൂരിലെ സുരേശനാണ് അറസ്റ്റിലായത്. ഇതോടെ പിടിയിലായവരുടെ എണ്ണം രണ്ടായി. പത്ത് ദിവസം മുമ്പാണ് കാഞ്ഞങ്ങാട്ട് പട്ടാപ്പകല്‍ വീട് കയറി ക്വട്ടേഷന്‍ ആക്രമണം നടന്നത്. ദുര്‍ഗ ഹയര്‍ സെക്കണ്ടറി സ്കൂളിന് സമീപം താമസിക്കുന്ന ദേവദാസിനേയും ഭാര്യ ലളിതയേയും കത്തികാട്ടി ഭീഷണിപ്പെടുത്തി അടിച്ച് വീഴ്ത്തി 40 പവന്‍ സ്വര്‍ണ്ണവും 20000 രൂപയും കാറും കവരുകയായിരുന്നു.
അഞ്ചംഗ ക്വട്ടേഷന്‍ സംഘത്തിലെ അമ്പലത്തറ ബാലൂര്‍ സ്വദേശി സുരേശനെയാണ് ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്. സംഭവത്തിന് ശേഷം പാണത്തൂര്‍ ഭാഗത്തേക്ക് കടന്ന ഇയാള്‍ ഒളിവിലായിരുന്നു. പ്രതികളുടെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നതിനാല്‍ വീടുകള്‍ നിരീക്ഷണത്തിലായിരുന്നു. കഴിഞ്ഞ ദിവസം സുരേശന്‍ വീട്ടിലേക്ക് തിരിച്ചെത്തിപ്പോഴാണ് അറസ്റ്റ്.
നേരത്തെ അറസ്റ്റിലായ ഒന്നാം പ്രതി മൂന്നാംമൈലിലെ രാജേന്ദ്രന്‍ റിമാൻഡിലാണ്. കല്യാണ്‍ റോഡിലെ അശ്വിന്‍, ഓട്ടോഡ്രൈവര്‍മാരായ നെല്ലിത്തറ മുകേഷ്, കോട്ടപ്പാറയിലെ ദാമോദരന്‍ എന്നിവരെയാണ് ഇനി പിടികൂടാനുള്ളത്. ഇവര്‍ കര്‍ണാടകയിലേക്ക് കടന്നതായാണ് സൂചന. ഇവര്‍ക്കായുള്ള തെരച്ചില്‍ പൊലീസ് തുടരുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam