
കൊച്ചി : തൃക്കാക്കര കൂട്ട ബലാത്സംഗ കേസിൽ അറസ്റ്റിലായ സിഐ പി ആർ സുനു നേരത്തെ മറ്റൊരു ബലാത്സംഗ കേസിൽ റിമാൻഡിലായ ആള്‍. എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ സമാനമായ മറ്റ് രണ്ട് കേസുകളും ഈ ഉദ്യോഗസ്ഥനെതിരെയുണ്ട്. കേസുകളിൽ വകുപ്പു തല നടപടി കഴിയും മുൻപാണ് വീണ്ടും സമാന കുറ്റകൃത്യത്തിൽ പ്രതിയാകുന്നത്.
മുളവുകാട് സ്റ്റേഷൻ ഇൻസ്പെക്ടർ ആയിരിക്കെ 2021 ഫെബ്രുവരിയിലാണ് ബിടെക് ബിരുദദാരിയായ യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ സുനു പിടിയിലാകുന്നത്. സ്റ്റേഷനിൽ പരാതി നൽകാനെത്തിയ യുവതിയുമായി അടുപ്പം സ്ഥാപിച്ച് വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്നായിരുന്നു പരാതി. സെൻട്രൽ പൊലീസ് റജിസ്റ്റർ ചെയ്ത കേസിൽ ഹൈക്കോടതി ജാമ്യം തള്ളിയതോടെ സുനു അറസ്റ്റിലായി. റിമാൻഡിലായ സുനുവിനെതിരെ പിന്നീട് വകുപ്പു തല നടപടി ഉണ്ടായിരുന്നു. മരട് സ്വദേശിയായ സുനു രണ്ട് കുട്ടികളുടെ അച്ഛൻ കൂടിയാണ്. കൊച്ചി മുളവുകാട് അടക്കം നേരത്തെയും സമാനപരാതി ഉദ്യോഗസ്ഥനെതിരെ ഉണ്ടായിട്ടുണ്ട്. പുതിയ കേസിന്‍റെ പശ്ചത്തലത്തിൽ സുനുവിനെതിരെ ഉടൻ വകുപ്പ് തല നടപടിയുണ്ടാകും.
തൃക്കാക്കര സ്വദേശിയായ വീട്ടമ്മയുടെ പരാതിയിലാണ് കോഴിക്കോട് കോസ്റ്റൽ പൊലീസ് സ്റ്റേഷൻ സർക്കിൾ ഇൻസ്പെക്ടർ ർ പി.ആർ.സുനു അറസ്റ്റിലായത്. ഇൻസ്പെക്ടർ സുനു ഉൾപ്പെടുന്ന സംഘം തൃക്കാക്കരയിൽ വച്ച് തന്നെ ബലാത്സംഗം ചെയ്തുവെന്നായിരുന്നു വീട്ടമ്മയുടെ പരാതി. ഈ പരാതിയിൽ കേസെടുത്ത് അന്വേഷണം നടത്തിയ ശേഷമാണ് തൃക്കാക്കര പൊലീസ് കോഴിക്കോടെത്തി സ്റ്റേഷൻ ഹൗസ് ഓഫീസർ സുനുവിനെ അറസ്റ്റ് ചെയ്തത്. സുനുവിനെ അറസ്റ്റ് ചെയ്യുന്നതിന് മുന്നോടിയായി തൃക്കാക്കരയിൽ നിന്നെത്തിയ അന്വേഷണ സംഘം ഫറൂഖ് ഡിവൈഎപിയെ വിവരം അറിയിച്ചിരുന്നു.
കൂട്ടബലാത്സംഗ കേസിൽ കോഴിക്കോട് കോസ്റ്റൽ പൊലീസ് എസ്എച്ച്ഒ അറസ്റ്റിൽ; അറസ്റ്റ് വീട്ടമ്മയുടെ പരാതിയിൽ
തൃക്കാക്കരയിലെ വീട്ടിലും കടവന്ത്രയിലും വെച്ച് സുനു ഉള്‍പ്പെടെയുളള ആറംഗ സംഘം തന്നെ ബലാല്‍സംഗം ചെയ്തുവെന്ന് തൃക്കാക്കര സ്വദേശിയായ വീട്ടമ്മ കഴിഞ്ഞ ദിവസമാണ് പൊലീസില്‍ പരാതി നല്‍കിയത്. ഭീഷണിപ്പെടുത്തിയായിരുന്നു പീഡനമെന്നും ഇവര്‍ മൊഴി നല്‍കിയിട്ടുണ്ട്. യുവതിയുടെ ഭർത്താവ് തൊഴില്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് കേസിൽ ജയിലിൽ കഴിയുകയാണ്. കേസിൽ ക്ഷേത്ര ജീവനക്കാരൻ അടക്കം ആറ് പേര്‍ കേസില്‍ പ്രതികളാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam