വാടക വീട് കേന്ദ്രീകരിച്ച് പെണ്‍വാണിഭം; മൂന്നാമത്തെ അറസ്റ്റ്, മലയാളികളും കൊല്‍ക്കത്ത സ്വദേശികളും സംഘത്തില്‍

By Web TeamFirst Published Nov 13, 2021, 9:51 AM IST
Highlights

കോഴിക്കോട് ഈയിടെയായി മൂന്നാമത്തെ പെൺവാണിഭ സംഘമാണ് പിടിയിലാകുന്നത്. സമാനമായ രീതിയില്‍ വാടകയ്ക്ക് വീട് എടുത്തായിരുന്നു ഇതിന് മുന്‍പ് അറസ്റ്റിലായ സംഘങ്ങളുടേയും പ്രവർത്തനം. 

കോഴിക്കോട് (Kozhikode)  കോട്ടൂളി റോഡിൽ വാടക വീട് കേന്ദ്രീകരിച്ച്‌ പ്രവർത്തിക്കുന്ന പെൺവാണിഭ സംഘം(Sex Racket) പിടിയിൽ. നടത്തിപ്പുകാരനായ തലക്കുളത്തൂർ സ്വദേശി കെ നസീർ (46), സഹായി കൊല്ലം പുനലൂർ സ്വദേശി വിനോദ്‌രാജ് (42),ഏജന്റ്‌ മഞ്ചേരി സ്വദേശി സീനത്ത് (51) , രാമനാട്ടുകര സ്വദേശി അൻവർ (26)  , താമരശേരി തച്ചംപൊയിൽ സ്വദേശി സിറാജുദ്ദീൻ (36) എന്നിവരാണ് പിടിയിലായത്. മെഡിക്കൽ കോളേജ് പൊലീസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ കോട്ടൂളി മുതിരക്കാല പറമ്പ് വീട്ടിൽ നടത്തിയ റെയ്ഡിലാണ്‌ ഇവർ പിടിയിലായത്.

കേന്ദ്രത്തിലുണ്ടായിരുന്ന കൊൽക്കത്ത, കോഴിക്കോട് സ്വദേശികളായ സ്ത്രീകളെ ഷോട്ട് സ്റ്റേ ഹോമിലേക്ക് മാറ്റി.കെ. നസീറാണ് വീട് വാടകയ്ക്ക് എടുത്ത് അനാശാസ്യ കേന്ദ്രം നടത്തി വന്നിരുന്നതെന്ന് പൊലീസ് അറിയിച്ചു. മെഡിക്കൽ കോളേജ് ഇൻസ്‌പെക്ടർ എം.എൽ. ബെന്നിലാലു, എസ്.ഐ ജോബി എന്നിവരുടെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്. പോലീസുകാരായ പി.വിനോദ് കുമാർ, എം. ജംഷീന, സീനത്ത്, നിഖിൽ, റോഷബിൻ, അതുൽ , ഹോം ഗാർഡ് ജയപ്രകാശ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി. കോഴിക്കോട് ഈയിടെയായി മൂന്നാമത്തെ പെൺവാണിഭ സംഘമാണ് പിടിയിലാകുന്നത്. സമാനമായ രീതിയില്‍ വാടകയ്ക്ക് വീട് എടുത്തായിരുന്നു ഇതിന് മുന്‍പ് അറസ്റ്റിലായ സംഘങ്ങളുടേയും പ്രവർത്തനം.

ഇത്തരം സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പക അക്രമത്തിലേക്ക് നയിക്കുന്ന സംഭവവും അടുത്തിടെ സംസ്ഥാനത്തുണ്ടായിരുന്നു. കോട്ടയം നഗരത്തില്‍ അടുത്തിടെ ഇത്തരത്തിലുള്ള അക്രമ സംഭവം നടന്നിരുന്നു. കോട്ടയം നഗരത്തിൽ വാടകയ്ക്ക് വീടെടുത്ത് പെണ്‍വാണിഭം നടത്തിയിരുന്ന സാൻ ജോസഫിനെയും അമീർഖാനെയും അക്രമിച്ച കേസില്‍ പൊൻകുന്നും സ്വദേശിയായ അജമലും മല്ലപ്പളളി സ്വദേശിനിയായ സുലേഖയും അറസ്റ്റിലായിരുന്നു. ഒരു സംഘത്തിലായിരുന്നവര്‍ പിരിഞ്ഞ് വ്യത്യസ്ത സംഘങ്ങളായതോടെ ഇടപാടുകാര്‍ രണ്ട് സ്ഥാപനങ്ങളിലേക്കും എത്തിയതിനേക്കുറിച്ചുള്ള തര്‍ക്കമായിരുന്നു അക്രമത്തിലേക്ക് നയിച്ചത്. മുന്‍ പങ്കാളിയെ ആക്രമിക്കാനായി ക്വട്ടേഷന്‍ സംഘത്തെ ഏര്‍പ്പാട് ചെയ്യുകയായിരുന്നു. കൊവിഡ് കാലത്ത് ഹോം സ്റ്റേകളുടെ മറവിലും പെണ്‍വാണിഭ സംഘങ്ങള്‍ സജീവമായി പ്രവര്‍ത്തിച്ച സംഭവങ്ങളുമുണ്ടായിട്ടുണ്ട്. 

click me!