
കൊല്ലം: കിഴക്കേ കല്ലടയില്‍ ഭര്‍തൃ ഗൃഹത്തിലെ മാനസിക പീഡനത്തെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ബന്ധുക്കളുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. സുവ്യയുടെ ഭര്‍ത്താവിനും ഭര്‍തൃ ബന്ധുക്കള്‍ക്കുമെതിരെ കേസെടുക്കുന്ന കാര്യത്തില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ നിയമോപദേശം തേടി. സുവ്യയെ ഭര്‍ത്താവിന്‍റെ അമ്മ നിരന്തരം വഴക്കു പറയാറുണ്ടായിരുന്നെന്ന് ആറുവയസുകാരന്‍ മകനും വെളിപ്പെടുത്തി.
ഭര്‍തൃ മാതാവില്‍ നിന്നുളള നിരന്തര മാനസിക പീഡനത്തിന്‍റെ തെളിവായി ശബ്ദസന്ദേശം ബന്ധുക്കള്‍ക്ക് അയച്ച ശേഷമാണ് സുവ്യ ആത്മഹത്യ ചെയ്തത്. എന്നാല്‍ ശബ്ദ സന്ദേശത്തിന്‍റെ മാത്രം അടിസ്ഥാനത്തില്‍ ഭര്‍ത്താവ് അജയകുമാറിനും ഭര്‍ത്താവിന്‍റെ അമ്മ വിജയമ്മയ്ക്കുമെതിരെ ഗാര്‍ഹിക പീഡന നിയമം ഉള്‍പ്പെടെയുളള വകുപ്പുകള്‍ ചുമത്താമോ എന്ന കാര്യത്തില്‍ ആശയക്കുഴപ്പമുണ്ടെന്നാണ് പൊലീസ് ഭാഷ്യം.
ഈ സാഹചര്യത്തിലാണ് നിയമോപദേശം തേടിയത്. നിയമോപദേശം ലഭിച്ചാലുടന്‍ തുടര്‍ നടപടിയുണ്ടാകുമെന്ന് കിഴക്കേ കല്ലട പൊലീസ് അറിയിച്ചു. സുവ്യയുടെ സഹോദരനും ആറു വയസുകാരന്‍ മകനും ഉള്‍പ്പെടെ പതിമൂന്ന് ബന്ധുക്കളുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തി. സുവ്യയെ ഭര്‍ത്താവിന്‍റെ അമ്മ നിരന്തരം വഴക്കു പറയുമായിരുന്നെന്ന് മകന്‍ പൊലീസിനോട് പറഞ്ഞു.
എഴുകോണ്‍ സ്വദേശിനിയായ സുവ്യ ഞായറാഴ്ച രാവിലെയാണ് കിഴക്കേ കല്ലടയിലെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ചത്. ഭര്‍തൃഗൃഹത്തില്‍ സുവ്യ നേരിട്ട പീഡനങ്ങളെ പറ്റി കൊല്ലം റൂറല്‍ എസ് പിയ്ക്കും കുടുംബം പരാതി നല്‍കിയിട്ടുണ്ട്.
ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam