സെക്കന്റ് ഷോ കാണാനെത്തിയ ആളുടെ ഓട്ടോറിക്ഷ മോഷ്ടിച്ച പ്രതികൾ പിടിയിൽ; കാരണം കേട്ട് ഞെട്ടി പൊലീസ്

By Web TeamFirst Published Jan 19, 2023, 8:32 PM IST
Highlights

നഗരത്തിലെ തിയറ്ററിൽ സെക്കന്റ് ഷോ കാണാനെത്തിയ തണ്ടേക്കാട് സ്വദേശി ഉമ്മറിന്റെ ഓട്ടോറിക്ഷയാണ് ഇവർ മോഷ്ടിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സംഭവമുണ്ടായത്. 

കൊച്ചി : എറണാകുളം പെരുമ്പാവൂരിൽ തിയറ്റർ പരിസരത്ത് നിന്നും ഓട്ടോ മോഷ്ടിച്ച രണ്ട് പേർ പിടിയിൽ. ചേലാമറ്റം സ്വദേശികളായ ഫൈസൽ, പ്രശാന്ത് എന്നിവരാണ് പിടിയിലായത്. നഗരത്തിലെ തിയറ്ററിൽ സെക്കന്റ് ഷോ കാണാനെത്തിയ തണ്ടേക്കാട് സ്വദേശി ഉമ്മറിന്റെ ഓട്ടോറിക്ഷയാണ് ഇവർ മോഷ്ടിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സംഭവമുണ്ടായത്. 

തിയറ്ററിന് മുന്നിൽ റോഡരികിലാണ് ഉമ്മ‌ർ വാഹനം പാർക്ക് ചെയ്തിരുന്നത്. പ്രതികൾ ഓട്ടോയുമായി കടന്നു കളയുന്നത് സമീപത്തെ കടയിലെ സിസിടിവിയിൽ വ്യക്തമായി പതിഞ്ഞിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിലാണ് പൊലീസ് ഇരുവരേയും പിടികൂടിയത്. ഓട്ടോ റിക്ഷയും പിടിച്ചെടുത്തു. 

കൂടുതൽ മോഷണം നടത്താൻ സഞ്ചാര സൗകര്യത്തിനായാണ് ഓട്ടോ മോഷ്ടിച്ചതെന്നാണ് പ്രതികൾ പൊലീസിനോട് പറഞ്ഞത്. മോഷണം, കഞ്ചാവ്  വിൽപന ഉൾപ്പടെ പതിനഞ്ചോളം കേസുകളിലെ പ്രതിയാണ് ഫൈസൽ. രണ്ടു വർഷത്തോളം ജയിൽ ശിക്ഷയും  ഇയാൾ അനുഭവിച്ചിട്ടുണ്ട്. പെരുമ്പാവൂരിൽ  ഒരു മാസത്തിലേറെയായി വാഹന മോഷണം പതിവാണ്. ഇതിൽ ഇവർക്ക് പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. 

അട്ടിമറിയോ അശ്രദ്ധയോ? 'പെരിന്തൽമണ്ണയിലെ പോസ്റ്റൽ ബാലറ്റുകളിൽ ഒരു കെട്ട് കാണാതായി, അന്വേഷണം വേണം'

അതേ സമയം, മലപ്പുറത്ത് തെളിവില്ലാതെ അവസാനിപ്പിച്ച ബൈക്ക് മോഷണക്കേസിലെ പ്രതിയെ പൊലീസ് ഒരു വര്‍ഷത്തിന് ശേഷം പിടികൂടി. പോര്‍ച്ചില്‍ നിന്നും ബൈക്ക് മോഷ്ടിച്ച കേസിലാണ് പ്രതിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പട്ടാമ്പി ഓങ്ങല്ലൂര്‍ കുന്തക്കാട്ടില്‍ അബൂബക്കര്‍ സിദ്ദീഖ് (37) ആണ് പിടിയിലായത്. തെളിവുകളൊന്നും കിട്ടാതായതോടെ കോടതിയുടെ അനുമതിയോടെ അന്വേഷണം അവസാനിപ്പിച്ച ബൈക്ക് മോഷണക്കേസിലാണ് ട്വിസ്റ്റ് ഉണ്ടായത്.

2021 ഡിസംബര്‍ 26 ന് പരിയാപുരം തട്ടാരക്കാട് മുട്ടത്ത് ജോസഫിന്റെ കാര്‍ പോര്‍ച്ചില്‍ നിര്‍ത്തിയിരുന്ന ബൈക്കാണ് മോഷണം പോയത്.  പരാതിയെ തുടര്‍ന്ന് പൊലീസ് അന്വേഷണം നടത്തിയെങ്കിലും പ്രതിയെക്കുറിച്ച് വിവരമൊന്നും ലഭിച്ചില്ല. തുടര്‍ന്ന് 2022 ജൂലൈ എട്ടിന് കോടതിയുടെ അനുമതിയോടെ അന്വേഷണം അവസാനിപ്പിച്ചു. അതിന് ശേഷമാണ് പ്രധാന ട്വിസ്റ്റ്. ഈ മാസം 17 ന് കോഴിക്കോട് കടലുണ്ടി പാലത്തിനടുത്തുള്ള സിസിടിവി ക്യാമറയില്‍ ബൈക്കിന്റെ ദൃശ്യം പതിഞ്ഞതായി കണ്ടെത്തി.  തുടര്‍ന്ന് ബേപ്പൂര്‍ പൊലീസ് ട്രാഫിക് ക്യാമറകള്‍ കേന്ദ്രീകരിച്ച് വാഹനപരിശോധന നടത്തി ബൈക്ക് സഹിതം പ്രതിയെ പിടിക്കുകയായിരുന്നു.  

 

click me!