
ചെന്നൈ: അജിത്ത് നായകനായി എത്തിയ ചിത്രം വിടാമുയർച്ചിക്ക് സമിശ്ര പ്രതികരണമാണ് ലഭിച്ചത്. വന്‍ ബജറ്റില്‍ ഒരുക്കിയ ചിത്രത്തിന് ആഗോളതലത്തില്‍ 138 കോടി മാത്രമേ ഗ്രോസ് നേടാന്‍ സാധിച്ചുള്ളു. ബോക്സോഫീസില്‍ പരാജയമായി തന്നെയാണ് ചിത്രം വിലയിരുത്തപ്പെടുന്നത്. അജിത്ത് പോലുള്ള ഒരു താരത്തിന് വേണ്ട മാസ് ഘടകങ്ങള്‍ ഒന്നും ചിത്രത്തില്‍ ഇല്ലെന്നാണ് അജിത്ത് ആരാധകര്‍ പോലും മഗിഴ് തിരുമേനി സംവിധാനം ചെയ്ത ചിത്രത്തെ വിലയിരുത്തിയത്.
അതിനാല്‍ തന്നെ അജിത്തിന്റെ അടുത്ത ചിത്രമായ ഗുഡ് ബാഡ് അഗ്ലീയെക്കുറിച്ചുള്ള പ്രതീക്ഷകൾ വർദ്ധിച്ചിരിക്കുകയാണ്. ഈ ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്തതോടെ ഈ ആകാംക്ഷ ഇരട്ടിയായി വര്‍ദ്ധിച്ചിരിക്കുകയാണ്. ആദിക് രവിചന്ദ്രൻ സംവിധാനം ചെയ്ത ഈ ചിത്രം, അജിത്തിനും അദ്ദേഹത്തിന്റെ ആരാധകർക്കും വേണ്ടി സ്പെഷ്യലായി രൂപകൽപ്പന ചെയ്തതാണെന്നാണ് ടീസര്‍ നല്‍കുന്ന സൂചന. അജിത്തിന്‍റെ ഇതുവരെയുള്ള മാസ് ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായ ഒരു അനുഭവം ഇത് നൽകുമെന്ന് പ്രതീക്ഷിക്കുന്നു.
സോഷ്യൽ മീഡിയയിൽ ആരാധകർ വൻതോതിൽ ആഘോഷിച്ച ഈ ടീസർ കെജിഎഫ് ഫ്രാഞ്ചൈസിയുടെ ശൈലിയിലാണ് ഒരുക്കിയിരിക്കുന്നത് എന്നാണ് ചിലര്‍ വിലയിരുത്തുന്നത്. ഇതിൽ അജിത്തിന്റെ സിഗ്നേച്ചർ ഡയലോഗുകൾ ഇങ്ങനെയാണ്
"നാം നല്ലവരായി തുടർന്നാലും, ഈ ലോകം നമ്മെ ചീത്തയാക്കും... ഞാൻ കാണിച്ചുതരാം!"
"ജീവിതത്തിൽ, ചിലപ്പോൾ വേണ്ടെന്ന് കരുതിയ കാര്യങ്ങൾ ചെയ്യേണ്ടി വരും... ബേബി!"
"മൈ ഡാർലിംഗ്സ്, മിസ്സ് യു ഓൾ!"
ദീന, വേതാളം, റെഡ്, അസൽ, മങ്കാത്ത തുടങ്ങിയ അജിത്തിന്‍റെ ഐക്കണിക് ചിത്രങ്ങളിലെ സ്റ്റൈൽ ടീസറിൽ ഉൾച്ചേർത്തിട്ടുണ്ട്. ടീസറില്‍ അജിത്തിന്‍റെ കാർ നമ്പർ "MH05AK63" എന്നത് അജിത്തിന്റെ 63-മത്തെ ചിത്രം എന്ന സൂചനയും "05" അജിത്തിന്‍റെ ജനന മാസമായ മെയ് (മെയ് 1) ആകാമെന്നാണ് പുതിയ കണ്ടെത്തല്‍.
പുഷ്പ നിര്‍മ്മാതാക്കളായ മൈത്രി മൂവി മേക്കേഴ്സ് നിർമ്മിച്ച ഈ ചിത്രത്തിന് ജി.വി. പ്രകാശാണ് സംഗീതം നല്‍കുന്നത്. വന്‍ ബജറ്റിൽ നിർമ്മിച്ച ഈ ചിത്രത്തിൽ തൃഷ, പ്രഭു, പ്രസന്ന, അർജുന്‍ ദാസ്, സുനിൽ, യോഗി ബാബു എന്നിവർ അഭിനയിക്കുന്നുണ്ട്. നെറ്റ്ഫ്ലിക്സ് 95 കോടി നൽകി ചിത്രത്തിന്റെ ഒടിടി അവകാശങ്ങൾ വാങ്ങിയെന്ന് ചില സൂചനകളുണ്ട്.
ടീസർ യൂട്യൂബിൽ റിലീസ് ചെയ്ത് 14 മണിക്കൂറിനുള്ളിൽ 1.8 കോടി വ്യൂസും 6 ലക്ഷത്തോളം ലൈക്കുകളും നേടിയിട്ടുണ്ട്. അതേസമയം, വിടാമുയർച്ചിയുടെ ഒടിടി അവകാശങ്ങൾ വന്‍ തുകയ്ക്ക് നെറ്റ്ഫ്ലിക്സ് വാങ്ങിയിട്ടുണ്ട്. തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ, മലയാളം എന്നീ ഭാഷകളിൽ ചിത്രം മാര്‍ച്ച് 3-ാം തീയതി ഒടിടിയിൽ റിലീസ് ചെയ്തേക്കും എന്നാണ് വിവരം. ഗുഡ് ബാഡ് അഗ്ലീ ഏപ്രിൽ 10-ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും.
'പുഷ്‍പ' നിര്‍മ്മാതാക്കള്‍ക്കൊപ്പം ഹിറ്റടിക്കാന്‍ അജിത്ത് കുമാര്‍; 'ഗുഡ് ബാഡ് അഗ്ലി' ടീസര്‍ എത്തി
പരാജയം മറികടക്കാൻ വൻ നീക്കവുമായി സംവിധായകൻ എസ് ഷങ്കര്‍, സംഭവിച്ചാല്‍ സര്‍പ്രൈസ്