'മാര്‍ക്ക് ആന്‍റണി'യുടെ വിജയത്തിന് ശേഷം അധിക് രവിചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രം
അജിത്ത് കുമാറിനെ നായകനാക്കി അധിക് രവിചന്ദ്രന്‍ സംവിധാനം ചെയ്ത ഗുഡ് ബാഡ് അഗ്ലി എന്ന ചിത്രത്തിന്‍റെ ടീസര്‍ പുറത്തെത്തി. ആക്ഷന്‍ കോമഡി വിഭാഗത്തില്‍ പെടുന്ന ചിത്രം സമീപകാലത്ത് ആരാധകര്‍ കാണാതിരുന്ന തരത്തില്‍ അജിത്തിനെ അവതരിപ്പിക്കുന്ന ചിത്രമായിരിക്കുമെന്നാണ് ടീസര്‍ സൂചിപ്പിക്കുന്നത്. ഒന്നര മിനിറ്റ് ആണ് ടീസറിന്‍റെ ദൈര്‍ഘ്യം. തൃഷ നായികയാവുന്ന ചിത്രത്തില്‍ സുനില്‍, പ്രസന്ന, അര്‍ജുന്‍ ദാസ് തുടങ്ങിയവരും മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ദേവി ശ്രീ പ്രസാദ് ആണ് സംഗീത സംവിധായകന്‍.
രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അജിത്ത് കുമാര്‍ നായകനാവുന്ന രണ്ട് ചിത്രങ്ങളാണ് തുടര്‍ച്ചയായി തിയറ്ററുകളിലേക്ക് എത്തുന്നത്. അതില്‍ ആദ്യത്തെ ചിത്രം, മഗിഴ് തിരുമേനി സംവിധാനം ചെയ്ത വിടാമുയര്‍ച്ചി ഫെബ്രുവരി 6 ന് എത്തിയിരുന്നു. എന്നാല്‍ പ്രേക്ഷകപ്രീതി നേടാന്‍ ചിത്രത്തിന് സാധിച്ചില്ല. ആ കുറവ് അജിത്ത് പുതിയ ചിത്രത്തിലൂടെ നികത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. പുഷ്പ അടക്കമുള്ള മെഗാ ഹിറ്റ് ചിത്രങ്ങള്‍ നിര്‍മ്മിച്ച മൈത്രി മൂവി മേക്കേഴ്സ് ആണ് ഗുഡ് ബാഡ് അഗ്ലി നിര്‍മ്മിക്കുന്നത് എന്നതും ആരാധകരുടെ പ്രതീക്ഷ കൂട്ടുന്നുണ്ട്. ഏപ്രില്‍ 10 നാണ് ചിത്രത്തിന്‍റെ റിലീസ്.
മാര്‍ക്ക് ആന്‍റണിയുടെ വിജയത്തിന് ശേഷം അധിക് രവിചന്ദ്രന്‍റെ സംവിധാനത്തില്‍ എത്തുന്ന ചിത്രമെന്ന നിലയിലും ഈ ചിത്രത്തിന് ഹൈപ്പ് ഉണ്ട്. ഛായാഗ്രഹണം അഭിനന്ദന്‍ രാമാനുജമാണ്. മലയാളത്തില്‍ ആമേന്‍, ബ്രോഡാഡി അടക്കമുള്ള സിനിമകള്‍ക്ക് ക്യാമറ ചലിപ്പിച്ച അഭിനന്ദനായിരുന്നു ആദിക് രവിചന്ദ്രന്‍റെ കഴിഞ്ഞ ചിത്രമായ മാര്‍ക്ക് ആന്‍റണിയുടെയും ഛായാഗ്രഹണം. വിജയ് വേലുക്കുട്ടിയാണ് എഡിറ്റര്‍. അജിത്ത് കുമാറിന്‍റെ കരിയറിലെ 63-ാം ചിത്രമാണ് ഗുഡ് ബാഡ് അഗ്ലി.
ALSO READ : പ്രധാന കഥാപാത്രങ്ങളായി പുതുമുഖങ്ങള്‍; 'കരിമ്പടം' വരുന്നു

