
കഴിഞ്ഞ ഞായറാഴ്ച ആയിരുന്നു ബിഗ് ബോസ് സീസൺ 7ന് തിരശ്ശീല വീണത്. അനുമോളായിരുന്നു സീസൺ വിന്നർ. എന്നാൽ പിആറിന്റെ ബലത്തിലാണ് അനു വിജയിച്ചതെന്ന തരത്തിലുള്ള നിരവധി കമന്റുകളും ട്രോളുകളും സോഷ്യൽ മീഡിയയിൽ നടക്കുന്നുണ്ട്. ഇത് സപ്പോർട്ട് ചെയ്ത് അനുമോള്‍ക്ക് ‘കപ്പ് വാങ്ങിക്കൊടുത്ത’ പിആര്‍ വിനുവിനെയും അഖിൽ മാരാരെയും പരിഹസിച്ച് ശൈത്യ നടത്തിയ പരാമർശം ഏറെ ശ്രദ്ധനേടിയിരുന്നു.
റീ എൻട്രിക്ക് കയറിയവർ മോട്ടിവേറ്റ് ചെയ്യുകയാണെന്ന് വേണ്ടിയിരുന്നതെല്ലാം പറഞ്ഞ അഖിൽ മാരാർ രംഗത്ത് എത്തിയിരുന്നു. ഇത് സൂചിപ്പിച്ച് ആയിരുന്നു ശൈത്യയുടെ പരിഹാസം. "മാരാര്‍ കൊട്ടിയാല്‍ മാക്രി കരയുമായിരിക്കും. പക്ഷേ അഡ്വക്കേറ്റ് ശൈത്യ കരയില്ല. മാരാര്‍ ഇരിക്കുന്ന തട്ട് താണേ ഇരിക്കൂവെന്ന് മാരാരും ഫാന്‍സും പറയുന്നത് കേട്ടിട്ടുണ്ട്. പക്ഷേ തൊപ്പിയുടെ മുന്നില്‍ മാരാരുടെ തട്ട് എത്രത്തോളം താണെന്ന്എല്ലാവരും കണ്ടതാണ്. ഉത്തരം മുട്ടുമ്പോള്‍ മാരാരെ പോലെ റഷ്യന്‍ വിപ്ലവം എടുത്ത് ഇടേണ്ട കാര്യം എനിക്കില്ല", എന്നായിരുന്നു ശൈത്യയുടെ വാക്കുകൾ. ഇതിനിപ്പോൾ അഖിൽ മാരാർ തന്നെ മറുപടി നൽകുകയാണ്.
ശൈത്യയുടെ പേരെടുത്ത് പറയാതെയാണ് മാരാരുടെ മറുപടി. അതും സോഷ്യൽ മീഡിയ സ്റ്റോറികൾ വഴി. ഒരു വിഡ്ഢിയുമായി ഒരിക്കലും തർക്കിക്കരുത്, അവർ നിങ്ങളെ അവരുടെ നിലവാരത്തിലേക്ക് വലിച്ചിടുമെന്നും അഖിൽ കുറിക്കുന്നു. ഒരു പാറക്കല്ലിന് മുകളിൽ വാളുമായി നിന്ന് സിംഹത്തെ വിരട്ടുന്ന തവളയുടെ ഫോട്ടോ പങ്കുവച്ച്, "ഞാൻ പേടിച്ചു. ആരാടെ ഈ മാക്രിയെ തുറന്നുവിട്ടത്", എന്നായിരുന്നു ഒരു സ്റ്റോറി. "ആഹാഹാ പെടയ്ക്കണ മാക്രി", എന്നാണ് മീൻ പിടിക്കുന്ന വീഡിയോ പങ്കുവച്ച് അഖിൽ മറ്റൊരു സ്റ്റോറിയിൽ കുറിച്ചത്.