
ഹൈദരാബാദ്: ചിരഞ്‍ജീവി നായകനായി വേഷമിട്ട് വരാനിരിക്കുന്ന ചിത്രമാണ് വിശ്വംഭര. ചിരഞ്‍ജീവിയുടെ ഒരു ഫാന്റസി ത്രില്ലര്‍ ചിത്രമായിരിക്കും വിശ്വംഭര. സംവിധാനം വസിഷ്‍ഠ മല്ലിഡിയാണ്. ചിരഞ്‍ജിവി നായകനാകുന്ന വിശ്വംഭര എന്ന സിനിമയുടെ അപ്‍ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ്.ചിരഞ്‍ജീവിയുടെ ജന്മദിനത്തിനോട് അനുബന്ധിച്ചാണ് ഫസ്റ്റ്ലുക്ക് പോസ്റ്ററും ചിത്രത്തിന്‍റെ റിലീസ് ഡേറ്റും പ്രഖ്യാപിച്ചത്.
വളരെ വ്യത്യസ്തമായ രീതിയിലുള്ള പര്‍വ്വതത്തില്‍ കയ്യില്‍ ത്രിശൂലവുമായി നില്‍ക്കുന്ന ചിരഞ്‍ജീവിയെയാണ് ഫസ്റ്റ്ലുക്ക് പോസ്റ്ററില്‍ കാണിച്ചിരിക്കുന്നത്. "അന്ധകാരവും തിന്മയും ലോകത്തെ കീഴടക്കുമ്പോൾ, ഒരു ഉജ്ജല നക്ഷത്രം പോരാടാനായി ഉദിക്കും'എന്നാണ് ഫസ്റ്റലുക്കിന്‍റെ ക്യാപ്ഷന്‍. ചിത്രം 2025 ജനുവരി 10ന് റിലീസാകും എന്നാണ് പോസ്റ്ററില്‍ പറയുന്നത്.
ചിരഞ്‍ജീവിയുടെ ജോഡിയായി തൃഷ വിശ്വംഭരയില്‍ അഭിനയിക്കുന്നുണ്ട്. ഊട്ടിയിലാണ് ചിത്രം നിലവില്‍ ചിത്രീകരിക്കുന്നതെന്നാണ് അപ്‍ഡേറ്റ്. ഇഷ ചൗളയും രമ്യ പശുപലേടിയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ ഉണ്ടാകുമെന്നും ഒരു റിപ്പോര്‍ട്ടുണ്ട്. രമ്യ പശുപലേടി ചിരഞ്ജീവിക്കൊപ്പമുള്ള ഒരു ഫോട്ടോ പങ്കുവെച്ചിരുന്നു. വസിഷ്‍ഠ മല്ലിഡിക്കും ചിരഞ്‍ജീവിക്കും നന്ദിയും പറഞ്ഞിരുന്നു രമ്യ.
ഒരു ഫാന്റസി ത്രില്ലറായി വിശ്വംഭരയില്‍ ചിരഞ്‍ജീവി സാധാരണക്കാരനായിട്ടാണ് എത്തുക എന്നും ചിത്രത്തില്‍ ഡോറ ബാബു എന്നായിരിക്കും ചിരഞ്‍ജീവിയുടെ കഥാപാത്രത്തിന്റെ പേര് എന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഗോദാവരി ജില്ലയില്‍ നിന്നുളള ആളാണ് കഥാപാത്രം എന്നതിനാല്‍ അന്നാട്ടിലെ ഭാഷാ ശൈലിയിലായിരിക്കും ചിരഞ്‍ജീവി ഡോറാ ബാബുവായി സംസാരിക്കുക. എങ്ങനെയാണ് ആ സാധാരണ മനുഷ്യൻ ചിത്രത്തില്‍ നായകനായി മാറുന്നത് എന്നതാണ് ആകാംക്ഷയുണര്‍ത്തുന്ന ഘടകം.
ബോളിവുഡ് താരം കുനാൽ കപൂർ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. രംഗ് ദേ ബസന്തി, ഡോൺ 2, ഡിയർ സിന്ദഗി തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു കുനാൽ കപൂർ വിശ്വംഭരയിൽ പ്രധാന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.
വിക്രം, വംശി, പ്രമോദ് എന്നിവരാണ് നിർമാതാക്കൾ. മ്യുസിക്ക് - എം എം കീരവാണി, ഛായാഗ്രഹണം - ചോട്ടാ കെ നായിഡു, പി ആർ ഒ - ശബരി.
ദളപതിയുടെ 'ദ ഗോട്ട്' യുഎ സർട്ടിഫിക്കറ്റോടെ സെൻസർ പാസ്സായി