മോഹന്‍ലാല്‍ കുഞ്ഞാലി മരക്കാരായി എത്തുന്ന ചിത്രം മലയാളത്തിലെ ആദ്യത്തെ 100 കോടി ബജറ്റ് ചിത്രമാണ്

മോഹന്‍ലാലിനെ ടൈറ്റില്‍ കഥാപാത്രമാക്കി താന്‍ സംവിധാനം ചെയ്‍ത 'മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം' 'ബാഹുബലി'യേക്കാള്‍ വലിയ സ്കെയിലിലാണ് ഒരുക്കിയിരിക്കുന്നതെന്ന് പ്രിയദര്‍ശന്‍. ബാഹുബലി ഒരു കല്‍പിത കഥയായിരുന്നെങ്കില്‍ മരക്കാര്‍ യഥാര്‍ഥ ചരിത്രമാണെന്നും പ്രിയദര്‍ശന്‍. എന്‍റര്‍ടെയ്‍ന്‍മെന്‍റ് വെബ്സൈറ്റ് ആയ പിങ്ക് വില്ലയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് പ്രിയന്‍ 'മരക്കാറി'നെക്കുറിച്ച് പറയുന്നത്.

"ഇന്ത്യയുടെ ആദ്യ നേവല്‍ കമാന്‍ഡറിനെക്കുറിച്ചാണ് മരക്കാര്‍ എന്ന ചിത്രം. മികച്ച ചിത്രത്തിനുള്ളതടക്കമുള്ള ദേശീയ പുരസ്‍കാരങ്ങള്‍ ലഭിച്ചു. ജോലികളെല്ലാം തീര്‍ത്ത് ഒന്നര വര്‍ഷത്തോളമായി ഞങ്ങള്‍ ചിത്രം ഹോള്‍ഡ് ചെയ്യുകയാണ്. ഓഗസ്റ്റ് 12ന് റിലീസ് ചെയ്യാനാണ് പദ്ധതി. തിയറ്ററുകളില്‍ ചിത്രം തരംഗമാവുമെന്നാണ് പ്രതീക്ഷ", പ്രിയദര്‍ശന്‍ പറയുന്നു. മരക്കാറില്‍ തനിക്കൊപ്പം മകന്‍ സിദ്ധാര്‍ഥിനും പുരസ്‍കാരം ലഭിച്ചതില്‍ തനിക്ക് ഏറെ സന്തോഷമുണ്ടെന്നും പ്രിയദര്‍ശന്‍. മികച്ച ചിത്രത്തിനുള്ള പുരസ്‍കാരത്തിനൊപ്പം വസ്ത്രാലങ്കാരത്തിനും സ്പെഷല്‍ എഫക്റ്റ്സിനുമുള്ള ദേശീയ പുരസ്‍കാരങ്ങളും ചിത്രം നേടിയിരുന്നു. മരക്കാറിന്‍റെ സ്പെഷല്‍ എഫക്റ്റ്സ് മേല്‍നോട്ടം നിര്‍വ്വഹിച്ചിരിക്കുന്നത് പ്രിയദര്‍ശന്‍റെ മകന്‍ സിദ്ധാര്‍ഥ് ആണ്.

മോഹന്‍ലാല്‍ കുഞ്ഞാലി മരക്കാരായി എത്തുന്ന ചിത്രം മലയാളത്തിലെ ആദ്യത്തെ 100 കോടി ബജറ്റ് ചിത്രമാണ്. പ്രണവ് മോഹന്‍ലാല്‍, അര്‍ജുന്‍, സുനില്‍ ഷെട്ടി, പ്രഭു, മഞ്ജു വാര്യര്‍, സുഹാസിനി, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, ഫാസില്‍, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെന്‍റ്, അശോക് സെല്‍ലന്‍ തുടങ്ങിയവര്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നു. സാബു സിറിള്‍ ആണ് പ്രൊഡക്ഷന്‍ ഡിസൈന്‍. ഛായാഗ്രഹണം തിരു. പ്രിയദര്‍ശനും അനി ഐ വി ശശിയും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. എഡിറ്റിംഗ് അയ്യപ്പന്‍ നായര്‍ എം എസ്. സംഘട്ടനം ത്യാഗരാജന്‍, കസു നെഡ. ചമയം പട്ടണം റഷീദ്. അതേസമയം ഓഗസ്റ്റ് 12ന് ചിത്രം കേരളത്തിലെ മുഴുവന്‍ തിയറ്ററുകളിലും റിലീസ് ചെയ്യാനാണ് പദ്ധതി. മൂന്ന് ആഴ്ചത്തേയ്ക്ക് മറ്റു റിലീസുകള്‍ ഒഴിവാക്കിയുള്ള ഫ്രീ-റണ്ണും ചിത്രത്തിന് ലഭിക്കും.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona