Asianet News MalayalamAsianet News Malayalam

'ഒടിടിയില്‍ ആസ്വദിക്കാനാവുന്ന സിനിമയല്ല മരക്കാര്‍; തിയറ്റര്‍ റിലീസിനു വേണ്ടിയുള്ള കാത്തിരിപ്പില്‍'

"ഒടിടിയിലൂടെ റിലീസ് ചെയ്യപ്പെട്ട പല ചിത്രങ്ങളും ആ പ്ലാറ്റ്ഫോമിനുവേണ്ടി, അതിലെ പ്രേക്ഷകരെ മനസ്സില്‍ കണ്ടുകൊണ്ട് നിര്‍മ്മിക്കപ്പെട്ടവയാണ്"

waiting for theatres to reopen for marakkar release says mohanlal
Author
Thiruvananthapuram, First Published Sep 3, 2021, 1:51 PM IST

കൊവിഡ് പശ്ചാത്തലത്തില്‍ റിലീസ് പലകുറി മാറ്റിവെക്കേണ്ടിവന്ന മലയാളചിത്രങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് 'മരക്കാര്‍: അറബിക്കടലിന്‍റെ സിംഹം'. മലയാളത്തിലെ ആദ്യ 100 കോടി ബജറ്റ് ചിത്രത്തിന്‍റെ അവസാനം പ്രഖ്യാപിക്കപ്പെട്ട റിലീസ് തീയതി ഓഗസ്റ്റ് 12 ആയിരുന്നു. കേരളത്തിലും തമിഴ്നാട്ടിലും മൂന്നാഴ്ചത്തെ ഫ്രീ റണ്‍ ഉള്‍പ്പെടെ തിയറ്ററുടമകള്‍ വാഗ്‍ദാനം ചെയ്‍തിരുന്നെങ്കിലും തിയറ്ററുകള്‍ അടഞ്ഞുകിടന്ന സാഹചര്യത്തില്‍ ചിത്രം വീണ്ടും മാറ്റിവെക്കുകയായിരുന്നു. ചിത്രം അനിശ്ചിതമായി നീണ്ടുപോകുന്ന സാഹചര്യത്തില്‍ അണിയറക്കാര്‍ ഒടിടി റിലീസിലേക്ക് നീങ്ങുമോ എന്ന് സോഷ്യല്‍ മീഡിയയില്‍ ഒരു സമയത്ത് ചര്‍ച്ച ഉയര്‍ന്നിരുന്നു. എന്നാല്‍ ചിത്രം തിയറ്ററുകളില്‍ത്തന്നെ റിലീസ് ചെയ്യാനാണ് താല്‍പര്യമെന്ന് പ്രിയദര്‍ശന്‍ പ്രതികരിച്ചിരുന്നു. ഇപ്പോഴിതാ മോഹന്‍ലാലും ഈ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ്.

റെഡിഫ് ഡോട്ട് കോമിന് നല്‍കിയ അഭിമുഖത്തില്‍ സിനിമയുടെ ഭാവി ഒടിടിയില്‍ ആണോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മോഹന്‍ലാല്‍. "വലിയ സ്ക്രീനിനുവേണ്ടിയുള്ള മാധ്യമമാണ് സിനിമ. ചലച്ചിത്ര നിര്‍മ്മാണത്തിനുള്ള സാങ്കേതികവിദ്യകളിലൊക്കെ വിപ്ലവകരമായ മാറ്റം നടന്നിട്ടുണ്ട്. ഒടിടി തീര്‍ച്ഛയായും സിനിമകളുടെ വളര്‍ന്നുകൊണ്ടിരിക്കുന്ന ഒരു മാര്‍ക്കറ്റ് ആണ്. ഒടിടിയിലൂടെ റിലീസ് ചെയ്യപ്പെട്ട പല ചിത്രങ്ങളും ആ പ്ലാറ്റ്ഫോമിനുവേണ്ടി, അവിടുത്തെ പ്രേക്ഷകരെ മനസ്സില്‍ കണ്ടുകൊണ്ട് നിര്‍മ്മിക്കപ്പെട്ടവയാണ്. പക്ഷേ തിയറ്ററുകള്‍ തീര്‍ച്ഛയായും തിരിച്ചുവരും. മരക്കാര്‍ ഒരു ബിഗ് ബജറ്റ് പിരീഡ് സിനിമയാണ്. ഒടിടി പ്ലാറ്റ്ഫോമുകളില്‍ റിലീസ് ചെയ്‍ത്, ചെറിയ സ്ക്രീനുകളിലൂടെ ആസ്വദിക്കാവുന്ന ചിത്രമല്ല അത്. 600 തിയറ്ററുകള്‍ 21 ദിവസത്തെ ഫ്രീ-റണ്‍ തരാമെന്നേറ്റ ചിത്രവുമാണ് അത്. അതിനാല്‍ റിലീസ് ചെയ്യാനുള്ള സമയത്തിനുവേണ്ടി ക്ഷമയോടെ കാത്തിരിക്കുകയാണ് ഞങ്ങള്‍. അത് സംഭവിക്കും. പ്രതീക്ഷിക്കുന്നതിനേക്കാള്‍ വേഗത്തില്‍ അത് സംഭവിക്കുകയും ചെയ്യും. സിനിമ തിയറ്ററുകളിലേക്ക് തിരിച്ചുവന്നേ തീരൂ", മോഹന്‍ലാല്‍ പറയുന്നു.

waiting for theatres to reopen for marakkar release says mohanlal

 

ചിത്രം തിയറ്ററുകളില്‍ത്തന്നെ റിലീസ് ചെയ്യണമെന്ന കാര്യത്തില്‍ താനും മോഹന്‍ലാലും നിര്‍മ്മാതാവ് ആയ ആന്‍റണി പെരുമ്പാവൂരും ഒരേ അഭിപ്രായക്കാരാണെന്ന് നേരത്തെ പ്രിയദര്‍ശന്‍ പറഞ്ഞിരുന്നു- "ഒരു ബിഗ് ബജറ്റ് ചിത്രമാണ് മരക്കാര്‍. ബിഗ് സ്ക്രീനില്‍ തന്നെ ആസ്വദിക്കപ്പെടേണ്ട ചിത്രം. ഇനിയൊരു ആറ് മാസം കൂടി കാത്തിരിക്കേണ്ടിവന്നാലും തിയറ്റര്‍ റിലീസ് തന്നെയായിരിക്കും മരക്കാര്‍. മരക്കാര്‍ പോലെ ഒരു വലിയ ചിത്രം ഡിജിറ്റലില്‍ എത്തുംമുന്‍പ് തിയറ്ററില്‍ റിലീസ് ചെയ്യണമെന്ന കാര്യത്തില്‍ ഒരേ അഭിപ്രായക്കാരാണ് ഞാനും മോഹന്‍ലാലും ആന്‍റണി പെരുമ്പാവൂരും", എന്നായിരുന്നു പ്രിയദര്‍ശന്‍റെ വാക്കുകള്‍.

മോഹന്‍ലാല്‍ കുഞ്ഞാലി മരക്കാരായി എത്തുന്ന ചിത്രം പ്രഖ്യാപന സമയം മുതല്‍ പ്രേക്ഷകരില്‍ ആകാംക്ഷ ഉണര്‍ത്തിയ ഒന്നാണ്. പ്രണവ് മോഹന്‍ലാല്‍, അര്‍ജുന്‍, സുനില്‍ ഷെട്ടി, പ്രഭു, മഞ്ജു വാര്യര്‍, സുഹാസിനി, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, ഫാസില്‍, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെന്‍റ്, അശോക് സെല്‍ലന്‍ തുടങ്ങിയവര്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നു. സാബു സിറിള്‍ ആണ് പ്രൊഡക്ഷന്‍ ഡിസൈന്‍. ഛായാഗ്രഹണം തിരു. പ്രിയദര്‍ശനും അനി ഐ വി ശശിയും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. എഡിറ്റിംഗ് അയ്യപ്പന്‍ നായര്‍ എം എസ്. സംഘട്ടനം ത്യാഗരാജന്‍, കസു നെഡ. ചമയം പട്ടണം റഷീദ്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios