
ആരോഗ്യകരമായ ഗർഭധാരണം ഉറപ്പാക്കുന്നതിൽ ശരിയായ പോഷകാഹാരം നിർണായക പങ്ക് വഹിക്കുന്നു. ഇത് അമ്മയ്ക്കും കുഞ്ഞിനും ഒരു പോലെ സഹായകമാണ്. നല്ല സമീകൃതാഹാരം ഗർഭകാല പ്രമേഹം, പ്രീക്ലാമ്പ്‌സിയ, കുറഞ്ഞ ജനന ഭാരം തുടങ്ങിയ സങ്കീർണതകൾക്കുള്ള സാധ്യതയും കുറയ്ക്കുന്നു.
ഗർഭകാലത്ത് നട്സും ഡ്രൈ ഫ്രൂട്ട്സും കഴിക്കുന്നത് നിരവധി ആരോഗ്യഗുണങ്ങൾ നൽകുന്നു. ഇവ പോഷകസമൃദ്ധവും കുഞ്ഞിന്റെ തലച്ചോറിന്റെ വികാസത്തിന് അത്യന്താപേക്ഷിതമായ ഒമേഗ-3, ഒമേഗ-6 ഫാറ്റി ആസിഡുകൾ പോലുള്ള ആരോഗ്യകരമായ കൊഴുപ്പുകളും നൽകുന്നു.
ഗർഭകാലത്ത് അത്യാവശ്യമായ പ്രോട്ടീൻ, നാരുകൾ, വിറ്റാമിനുകൾ, മഗ്നീഷ്യം, ഫോളേറ്റ് തുടങ്ങിയ ധാതുക്കളും നട്‌സിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. മാത്രമല്ല, ഇവയിലെ നാരുകൾ ദഹനത്തെ സഹായിക്കുകയും ഗർഭകാലത്ത് ഒരു സാധാരണ പ്രശ്നമായ മലബന്ധം തടയാൻ സഹായിക്കുകയും ചെയ്യും.
ഗർഭകാലത്ത് ഭക്ഷണത്തിൽ നട്‌സും ഡ്രൈ ഫ്രൂട്ട്‌സും കഴിക്കുന്നതിന് ചില രീതിയികളുണ്ടെന്ന് ഗൈനക്കോളജിസ്റ്റായ ഡോ. അഞ്ജലി കുമാർ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച വീഡിയോയിൽ പറയുന്നു. ആദ്യ ത്രിമാസത്തിലോ ഗർഭകാലത്തെ മറ്റേതെങ്കിലും സമയത്തോ ഡ്രൈ ഫ്രൂട്ട്‌സ് കഴിക്കുന്നത് രക്തസ്രാവത്തിനോ ഗർഭഛിദ്രത്തിനോ കാരണമാകില്ല. ഡ്രൈ ഫ്രൂട്ട്‌സ് ഗർഭകാലത്ത് സുരക്ഷിതവും പ്രയോജനകരവുമാണെന്ന് അവർ പറയുന്നു.
ബദാം പോലുള്ള നട്സുകൾ കുതിർത്തില്ലെങ്കിൽ വലിയ അളവിൽ ദഹിക്കാൻ പ്രയാസമാകുമെന്നതിനാൽ രാത്രി മുഴുവൻ അവ കുതിർക്കുക. ശേഷം രാവിലെ കഴിക്കുന്നതാണ് കൂടുതൽ നല്ലത്.
വലിയ അളവിൽ നട്സ് കഴിക്കുന്നത് വയറു വീർക്കുന്നതിനും അസിഡിറ്റിക്കും കാരണമാകും. ഇത് അസ്വസ്ഥതയുണ്ടാക്കുമെങ്കിലും കുഞ്ഞിന് ദോഷകരമല്ല. അതിനാൽ മിതമായി മാത്രം കഴിക്കുകയാണ് വേണ്ടതെന്ന് ഡോ. അഞ്ജലി കുമാർ പറയുന്നു. മറ്റൊരു കാര്യം
ന്ടസ് കഴിക്കുമ്പോൾ അളവ് പ്രത്യേകം ശ്രദ്ധിക്കുക. ഉണങ്ങിയ പഴങ്ങളിൽ കലോറി കൂടുതലാണ്. അതിനാൽ ഒരു ദിവസം ഒരു ചെറിയ പിടി മാത്രം കഴിക്കുക. ഉപ്പിട്ടതോ പഞ്ചസാര ചേർത്തതോ ആയവ ഒഴിവാക്കുന്നതാണ് നല്ലതെന്നും അവർ പറയുന്നു.