
കാലിഫോര്‍ണിയ: ആപ്പിൾ ഐഫോൺ 17 സീരീസിന്‍റെ ലോഞ്ച് സെപ്റ്റംബറിൽ നടക്കാൻ പോകുകയാണ്. കുപെർട്ടിനോയിലെ ആപ്പിൾ പാർക്കിലാണ് പരിപാടി നടക്കുക. ആപ്പിളിന്റെ യൂട്യൂബ് ചാനലായ ആപ്പിൾ ഡോട്ട് കോം, ആപ്പിൾ ടിവി എന്നിവയില്‍ ലോഞ്ച് ഇവന്‍റ് തത്സമയം സംപ്രേഷണം ചെയ്യും. ഈ പരിപാടിയിൽ ആപ്പിൾ മറ്റ് ചില ഡിവൈസുകളും പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇതാ ആപ്പിൾ ലോഞ്ച് ഇവന്‍റിൽ പ്രതീക്ഷിക്കാവുന്ന ചില ഡിവൈസുകളെക്കുറിച്ച് അറിയാം.
ഐഫോൺ 17 ഉം ഐഫോൺ 17 എയറും
ആപ്പിൾ ഒരു അൾട്രാ-നേർത്ത ഐഫോൺ മോഡൽ പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് ഐഫോൺ 17 എയർ എന്ന് വിളിക്കപ്പെടുമെന്നാണ് റിപ്പോര്‍ട്ട്. ഈ പുതിയ മോഡൽ നിരയിൽ ചേരും. പക്ഷേ ഒരു സ്റ്റാൻഡേർഡ് മോഡലായിട്ടാണ് എത്തുന്നത്. ഐഫോൺ 17-ലും ഐഫോൺ 17 എയറിലും 120 ഹെര്‍ട്‌സ് ഡിസ്‌പ്ലേയും എ19 ചിപ്പും ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എയർ മോഡലിന് 5.65 എംഎം കനമുള്ള മെലിഞ്ഞ ഡിസൈൻ ഉണ്ടായിരിക്കും. അതേസമയം, ഐഫോൺ 17ന് അതിന്‍റെ മുൻഗാമിയുടെ അതേ ഡിസൈൻ നിലനിർത്താൻ കഴിയും.
ഐഫോൺ 17 പ്രോ, 17 പ്രോ മാക്സ്
ഐഫോൺ 17 പ്രോ മോഡലുകൾക്ക് പ്രകടനം, ക്യാമറ, ബാറ്ററി ലൈഫ് എന്നിവയിൽ വലിയ അപ്‌ഗ്രേഡുകൾ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. രണ്ട് മോഡലുകളിലും 12 ജിബി റാമുമായി ജോടിയാക്കിയ എ19 പ്രോ ചിപ്പ് ഉണ്ടായിരിക്കുമെന്നാണ് പ്രതീക്ഷ. സ്‍മാർട്ട്‌ഫോണുകൾക്ക് 8എക്സ് ഒപ്റ്റിക്കൽ സൂമും 8 കെ വീഡിയോ റെക്കോർഡിംഗ് ശേഷിയും വാഗ്‌ദാനം ചെയ്യാൻ കഴിയുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കൂടാതെ, ഐഫോൺ 17 പ്രോ മാക്‌സിന്റെ ബാറ്ററി 5000 എംഎഎച്ച് വരെ എത്താം.
ആപ്പിൾ വാച്ച് സീരീസ് 11
പുതിയ തലമുറ ആപ്പിൾ വാച്ച് ഒരു കോംപാക്റ്റ് ഡിസൈനോടെയാണ് വരുമെന്ന് പ്രതീക്ഷിക്കുന്നത്. എന്നാൽ കൂടുതൽ മികച്ച അപ്‌ഗ്രേഡുകൾ ലഭിക്കും. ആപ്പിൾ വാച്ച് 11ന് 5ജി കണക്റ്റിവിറ്റിക്കായി എസ്11 ചിപ്പും മീഡിയടെക് മോഡം ചിപ്പും ഉണ്ടായിരിക്കും. ഫിറ്റ്‌നസ് പരിശീലകനായി എഐ പവർഡ് വർക്ക്ഔട്ട് ബഡ്ഡി, സ്‍മാർട്ട് നോട്ടിഫിക്കേഷൻ, റിസ്റ്റ് ഫ്ലിക്ക് ജെസ്റ്ററുകൾ എന്നിവയും സ്മാർട്ട് വാച്ചിൽ ലഭിക്കുമെന്ന് കിംവദന്തിയുണ്ട്.
ആപ്പിൾ വാച്ച് അൾട്രാ 3
ആപ്പിൾ വാച്ച് അൾട്രാ മോഡലും പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു. വാച്ചിനെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യം വളരെ കുറവാണെങ്കിലും, വൈഡ് ആംഗിൾ ഒഎൽഇഡി ഡിസ്‌പ്ലേ ഇതിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. കൂടാതെ അടിയന്തര കോൺടാക്റ്റിനായി സാറ്റ്ലൈറ്റ് കണക്റ്റിവിറ്റിയും ഇതിന് ലഭിച്ചേക്കാം. ആപ്പിൾ വാച്ച് അൾട്രാ 3 ന് പുതിയ ചിപ്പും ആരോഗ്യ നിരീക്ഷണ സവിശേഷതകളും ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഈ ഉൽപ്പന്നങ്ങൾക്ക് പുറമേ, എയർപോഡ്‍സ് പ്രോ 3, ആപ്പിൾ ടിവി 4കെ സ്ട്രീമിംഗ് ഡിവൈസ്, ഹോംപോഡ് 3 തുടങ്ങിയവയും സെപ്റ്റംബറിലെ ഈ ലോഞ്ച് ഇവന്‍റിൽ ആപ്പിൾ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.