8000 എംഎഎച്ച് ബാറ്ററിയുമായി റിയൽമി 16ടി ഇന്ത്യയിൽ; 50എംപി ക്യാമറയും 144 ഹെര്‍ട്‌സ് ഡിസ്പ്ലേയും പ്രധാന ആകർഷണം

Published : May 23, 2026, 10:30 AM IST
Realme 16T 5G

Synopsis

ചൈനീസ് ബ്രാൻഡായ റിയൽമി, പുതിയ റിയൽമി 16ടി സ്മാർട്ട്ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ചു. 8,000 എംഎഎച്ച് ബാറ്ററി, 144 ഹെർട്സ് റിഫ്രഷ് റേറ്റുള്ള ഡിസ്‌പ്ലേ, മീഡിയാടെക് ഡൈമെൻസിറ്റി 6300 പ്രോസസർ എന്നിവയാണ് പ്രധാന ആകർഷണങ്ങൾ. 29,999 രൂപ മുതൽ വില ആരംഭിക്കുന്ന ഫോൺ മൂന്ന് വേരിയന്റുകളിൽ ലോഞ്ച് ഓഫറുകളോടെ ലഭ്യമാണ്.

ദില്ലി: സ്‍മാർട്ട്ഫോൺ വിപണിയിൽ വീണ്ടും ശ്രദ്ധ നേടാനൊരുങ്ങി ചൈനീസ് ബ്രാൻഡായ റിയൽമി. കമ്പനി ഇന്ത്യയിൽ പുതിയതായി അവതരിപ്പിച്ച റിയൽമി 16ടി സ്‍മാർട്ട്ഫോൺ ശക്തമായ ബാറ്ററിയും ഉയർന്ന റിഫ്രഷ് റേറ്റുള്ള ഡിസ്പ്ലേയും എഐ അടിസ്ഥാനമാക്കിയ ക്യാമറ സവിശേഷതകളും ഉൾക്കൊള്ളുന്ന മിഡ്-റേഞ്ച് ഫോണായി ശ്രദ്ധ നേടുകയാണ്. ഈ ഫോണിന് ദൈർഘ്യമേറിയ ബാറ്ററി ലൈഫും കരുത്തുറ്റ ബിൽഡ് ക്വാളിറ്റിയും പ്രധാന ആകർഷണങ്ങളാണ്.

റിയൽമി 16ടി സ്റ്റോറേജ് വേരിയന്‍റുകളും വിലയും

റിയൽമി 16ടി മൂന്ന് വേരിയന്‍റുകളിലാണ് ഇന്ത്യയിൽ ലഭ്യമാകുന്നത്. 6 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന് 29,999 രൂപയാണ് വില. 8 ജിബി + 128 ജിബി മോഡലിന് 31,999 രൂപയും 8 ജിബി + 256 ജിബി മോഡലിന് 34,999 രൂപയുമാണ് വില നിശ്ചയിച്ചിരിക്കുന്നത്. സ്റ്റാർലൈറ്റ് ബ്ലാക്ക്, സ്റ്റാർലൈറ്റ് ബ്ലൂ, സ്റ്റാർലൈറ്റ് റെഡ് എന്നീ മൂന്ന് നിറങ്ങളിൽ ഫോൺ ലഭ്യമാകും. ഫ്ലിപ്‌കാർട്ടിലും റിയൽമിയുടെ ഔദ്യോഗിക വെബ്സൈറ്റിലും ഫോൺ വിൽപ്പനയ്ക്ക് എത്തും.

ലോഞ്ച് ഓഫറിന്‍റെ ഭാഗമായി ക്രെഡിറ്റ് കാർഡ് ഇഎംഐ ഇടപാടുകൾക്ക് 3,000 രൂപ വരെ ഇൻസ്റ്റന്‍റ് ഡിസ്‍‌കൗണ്ടും ചില ബാങ്ക് യുപിഐ ഇടപാടുകൾക്ക് 2,000 രൂപ വരെ ഇളവും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ 12 മാസം വരെ നോ-കോസ്റ്റ് ഇഎംഐ സൗകര്യവും നിലവിലെ റിയൽമി ഉപയോക്താക്കൾക്ക് 1,000 രൂപയുടെ അധിക ആനുകൂല്യവും ലഭിക്കും. മെയ് 26 വരെ പ്രീ-ബുക്കിംഗ് തുടരും. ആദ്യ വിൽപ്പന മെയ് 27-ന് ഉച്ചയ്ക്ക് 12 മണിക്ക് ആരംഭിക്കും.

റിയൽമി 16ടി ഫോണിന്‍റെ പ്രധാന സവിശേഷതകളിൽ ഒന്നാണ് 6.8 ഇഞ്ച് വലുപ്പമുള്ള എൽസിഡി ഡിസ്പ്ലേ. 144 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റ് പിന്തുണയ്ക്കുന്ന ഈ സ്ക്രീൻ ഗെയിമിംഗിനും വീഡിയോ കാണുന്നതിനും മികച്ച അനുഭവം നൽകുമെന്ന് കമ്പനി അവകാശപ്പെടുന്നു. 1,200 നിറ്റ് വരെ ബ്രൈറ്റ്നസ് ലഭിക്കുന്നതിനാൽ സൂര്യപ്രകാശത്തിലും സ്‌ക്രീൻ വ്യക്തമായി കാണാൻ സാധിക്കും. ഐ പ്രൊട്ടക്ഷൻ മോഡ്, ഡാർക്ക് മോഡ്, ഓട്ടോ ബ്രൈറ്റ്നസ് അഡ്‌ജസ്റ്റ്മെന്‍റ് എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്.

മീഡിയാടെക് ഡൈമെൻസിറ്റി 6300 പ്രോസസറാണ് റിയൽമി 16ടിക്ക് കരുത്ത് പകരുന്നത്. 8 ജിബി വരെ LPDDR4X റാമും 256 ജിബി വരെ യുഎഫ്‌എസ് 2.2 സ്റ്റോറേജും ഫോണിൽ ലഭ്യമാണ്. ആൻഡ്രോയ്‌ഡ് 16 അടിസ്ഥാനമാക്കിയ റിയൽമി യുഐ 7 ഉപയോഗിച്ചാണ് ഫോൺ പ്രവർത്തിക്കുന്നത്. സ്പ്ലിറ്റ് സ്ക്രീൻ, ഫ്ലോട്ടിംഗ് വിൻഡോ, സ്ക്രീൻ റെക്കോർഡിംഗ്, ഐഓഎസ് ഫയൽ ഷെയറിംഗ് തുടങ്ങിയ നിരവധി സോഫ്‌റ്റ്‌വെയര്‍ സവിശേഷതകളും ഇതിലുണ്ട്.

റിയൽമി 16ടി ക്യാമറ, ബാറ്ററി, മറ്റ് സവിശേഷതകള്‍

ഫോട്ടോഗ്രഫിക്കായി 50 മെഗാപിക്സൽ സോണി ഐഎംഎക്‌സ്852 പ്രധാന ക്യാമറയാണ് ഫോണിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിന് പുറമെ 2-മെഗാപിക്‌സൽ മോണോക്രോം സെൻസറും നൽകിയിട്ടുണ്ട്. എഐ പോർട്രെയിറ്റ് ഗ്ലോ, എഐ ഇൻസ്റ്റന്‍റ് ക്ലിപ്പ് തുടങ്ങിയ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് അടിസ്ഥാനമാക്കിയ ഫീച്ചറുകൾ ചിത്രങ്ങളുടെ നിറവും ഡൈനാമിക് റേഞ്ചും മെച്ചപ്പെടുത്താൻ സഹായിക്കും. സെൽഫികൾക്കായി 16-മെഗാപിക്‌സൽ ഫ്രണ്ട് ക്യാമറയും നൽകിയിട്ടുണ്ട്. പ്രത്യേക സെൽഫി മിറർ സംവിധാനത്തിലൂടെ പിൻ ക്യാമറ ഉപയോഗിച്ച് പോലും മികച്ച സെൽഫികൾ എടുക്കാൻ സാധിക്കും.

8,000 എംഎഎച്ച് ശേഷിയുള്ള വമ്പൻ ബാറ്ററിയാണ് റിയൽമി 16ടിയുടെ ഏറ്റവും വലിയ ഹൈലൈറ്റ്. 45 വാട്‌സ് സൂപ്പർവൂക്ക് ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള ഈ ഫോൺ ഒരു പൂർണ്ണ ചാർജിൽ മൂന്ന് ദിവസം വരെ ഉപയോഗിക്കാമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ബൈപാസ് ചാർജിംഗ്, റിവേഴ്‌സ് വയർഡ് ചാർജിംഗ് എന്നിവയും ഫോണിൽ ലഭ്യമാണ്.

ഐപി69 വാട്ടർ-ഡസ്റ്റ് റെസിസ്റ്റൻസ്, മിലിറ്ററി ഗ്രേഡ് ഷോക്ക് പ്രൊട്ടക്ഷൻ, പാൻഡ ഗ്ലാസ് സുരക്ഷ, വേഫർ ചേംബർ കൂളിംഗ് സിസ്റ്റം എന്നിവയും ഫോണിന്‍റെ ദൈർഘ്യമേറിയ ഉപയോഗത്തിന് സഹായകമാകും. 5ജി, ബ്ലൂടൂത്ത് 5.3, ഹൈ-റസ് ഓഡിയോ, വിവിധ പ്രീമിയം ഓഡിയോ കോഡെക്കുകൾ എന്നിവയും ഫോണിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വലിയ ബാറ്ററിയും ശക്തമായ ക്യാമറയും കരുത്തുറ്റ ഡിസൈനും ഒരുമിച്ച് തേടുന്ന ഉപയോക്താക്കൾക്ക് റിയൽമി 16ടി മികച്ചൊരു ഓപ്ഷനാകുമെന്നാണ് ടെക് ലോകത്തിന്‍റെ ആദ്യ പ്രതികരണം.

 

PREV
Read more Articles on
click me!

Recommended Stories

സാംസങും ഗൂഗിളും ചേർന്ന് പുതിയ എഐ അധിഷ്‌ഠിത സ്‌മാർട്ട് കണ്ണട അവതരിപ്പിച്ചു
8000 എംഎഎച്ച് ബാറ്ററിയും 200എംപി ക്യാമറയും; ഷവോമി 17 മാക്‌സ് വിപണിയിൽ