
ഫ്ളാക്സ് സീഡ് വെള്ളം പതിവായി കുടിക്കുന്നത് നിരവധി രോഗങ്ങളെ അകറ്റി നിർത്തും. ഫ്ളാക്സ് സീഡുകളിൽ ലയിക്കുന്നതും ലയിക്കാത്തതുമായ നാരുകൾ അടങ്ങിയിട്ടുണ്ട്. ലയിക്കുന്ന നാരുകൾ മലത്തെ മൃദുവാക്കി, വിസർജ്ജനം എളുപ്പമാക്കുന്നു. രാവിലെ വെറും വയറ്റില്‍ ഫ്ളാക്സ് സീഡ് വെള്ളം കുടിക്കുന്നത് ദഹനവ്യവസ്ഥയെ മെച്ചപ്പെടുത്തുകയും മലബന്ധം പോലുള്ള പ്രശ്നങ്ങളെ തടയുകയും ചെയ്യും. കൂടാതെ കുടലിന്റെ ആരോഗ്യം സംരംക്ഷിക്കുകയും ചെയ്യും.
രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൂടുതലായിരിക്കുന്നത് ടൈപ്പ് 2 പ്രമേഹം പോലുള്ള ഏതെങ്കിലും രോഗത്തിന്റെ സൂചനയാകാം. അമിതഭാരം രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. ഫ്ളാക്സ് സീഡ് വെള്ളം കുടിക്കുന്നത് ഇതിനെ പ്രതിരോധിക്കാൻ സഹായിച്ചേക്കാം. കൂടാതെ, ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്താനും സഹായിക്കും.
ഫ്ളാക്സ് സീഡിലുള്ള ലയിക്കുന്ന നാരുകളിൽ ഭൂരിഭാഗവും 'മ്യൂസിലേജ്' (mucilage) ആണ്. വെള്ളവുമായി ചേരുമ്പോൾ മ്യൂസിലേജ് ജെൽ പോലെയുള്ള ഒരു അവസ്ഥ കൈവരിക്കുന്നു. ഇത് ആമാശയത്തിലൂടെയും കുടലിലൂടെയും ഭക്ഷണം കടന്നുപോകുന്നതിന്റെ വേഗത കുറയ്ക്കുകയും വയർ നിറഞ്ഞതായി കൂടുതൽ നേരം തോന്നിപ്പിക്കുകയും ചെയ്യുന്നു.
ഒമേഗ-3 ഫാറ്റി ആസിഡുകൾ ഹൃദ്രോഗത്തെയും പക്ഷാഘാതത്തെയും തടയാൻ സഹായിക്കുന്ന പോളിഅൺസാച്ചുറേറ്റഡ് കൊഴുപ്പുകളാണ്. ഫ്ളാക്സ് സീഡിൽ ഒമേഗ-3 ഫാറ്റി ആസിഡായ ആൽഫ-ലിനോലെനിക് ആസിഡ് (ALA) ധാരാളം അടങ്ങിയിട്ടുണ്ട്. ഉയർന്ന കൊളസ്ട്രോൾ അളവും ടൈപ്പ് 2 പ്രമേഹം, പക്ഷാഘാതം എന്നിവയ്ക്കുള്ള സാധ്യതയും കുറയ്ക്കാൻ ALA സഹായിച്ചേക്കാം.
ഫ്ളാക്സ് സീഡുകളിലെ ഉയർന്ന അളവിലുള്ള നാരുകൾ വൻകുടൽ അർബുദത്തിനുള്ള (colorectal cancer) സാധ്യത കുറയ്ക്കാൻ സഹായിക്കും. നിങ്ങൾ കഴിക്കുന്ന നാരുകളുടെ അളവിൽ ഓരോ 10 ഗ്രാം വർദ്ധനവുണ്ടാകുമ്പോഴും വൻകുടൽ അർബുദത്തിനുള്ള സാധ്യത 7 ശതമാനം കുറയ്ക്കുന്നു. സ്തനാർബുദം വരാതെ സംരക്ഷിക്കുക, സ്തനാർബുദമുള്ളവരിൽ മരണസാധ്യത കുറയ്ക്കുക, ട്യൂമറിന്റെ വളർച്ച കുറയ്ക്കുക എന്നിവയ്ക്കെല്ലാം ഫ്ളാക്സ് സീഡ് മികച്ചതാണ്.
ഫ്ളാക്സ് സീഡ് വെള്ളം രക്തസമ്മർദ്ദവും കൊളസ്ട്രോളും കുറയ്ക്കാൻ സഹായിക്കും. പ്രത്യേകിച്ചും ഇവ 12 ആഴ്ചയോ അതിൽ കൂടുതലോ കാലയളവിൽ കഴിക്കുമ്പോൾ. ഉയർന്ന രക്തസമ്മർദ്ദവും കൊളസ്ട്രോളും ഹൃദ്രോഗത്തിനുള്ള പ്രധാന അപകടഘടകങ്ങളാണ്. "നല്ല" കൊളസ്ട്രോൾ എന്നറിയപ്പെടുന്ന ഹൈ-ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ (HDL) കൊളസ്ട്രോളിന്റെ അളവും വർദ്ധിച്ചേക്കാം.
കുടവയര്‍ കുറയ്ക്കാനും ശരീരഭാരത്തെ നിയന്ത്രിക്കാനും ഇവ ഗുണം ചെയ്യും. ഫൈബര്‍ ധാരാളം അടങ്ങിയ ചണവിത്തുകള്‍ ശരീരത്തില്‍ കൊഴുപ്പ് അടിയുന്നത് തടയും. ഒപ്പം ഇവ വിശപ്പിനെ നിയന്ത്രിക്കുകയും ചെയ്യും.
ശ്രദ്ധിക്കേണ്ട കാര്യം സുരക്ഷിതമായ അളവിൽ മാത്രം ഉപയോഗിക്കുക. ഏകദേശം ഒരു കപ്പ് (250 മില്ലി) വെള്ളത്തിൽ കുതിർത്ത 1 മുതൽ 2 ടേബിൾസ്പൂൺ വരെ ഫ്ലാക്സ് സീഡുകൾ മാത്രമേ ഒരു ദിവസം ഉപയോഗിക്കാവൂ എന്ന് ആരോഗ്യ വിദഗ്ധരും നിർദ്ദേശിക്കുന്നു.