
പ്രോട്ടീൻ ധാരാളമായി അടങ്ങിയ ഭക്ഷണമാണ് മുട്ട. സമീകൃതാഹാരത്തിന്റെ ഭാഗമായി ദിവസവും ഒന്നോ രണ്ടോ മുട്ടകൾ കഴിക്കുന്നത് സുരക്ഷിതമായി കണക്കാക്കുന്നതായി ആരോഗ്യ വിദഗ്ധർ പറയുന്നു. ഒമേഗ ഡിഎച്ച്എ, ഇപിഎ, വിറ്റാമിൻ ഡി3, ബി12, സെലിനിയം, വിറ്റാമിൻ എ, ഇ എന്നിവയാൽ സമ്പുഷ്ടമായ പോഷക സമ്പുഷ്ടമായ മുട്ട തലച്ചോറിന്റെ ആരോഗ്യത്തിന് സഹായിക്കുന്നു. ഈ പോഷകങ്ങൾ പ്രതിരോധശേഷി, തലച്ചോറിന്റെ വികസനം, ഹൃദയാരോഗ്യം, പേശികളുടെയും അസ്ഥികളുടെയും ശക്തി എന്നിവയ്ക്ക് സഹായിക്കുന്നു.
മെറ്റബോളിസത്തിനും വൈജ്ഞാനിക പ്രവർത്തനത്തിനും പ്രധാനമായ ഇരുമ്പ്, സിങ്ക്, കോളിൻ തുടങ്ങിയ അവശ്യ സൂക്ഷ്മ പോഷകങ്ങളും നൽകുന്നു. മിതമായ അളവിൽ ദിവസവും കഴിക്കുമ്പോൾ മുട്ട ഏറെ ആരോഗ്യകരമാണ്.
വളരെയധികം മുട്ട കഴിക്കുന്നത് ശരീരത്തിലെ ചീത്ത കൊളസ്ട്രോളിന്റെ അളവ് വര്‍ദ്ധിപ്പിക്കുമെന്ന് പലരും കരുതുന്നു. മുട്ടയുടെ മഞ്ഞക്കരുവില്‍ ഉയര്‍ന്ന അളവില്‍ കൊളസ്ട്രോള്‍ അടങ്ങിയതാണ് ഇതിന് കാരണം. ഒരു മുട്ടയുടെ മഞ്ഞക്കരുവില്‍ ഏകദേശം 200 മില്ലിഗ്രാം കൊളസ്‌ട്രോള്‍ അടങ്ങിയിരിക്കുന്നു.
ദിവസവും ഒരു മുട്ട കഴിക്കുന്നവര്‍ക്ക് ഹൃദ്രോഗത്തിനുള്ള സാധ്യത 11 ശതമാനം കുറയുന്നുവെന്ന് ജേര്‍ണല്‍ ഹാര്‍ട്ടിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. അതുപോലെ സ്ട്രോക്ക് ഉണ്ടാകാനുള്ള സാധ്യതയും ഇവര്‍ക്ക് കുറയുന്നുണ്ട്.
സാധാരണ കൊളസ്‌ട്രോൾ അളവും ഹൃദ്രോഗ സാധ്യതയുമില്ലാത്ത ആരോഗ്യമുള്ള മുതിർന്നവർക്ക്, ഒരു ദിവസം ഒന്ന് മുതൽ രണ്ട് വരെ മുഴുവനായും മുട്ട കഴിക്കുന്നത് സുരക്ഷിതമാണെന്ന് കണക്കാക്കപ്പെടുന്നു. വളരെ സജീവമായ വ്യക്തികൾക്കോ കായികതാരങ്ങൾക്കോ, പ്രോട്ടീൻ ആവശ്യകത വർദ്ധിക്കുന്നതിനാൽ ഒരു ദിവസം മൂന്ന് മുട്ടകൾ വരെ കഴിക്കുന്നത് ഉചിതമായിരിക്കും.
തലച്ചോറിനെ പിന്തുണയ്ക്കുന്ന പോഷകമായ കോളിൻ, കണ്ണിന്റെ ആരോഗ്യത്തിന് അത്യാവശ്യമായ ല്യൂട്ടിൻ, സിയാക്സാന്തിൻ തുടങ്ങിയ ആന്റിഓക്‌സിഡന്റുകൾ എന്നിവ മുട്ടയിൽ അടങ്ങിയിട്ടുണ്ട്.
ഹൃദയ സംബന്ധമായ അസുഖങ്ങൾ, പ്രമേഹം അല്ലെങ്കിൽ ഉയർന്ന എൽഡിഎൽ കൊളസ്ട്രോൾ ഉള്ള വ്യക്തികൾ മുട്ടയുടെ മഞ്ഞക്കരു പരിമിതപ്പെടുത്താനോ, ആഴ്ചതോറും മുട്ട കഴിക്കുന്നത് കുറയ്ക്കാനോ, പകരം മുട്ടയുടെ വെള്ള തിരഞ്ഞെടുക്കാനോ ഡോക്ടർമാർ വ്യക്തമാക്കുന്നു.