
ധാരാളം പോഷകഗുണങ്ങൾ അടങ്ങിയ മികച്ചൊരു ബ്രേക്ക്ഫാസ്റ്റാണ് ഓട്സ്. ഇത് പതിവായി കഴിക്കുന്നത് ശരീരത്തിന് പലവിധ ഗുണങ്ങൾ നൽകിയേക്കാം. ഓട്‌സ് ദൈനംദിന ഭക്ഷണക്രമത്തിന്റെ ഭാഗമാക്കുന്നത് ഹൃദയാരോഗ്യം, രക്തത്തിലെ പഞ്ചസാരയുടെ അളവ്, ദഹനം, വിശപ്പ് തുടങ്ങി പല കാര്യങ്ങളെയും സ്വാധീനിച്ചേക്കാമെന്ന് ഗ്യാസ്ട്രോഎൻട്രോളജിസ്റ്റ് ഡോ. സൗരഭ് സേത്തി വ്യക്തമാക്കുന്നു.
ഓട്‌സിൽ ബീറ്റാ-ഗ്ലൂക്കാനും ശരീരത്തിന്റെ വിവിധ പ്രവർത്തനങ്ങളെ സഹായിക്കുന്ന മറ്റ് നാരുകളും ഉൾപ്പെടുന്നു. ഓട്സ് ഒരു സാധാരണ ഭക്ഷണമായി തോന്നാമെങ്കിലും അതിലെ നാരുകളുടെ സാന്നിധ്യം കാരണം സമീകൃതാഹാരത്തിൽ ഉൾപ്പെടുത്താവുന്ന മികച്ചൊരു ഭക്ഷണമാണിത്. ഓട്‌സിൽ 'ബീറ്റ-ഗ്ലൂക്കാൻ' എന്നറിയപ്പെടുന്ന ഒരു തരം ലയിക്കുന്ന നാര് (soluble fibre) അടങ്ങിയിട്ടുണ്ട്.
'മോശം കൊളസ്‌ട്രോൾ' എന്ന് പൊതുവെ അറിയപ്പെടുന്ന എൽഡിഎൽ കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാൻ ഈ നാര് സഹായിക്കും. എൽ.ഡി.എൽ കൊളസ്‌ട്രോളിന്റെ ഉയർന്ന അളവ് ഹൃദയാരോഗ്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് കാരണമായേക്കാം. ഭക്ഷണത്തിൽ ഓട്‌സ് ഉൾപ്പെടുത്തുന്നത് കൂടുതൽ ലയിക്കുന്ന നാരുകൾ ശരീരത്തിലെത്തിക്കാനുള്ള ഒരു മാർഗമാണ്.
ഓട്സ് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ സ്വാധീനിച്ചേക്കാം. ഓട്സിലുള്ള നാരുകൾ ഗ്ലൂക്കോസ് ആഗിരണം ചെയ്യപ്പെടുന്നതിന്റെ വേഗത കുറയ്ക്കുന്നു. ഗ്ലൂക്കോസ് രക്തപ്രവാഹത്തിലേക്ക് സാവധാനം എത്തുമ്പോൾ, ഭക്ഷണം കഴിച്ചതിന് ശേഷം രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കുത്തനെ ഉയരുന്നത് തടയാൻ സാധിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് ശ്രദ്ധിക്കുന്ന ആളുകൾക്ക് ഓട്സിലെ നാരുകൾ പ്രയോജനകരമാണ്.
ഓട്‌സിൽ അടങ്ങിയിരിക്കുന്ന 'പ്രീബയോട്ടിക് ഫൈബറുകൾ' (prebiotic fibres), കുടലിലെ ഇത്തരം ഗുണകരമായ ബാക്ടീരിയകൾക്ക് പോഷണം നൽകാൻ സഹായിക്കുന്നു. പതിവായി ഓട്‌സ് കഴിക്കുന്നത് കുടലിലെ നല്ല ബാക്ടീരിയകൾക്ക് ആവശ്യമായ പോഷണം നൽകുന്നത് പ്രീബയോട്ടിക് ഫൈബറുകളാണ്. ഈ ബാക്ടീരിയകളെ പരിപോഷിപ്പിക്കുന്നത് കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും.
വിശപ്പിനെ നിയന്ത്രിക്കാനും ഓട്സ് സഹായിച്ചേക്കാം. ഓട്സ് കഴിക്കുന്നത് വയർ നിറഞ്ഞതായി കൂടുതൽ നേരം തോന്നിപ്പിക്കാൻ സഹായിക്കും. ഇത് പകൽ സമയത്ത് അനാവശ്യമായി ലഘുഭക്ഷണങ്ങൾ കഴിക്കുന്നത് കുറയ്ക്കാൻ ഇടയാക്കിയേക്കാം. ഭക്ഷണം കഴിച്ചതിന് ശേഷം വയർ നിറഞ്ഞതായി തോന്നുന്നത് വീണ്ടും വിശക്കുന്നു എന്ന തോന്നൽ കാരണം ഇടയ്ക്കിടെ ഭക്ഷണം കഴിക്കുന്ന ശീലം ഒഴിവാക്കാൻ സഹായിക്കും.
ഓട്സിലുള്ള നാരുകൾ മലവിസർജ്ജനം ക്രമമായി നടക്കാനും മലത്തിന്റെ ഘടന ആരോഗ്യകരമായി നിലനിർത്താനും സഹായിക്കുന്നു. കുടലിന്റെ സാധാരണ പ്രവർത്തനത്തിന് ആവശ്യമായ അളവിൽ നാരുകൾ അടങ്ങിയ ഭക്ഷണം കഴിക്കേണ്ടത് പ്രധാനമാണ്.
ദൈനംദിന ആവശ്യത്തിനുള്ള നാരുകൾ ലഭിക്കാൻ ഓട്‌സ് സഹായിക്കും. നാരുകൾ ധാരാളമടങ്ങിയ ഭക്ഷണങ്ങൾ പതിവായി ഉൾപ്പെടുത്തുന്നത് മലവിസർജ്ജനം സുഗമവും ക്രമവുമാക്കാൻ സഹായിക്കും. ദഹനാരോഗ്യം മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്നവർക്കും ഓട്‌സ് പ്രയോജനകരമാണ്.