
കരളിന്റെ ആരോഗ്യം നിലനിർത്തുന്നതിലും ഫാറ്റി ലിവർ രോഗ സാധ്യത നിയന്ത്രിക്കുന്നതിലും ഭക്ഷണക്രമം പ്രധാന പങ്ക് വഹിക്കുന്നു. മുഴുവൻ ഭക്ഷണങ്ങളും അടങ്ങിയ സമീകൃതാഹാരം കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് കുറയ്ക്കാൻ സഹായിക്കും. രക്തത്തിലെ വിഷാംശം നീക്കം ചെയ്യൽ, പിത്തരസം ഉൽപ്പാദിപ്പിക്കൽ, ഉപാപചയ പ്രവർത്തനങ്ങൾ നിയന്ത്രിക്കൽ തുടങ്ങിയ സുപ്രധാന പ്രവർത്തനങ്ങൾ നിർവഹിക്കുന്ന ഒരു അവശ്യ അവയവമാണ് കരൾ. ഇത് ശരീരത്തിൽ അവശ്യ പോഷകങ്ങൾ സംഭരിക്കുകയും ചെയ്യുന്നു. സന്തുലിതമായ ആന്തരിക അന്തരീക്ഷം നിലനിർത്തുന്നതിനും, രോഗപ്രതിരോധ സംവിധാനത്തെ പിന്തുണയ്ക്കുന്നതിനും ആരോഗ്യകരമായ കരൾ അത്യാവശ്യമാണ്.
ഫാറ്റി ലിവർ രോഗം, പ്രത്യേകിച്ച് നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ രോഗം (NAFLD), സമീപ വർഷങ്ങളിൽ കൂടുതൽ സാധാരണമായിക്കൊണ്ടിരിക്കുകയാണ്. ഉയർന്ന കലോറി ഉപഭോഗം, പഞ്ചസാര കൂടുതലുള്ള ഭക്ഷണക്രമം, ഉദാസീനമായ ജീവിതശെെലി, വർദ്ധിച്ചുവരുന്ന പൊണ്ണത്തടി നിരക്ക് എന്നിവ കരൾ രോഗങ്ങൾക്കുള്ള സാധ്യത കൂട്ടുന്നു. സംസ്കരിച്ച ഭക്ഷണങ്ങളും അനാരോഗ്യകരമായ കൊഴുപ്പുകളും പരിമിതപ്പെടുത്തിക്കൊണ്ട് പോഷകസമൃദ്ധമായ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുന്നത് കരളിന്റെ ആരോഗ്യത്തിന് ഫലപ്രദമാണ്. കരൾ രോഗങ്ങൾ തടയുന്നതിനായി കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് ഗ്യാസ്ട്രോഎൻട്രോളജിസ്റ്റ് ഡോ. സൗരഭ് സേഥി പറയുന്നു.
കരൾ രോഗങ്ങൾ തടയുന്നതിന് എക്സ്ട്രാ വെർജിൻ ഒലിവ് ഓയിൽ മികച്ചതാണ്. ഇതിൽ ആരോഗ്യകരമായ മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളും ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇത് കരളിലെ കൊഴുപ്പ് കുറയ്ക്കാനും മൊത്തത്തിലുള്ള കരളിന്റെ പ്രവർത്തനത്തെ പിന്തുണയ്ക്കാനും സഹായിക്കും.
വീണ്ടും ചൂടാക്കിയ എണ്ണ ഒഴിവാക്കണം. കാരണം ചൂടാക്കുമ്പോൾ അത് ദോഷകരമായ സംയുക്തങ്ങൾ ഉത്പാദിപ്പിക്കുകയും ഓക്സിഡേറ്റീവ് സമ്മർദ്ദത്തിനും കരളിന് കേടുപാടുകൾ വരുത്താനും സാധ്യതയുണ്ട്.
നട്സും വിത്തുകളും, പ്രത്യേകിച്ച് ബദാം, വാൾനട്ട്, ചിയ സീഡ്, ഫ്ളാക്സ് സീഡുകൾ എന്നിവ ഫാറ്റി ലിവറിന് മികച്ച ലഘുഭക്ഷണങ്ങളാണ്. അവ ആരോഗ്യകരമായ കൊഴുപ്പുകൾ, നാരുകൾ, പ്രോട്ടീൻ എന്നിവ നൽകുന്നു. ഇത് കരളിന്റെ ആരോഗ്യത്തെ പിന്തുണയ്ക്കാനും ഭാരം നിയന്ത്രിക്കാനും സഹായിക്കും.
അൾട്രാ-പ്രോസസ്ഡ് പായ്ക്ക് ചെയ്ത ഭക്ഷണങ്ങൾ കരളിന്റെ ആരോഗ്യത്തിന് ഹാനികരമാണ്. ഈ ഭക്ഷണങ്ങളിൽ പലപ്പോഴും അനാരോഗ്യകരമായ അഡിറ്റീവുകൾ, പഞ്ചസാര, അനാരോഗ്യകരമായ കൊഴുപ്പുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ശരീരഭാരം വർദ്ധിപ്പിക്കുന്നതിനും കരളിൽ കൊഴുപ്പ് അടിയുന്നതിനും കാരണമാകുന്നു.
ഓട്സ്, ബാർലി തുടങ്ങിയ ധാന്യങ്ങൾ ഫാറ്റി ലിവറിന് ഗുണം ചെയ്യും. ഈ സങ്കീർണ്ണ കാർബോഹൈഡ്രേറ്റുകൾ നാരുകൾ ധാരാളം അടങ്ങിയിട്ടുള്ളതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായിക്കും.
വെളുത്ത ബ്രെഡ്, പേസ്ട്രികൾ പോലുള്ള ഉൽപ്പന്നങ്ങൾ പരിമിതപ്പെടുത്തണം. ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റുകൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കുകയും കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നതിന് കാരണമാവുകയും ചെയ്യും.
ആരോഗ്യകരമായ ഭാരം നിലനിർത്താൻ സമീകൃതാഹാരം കഴിക്കുകയും പതിവായി വ്യായാമം ചെയ്യുകയും ചെയ്യുക. ചെറിയ അളവിൽ ഭാരം കുറയ്ക്കുന്നത് പോലും കരളിലെ കൊഴുപ്പ് ഗണ്യമായി കുറയ്ക്കും. പഴങ്ങൾ, പച്ചക്കറികൾ, പ്രോട്ടീനുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവ അടങ്ങിയ ഭക്ഷണക്രമത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടാനുള്ള സാധ്യത കുറയ്ക്കുന്നതിന് പൂരിത കൊഴുപ്പുകൾ, ശുദ്ധീകരിച്ച പഞ്ചസാര, സംസ്കരിച്ച ഭക്ഷണങ്ങൾ എന്നിവ പരിമിതപ്പെടുത്തുക.
ദിവസം മുഴുവൻ ധാരാളം വെള്ളം കുടിക്കുക. ശരിയായ ജലാംശം കരളിന്റെ പ്രവർത്തനത്തെ പിന്തുണയ്ക്കുകയും വിഷവസ്തുക്കളെ പുറന്തള്ളാൻ സഹായിക്കുകയും ചെയ്യുന്നു. അമിതമായ മദ്യപാനം കരളിന് കേടുപാടുകൾ വരുത്തും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam