
ഇന്ന് മിക്കവരിലും കണ്ട് വരുന്ന പ്രശ്നമാണ് ഹീമോഗ്ലോബിന്റെ കുറവ്. ചുവന്ന രക്താണുക്കളിൽ കാണപ്പെടുന്ന ഇരുമ്പ് സമ്പുഷ്ടമായ പ്രോട്ടീനാണ് ഹീമോഗ്ലോബിൻ. ശരീരത്തിലുടനീളം ഓക്സിജൻ വഹിക്കുന്നതിന് ഇത് സഹായകമാണ്. ഹീമോഗ്ലോബിന്റെ അളവ് കുറയുമ്പോൾ, ക്ഷീണം, ബലഹീനത, ശ്വാസതടസ്സം, തലവേദന എന്നിവ ഉണ്ടാകാം. കൂടാതെ അളവ് ഗണ്യമായി കുറയുകയാണെങ്കിൽ ഈ അവസ്ഥ വിളർച്ചയിലേക്ക് നയിക്കാം.
ഹീമോഗ്ലോബിന്റെ അളവ് കൂട്ടാൻ ഭക്ഷണങ്ങൾ പ്രധാന പങ്കാണ് വഹിക്കുന്നത്. അതിനായി നിങ്ങളുടെ ഡയറ്റ് പ്ലാനിൽ ഉൾപ്പെടുത്തേണ്ട ഭക്ഷണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.
ഓറഞ്ച്, നാരങ്ങ, മുന്തിരി തുടങ്ങിയ സിട്രസ് പഴങ്ങൾ ഇരുമ്പിന്റെ അളവ് കൂട്ടാൻ സഹായിക്കുകയും അമിത ക്ഷീണം തടയുന്നതിനും സഹായിക്കുന്നു.
ശരീരത്തിലെ ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തിന് ആവശ്യമായ ഒരു ബി-കോംപ്ലക്സ് വിറ്റാമിനാണ് ഫോളിക് ആസിഡ്. ഫോളിക് ആസിഡിന്റെ കുറവ് ഹീമോഗ്ലോബിൻ അളവ് കുറയാൻ കാരണമാകും. പച്ച ഇലക്കറികൾ, നിലക്കടല, വാഴപ്പഴം, ബ്രോക്കോളി എന്നിവ ഡയറ്റിൽ ഉൾപ്പെടുത്തുക.
ഇരുമ്പിന്റെ അളവ് കൂട്ടാൻ സഹായിക്കുന്ന മറ്റൊരു ഭക്ഷണമാണ് മാതളനാരങ്ങ. പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, നാരുകൾ എന്നിവയ്‌ക്കൊപ്പം കാൽസ്യം, ഇരുമ്പ് എന്നിവയുടെയും സമ്പന്നമായ ഉറവിടമാണ് മാതളനാരങ്ങ. ഹീമോഗ്ലോബിൻ വർദ്ധിപ്പിക്കുന്നതിനുള്ള ഏറ്റവും നല്ല ഭക്ഷണങ്ങളിൽ ഒന്നാണിത്.
ഈന്തപ്പഴമാണ് മറ്റൊരു ഭക്ഷണം. രക്തത്തിലെ ഹീമോഗ്ലോബിൻ അളവ് വർദ്ധിപ്പിക്കുന്ന ഭക്ഷണമാണ് ഈന്തപ്പഴം. ഉയർന്ന അളവിൽ പഞ്ചസാര അടങ്ങിയിരിക്കുന്നതിനാൽ പ്രമേഹരോഗികൾ ഈന്തപ്പഴം കഴിക്കുന്നത് ഒഴിവാക്കണം.
ഹീമോഗ്ലോബിൻ അളവ് വർദ്ധിപ്പിക്കുന്നതിനുള്ള ഏറ്റവും നല്ല മാർഗങ്ങളിലൊന്നാണ് ബീറ്റ്റൂട്ട്. ഇതിൽ ഇരുമ്പിന്റെ അംശം മാത്രമല്ല, പൊട്ടാസ്യം, നാരുകൾ എന്നിവയ്‌ക്കൊപ്പം ഫോളിക് ആസിഡും കൂടുതലാണ്. ആരോഗ്യകരമായ രക്തത്തിന്റെ അളവ് ഉറപ്പാക്കാൻ എല്ലാ ദിവസവും ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുക.
പയർവർഗ്ഗങ്ങൾ ഹീമോഗ്ലോബിൻ അളവ് ഗണ്യമായി വർദ്ധിപ്പിക്കാൻ സഹായിക്കും. ഇവയിലെ ഇരുമ്പിന്റെയും ഫോളിക് ആസിഡിന്റെയും അളവ് ശരീരത്തിലെ ചുവന്ന രക്താണുക്കളുടെ ഉത്പാദനം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.
മത്തങ്ങ വിത്തുകൾ ഏകദേശം എട്ട് മില്ലിഗ്രാം ഇരുമ്പും ആവശ്യത്തിന് കാൽസ്യം, മഗ്നീഷ്യം എന്നിവയും നൽകുന്നു. സലാഡുകളിലോ സ്മൂത്തികളിലോ എല്ലാം ഇവ ചേർത്ത് കഴിക്കാവുന്നതാണ്.
ഇരുമ്പും വിറ്റാമിൻ-സിയും അടങ്ങിയ തണ്ണിമത്തൻ ഹീമോഗ്ലോബിൻ വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. ഇത് വിളർച്ചയെ തടയുന്നു.