
പ്രായമായവരിലും യുവാക്കളിലും കുട്ടികളിൽ പോലും കണ്ടുവരുന്ന ആരോഗ്യപ്രശ്നമായി 'ഫാറ്റി ലിവർ' (കരലിൽ കൊഴുപ്പ് അടിയുന്ന അവസ്ഥ) മാറിക്കൊണ്ടിരിക്കുകയാണ്. മുതിർന്നവരിൽ ഏകദേശം 38.9 ശതമാനം പേർക്കും 'സ്റ്റിയറ്റോട്ടിക് ലിവർ ഡിസീസ്' (MASLD) അഥവാ ഫാറ്റി ലിവർ രോഗവുമായി ബന്ധപ്പെട്ട മെറ്റബോളിക് തകരാറുകൾ (ചയാപചയ പ്രവർത്തനങ്ങളിലെ തകരാറുകൾ) കാണപ്പെടുന്നുണ്ടെന്ന് 'ലാൻസെറ്റ്' ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.
കരൾ കോശങ്ങളിൽ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുമ്പോഴാണ് ഫാറ്റി ലിവർ രോഗം ഉണ്ടാകുന്നത്. അമിതവണ്ണം, ഇൻസുലിൻ പ്രതിരോധം, ടൈപ്പ് 2 പ്രമേഹം, ഉയർന്ന ട്രൈഗ്ലിസറൈഡ് അളവ്, അനാരോഗ്യകരമായ ജീവിതശൈലി എന്നിവയാണ് ഇതിന്റെ പ്രധാന കാരണങ്ങൾ. ഗ്രേഡ്-1 ഫാറ്റി ലിവർ രോഗം ഭേദമാക്കുന്നതിന് സമഗ്രമായ ഒരു സമീപനം ആവശ്യമാണ്.
രോഗം നിയന്ത്രിക്കാൻ എന്തൊക്കെ ചെയ്യണമെന്ന് കൃത്യമായി മനസ്സിലാക്കാൻ കരൾ രോഗ വിദഗ്ധരുടെയും പോഷകാഹാര വിദഗ്ധരുടെയും സഹായം തേടാവുന്നതാണ്. വർധിച്ചുവരുന്ന ഈ ആരോഗ്യപ്രശ്നത്തെ നേരിടുന്നതിന് ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്തേണ്ടത് പ്രധാനമാണ്. ഫാറ്റി ലിവർ മൂലം കരളിനുണ്ടാകുന്ന കേടുപാടുകൾ പരിഹരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.
മെഡിറ്ററേനിയൻ ഭക്ഷണരീതി കരൾ കൊഴുപ്പ് കുറയ്ക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. ഒലിവ് ഓയിൽ, നട്‌സ്, മത്സ്യം, നാരുകൾ (fiber), പോളിഫിനോൾ ധാരാളമായി അടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുക. ഇവ കരളിനെ പുനരുജ്ജീവിപ്പിക്കാനും കരളിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനും സഹായിക്കുന്നു. രക്തത്തിലെ ഗ്ലൂക്കോസ് മെറ്റബോളിസം (ഉപാപചയ പ്രവർത്തനം) മെച്ചപ്പെടുത്താൻ സഹായിക്കുന്ന ഘടകങ്ങൾ അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുന്നതിനാൽ, കരളിന്റെ ആരോഗ്യം വീണ്ടെടുക്കാൻ മെഡിറ്ററേനിയൻ ഡയറ്റ് സഹായിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.
മിതമായ അളവിൽ കാപ്പി കുടിക്കുന്നത് ഫാറ്റി ലിവർ രോഗത്തിനുള്ള സാധ്യത കുറയ്ക്കുമെന്ന് 'ന്യൂട്രിയന്റ്സ് ജേണൽ' (Nutrients Journal) ചൂണ്ടിക്കാട്ടുന്നു. എന്നാൽ കാപ്പിയിൽ മധുരമോ ക്രീമോ ചേർക്കാതെ കഴിക്കുന്നതാണ് ആരോഗ്യകരം. കാപ്പി കുടിക്കുന്നതിലൂടെ കരൾ കൊഴുപ്പ് അധികമുള്ളവരിൽ രോഗസാധ്യത 35% വരെ കുറയ്ക്കാൻ സാധിക്കും.
ഫാറ്റി ലിവർ ഒഴിവാക്കാൻ ആഴ്ചയിൽ കുറഞ്ഞത് 150 മിനിറ്റെങ്കിലും വ്യായാമം ചെയ്യേണ്ടതുണ്ടെന്ന് 'ഫ്രോണ്ടിയേഴ്സ് ഇൻ ന്യൂട്രിഷൻ' (Frontiers in Nutrition) ജേണൽ ചൂണ്ടിക്കാട്ടുന്നു. ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് നടത്തം, സൈക്ലിംഗ്, നീന്തൽ, സ്ട്രെങ്ത് ട്രെയിനിംഗ് (strength training) എന്നിവ പ്രധാനമാണ്.
സംസ്കരിച്ച ഭക്ഷണങ്ങളിലെ അധിക പഞ്ചസാരയുടെ ഉപയോഗം കരളിന്റെ ആരോഗ്യത്തെ നശിപ്പിക്കുമെന്ന് 'ന്യൂട്രിയന്റ്സ് ജേണൽ' (Nutrients Journal) നടത്തിയ ഗവേഷണത്തിൽ സൂചിപ്പിക്കുന്നു. അമിതമായ അളവിലുള്ള പഞ്ചസാരയും സോഡിയം, കൊഴുപ്പുള്ള എണ്ണകൾ, പൂരിത കൊഴുപ്പുകൾ തുടങ്ങിയ അനാരോഗ്യകരമായ ഘടകങ്ങളും ദീർഘകാലയളവിൽ കരൾ കോശങ്ങളിൽ മാറ്റങ്ങൾ വരുത്തുന്നു.ശീതളപാനീയങ്ങൾ, പാക്ക് ചെയ്ത ലഘുഭക്ഷണങ്ങൾ, ബേക്കറി ഉൽപ്പന്നങ്ങൾ, മധുരം അടങ്ങിയ പാനീയങ്ങൾ എന്നിവ ഒഴിവാക്കുക.
ശരീരഭാരം കുറയ്ക്കുന്നതും ഫാറ്റി ലിവറും (കരളിൽ കൊഴുപ്പ് അടിയുന്ന അവസ്ഥ) തമ്മിൽ പരസ്പര ബന്ധമുണ്ട്. കാരണം, ശരീരഭാരത്തിൽ 5 മുതൽ 10 ശതമാനം വരെ കുറവുണ്ടായാൽ പോലും കരളിലെ കൊഴുപ്പിന്റെ അളവിൽ മെച്ചമുണ്ടാകാം. കരൾ എങ്ങനെയാണ് കൊഴുപ്പ് സംഭരിക്കുന്നത് എന്നതിൽ ദൈനംദിന ജീവിതശൈലിക്ക് വലിയ പങ്കുണ്ടെന്നും വിദഗ്ധർ പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam