
വെറും വയറ്റിൽ നാരങ്ങ വെള്ളം കുടിച്ച് കൊണ്ട് ദിവസം ആരംഭിക്കുന്ന നിരവധി പേരുണ്ട്. യഥാർത്ഥത്തിൽ ഇത് നല്ലതാണോ? ദഹനം വർദ്ധിപ്പിക്കുന്നതിനും ശരീരത്തിലെ വിഷാംശം നീക്കം ചെയ്യുന്നതിനും ശരീരഭാരം കുറയ്ക്കുന്നതിനുംമൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്ന ഒരു പാനീയമായിട്ടാണ് പലരും ഇതിനെ കാണുന്നത്.
ശരീരത്തിൽ ജലാംശം നിലനിർത്തുന്നതാണ് രാവിലെ നാരങ്ങ വെള്ളം കുടിക്കുന്നതിന്റെ ഏറ്റവും വലിയ ഗുണങ്ങളിലൊന്ന് എന്ന് ഫരീദാബാദിലെ യാതാർത്ത് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലെ ഗ്യാസ്ട്രോഎൻട്രോളജി & ഹെപ്പറ്റോളജി കൺസൾട്ടന്റ് ഡോ. ധ്രുവ് കാന്ത് മിശ്ര പറയുന്നു.
നാരങ്ങാവെള്ളം കുടിച്ച് കൊണ്ട് ദിവസം ആരംഭിക്കുന്നത് ദിവസം മുഴുവൻ കൂടുതൽ ഊർജത്തോടെ നിലനിർത്താൻ സഹായിക്കുന്നതായി ഗുരുഗ്രാമിലെ മാക്സ് ഹോസ്പിറ്റലിലെ ഇന്റേണൽ മെഡിസിൻ സീനിയർ ഡയറക്ടർ ഡോ. ശൈലേഷ് സഹായ് പറയുന്നു.നാരങ്ങയിൽ സിട്രിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് ദഹനരസങ്ങളുടെ ഉത്പാദനത്തെ ഉത്തേജിപ്പിച്ചേക്കാം. പകൽ സമയത്ത് കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കാൻ ദഹനനാളത്തെ സജ്ജമാക്കാൻ ഇത് സഹായിക്കുമെന്ന് ഡോ. മിശ്ര അഭിപ്രായപ്പെടുന്നു.
മലവിസർജ്ജനം സാധാരണമാക്കാനും ദഹനം മന്ദഗതിയിലാകുന്നത് മൂലമുണ്ടാകുന്ന വയറുവേദനയോ അസ്വസ്ഥതയോ ലഘൂകരിക്കാനും ചെറുചൂടുള്ള നാരങ്ങാവെള്ളം സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു.
രോഗപ്രതിരോധ പ്രവർത്തനത്തെ പിന്തുണയ്ക്കുന്നതിന് സഹായിക്കുന്ന പോഷകങ്ങളായ വിറ്റാമിൻ സി, ആന്റിഓക്‌സിഡന്റുകൾ എന്നിവ നാരങ്ങയിൽ അടങ്ങിയിട്ടുണ്ട്. ഈ ആന്റിഓക്‌സിഡന്റുകൾ ചർമ്മകോശങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കാനും ആരോഗ്യകരമായ ചർമ്മത്തിന് സഹായിക്കുമെന്ന് ഡോ. സഹായ് അഭിപ്രായപ്പെടുന്നു. ശരീരഭാരം കുറയ്ക്കാനുള്ള ഭാഗമായി പലരും നാരങ്ങാവെള്ളം കുടിക്കാറുണ്ട്. ഇത് നേരിട്ട് കൊഴുപ്പ് കുറയ്ക്കുന്നില്ലെങ്കിലും, ആരോഗ്യകരമായ ശീലങ്ങളെ പിന്തുണയ്ക്കാൻ ഇതിന് കഴിയും.
പഞ്ചസാര അടങ്ങിയ പാനീയങ്ങൾ, സോഡകൾ, ഉയർന്ന കലോറിയുള്ള പാനീയങ്ങൾ എന്നിവ്ക്ക് പകരം നാരങ്ങാവെള്ളംകുടിക്കാവുന്നതാണ്. ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. നാരങ്ങാവെള്ളത്തെ ചുറ്റിപ്പറ്റിയുള്ള ഏറ്റവും പ്രചാരമുള്ള അവകാശവാദങ്ങളിലൊന്ന് അത് ശരീരത്തിലെ വിഷാംശം നീക്കം ചെയ്യുമെന്നതാണ്. ഇത് ഒരു തെറ്റിദ്ധാരണയാണെന്ന് ഡോക്ടർമാർ പറയുന്നു. നാരങ്ങാവെള്ളം ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളുന്നുവെന്നതിന് തെളിയിക്കുന്ന ശാസ്ത്രീയ തെളിവുകളൊന്നുമില്ല.
ആസിഡ് റിഫ്ലക്സ്, ജിഇആർഡി (ഗ്യാസ്ട്രോ ഈസോഫേഷ്യൽ റിഫ്ലക്സ് രോഗം), ഗ്യാസ്ട്രൈറ്റിസ്, പെപ്റ്റിക് അൾസർ, അല്ലെങ്കിൽ സെൻസിറ്റീവ് വയറ്റിലെ പ്രശ്നങ്ങൾ എന്നിവയുള്ള ആളുകൾക്ക് നാരങ്ങയുടെ അസിഡിറ്റി അസ്വസ്ഥത ഉണ്ടാക്കാം.ചില സന്ദർഭങ്ങളിൽ, നാരങ്ങാവെള്ളം നെഞ്ചെരിച്ചിൽ അല്ലെങ്കിൽ നിലവിലുള്ള ദഹന ലക്ഷണങ്ങൾ വഷളാക്കാൻ കാരണമാകും. നാരങ്ങാവെള്ളം ദിവസേനയുള്ള ശീലമാക്കുന്നതിന് മുമ്പ് ഡോക്ടറെ സമീപിക്കുന്നത് ഏറെ നല്ലതാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam