
2050 ആകുമ്പോഴേക്കും വൃക്ക ക്യാൻസർ കേസുകൾ ഇരട്ടിയാകാമെന്ന് റിപ്പോർട്ടുകൾ. പൊണ്ണത്തടി, പുകവലി, വ്യായാമക്കുറവ്, പ്രമേഹം, രക്താതിമർദ്ദം തുടങ്ങിയവ വൃക്ക ക്യാൻസറിനുള്ള സാധ്യത കൂട്ടുന്നു.
ഫോക്സ് ചേസ് ക്യാൻസർ സെന്ററിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് വൃക്ക ക്യാൻസർ കേസുകളിൽ കുത്തനെ വർദ്ധനവ് കണ്ടെത്തിയത്. പഠനത്തിന്റെ കണ്ടെത്തലുകൾ യൂറോപ്യൻ യൂറോളജിയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
2022 ൽ ലോകമെമ്പാടും ഏകദേശം 435,000 പുതിയ വൃക്ക കാൻസർ കേസുകളും 156,000 മരണങ്ങളും രേഖപ്പെടുത്തി. നിലവിലെ പ്രവണതകൾ തുടർന്നാൽ 2050 ആകുമ്പോഴേക്കും ആ സംഖ്യ ഇരട്ടിയാകുമെന്ന് ഗവേഷകർ പറഞ്ഞു.
വൃക്ക ക്യാൻസറുകളിൽ ഏകദേശം 5% മുതൽ 8% വരെ പാരമ്പര്യമായി ഉണ്ടാകുന്നവയാണെന്നും അവ പ്രത്യേക ജീനുകളിലെ മ്യൂട്ടേഷനുകളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും ഗവേഷകർ പറയുന്നു.
ഭാര നിയന്ത്രണം, രക്തസമ്മർദ്ദം, രക്തത്തിലെ പഞ്ചസാര നിയന്ത്രണം, പുകവലി നിർത്തൽ തുടങ്ങിയ ജീവിതശൈലി മാറ്റങ്ങൾക്ക് അപകടസാധ്യത ഗണ്യമായി കുറയ്ക്കാനും ക്യാൻസറിനെ തടയാനും കഴിയുമെന്ന് ഗവേഷകർ പറയുന്നു.
65 നും 74 നും ഇടയിൽ പ്രായമുള്ളവരിലാണ് വൃക്ക ക്യാൻസർ കൂടുതലായി കാണപ്പെടുന്നത്. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാർക്ക് വൃക്ക ക്യാൻസർ വരാനുള്ള സാധ്യത കൂടുതലാണ്. കുട്ടികളിൽ ഈ ക്യാൻസറിനുള്ള സാധ്യത കുറവാണ്.
മൂത്രത്തിൽ രക്തം കാണുക, പുറകിലോ, വാരിയെല്ലുകൾക്ക് താഴെയോ, കഴുത്തിലോ മുഴ അല്ലെങ്കിൽ വീക്കം കാണുക, വിശപ്പില്ലായ്മ, ക്ഷീണം, അപ്രതീക്ഷിതമായി ഭാരം കുറയുക, രാത്രിയിൽ അമിതമായി വിയർക്കുക, എന്നിവയാണ് വൃക്കയിലെ ക്യാൻസറിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ.
രക്ത പരിശോധന, മൂത്ര പരിശോധന, ബയോപ്സി, എക്സ് റേ, സിടി സ്കാൻ, അൾട്രാസൗണ്ട്, എംആർഐ സ്കാൻ എന്നിവയാണ് പ്രധാന രോഗപരിശോധനകൾ.