
പുരുഷന്മാരിൽ മൂത്രാശയത്തിന് താഴെ സ്ഥിതി ചെയ്യുന്ന പ്രോസ്റ്റേറ്റ് ഗ്രന്ഥിയിൽ ഉണ്ടാകുന്ന അർബുദമാണ് പ്രോസ്റ്റേറ്റ് ക്യാൻസർ. സാധാരണയായി പ്രായമായ പുരുഷന്മാരിലാണ് ഇത് കണ്ടുവരുന്നത്. മൂത്രമൊഴിക്കാൻ ബുദ്ധിമുട്ട്, മൂത്രത്തിലോ ശുക്ലത്തിലോ രക്തം കാണുക, ഇടുപ്പ്, നട്ടെല്ല് അല്ലെങ്കിൽ വാരിയെല്ലുകളിൽ അസ്ഥി വേദന. ഭാരം കുറയൽ. മൂത്രമൊഴിക്കുന്നതിലെ ബുദ്ധിമുട്ട്, ഇടയ്ക്കിടെ കുറെ തവണ മൂത്രമൊഴിക്കാൻ തോന്നുക എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.
പാരമ്പര്യം, ഹോർമോൺ വ്യതിയാനങ്ങൾ, ജനിതക ഘടകങ്ങളിലെ മാറ്റങ്ങൾ, കൊഴുപ്പടങ്ങിയ ഭക്ഷണശീലങ്ങൾ, മാനസിക സമ്മർദ്ദം എന്നിവയെല്ലാം പ്രോസ്റ്റേറ്റ് ക്യാൻസറിനുള്ള സാധ്യത കൂട്ടുന്നതായി പഠനങ്ങൾ പറയുന്നു. ഓരോ 100 പുരുഷന്മാരിലും 13 പേർക്ക് അവരുടെ ജീവിതത്തിലെ ഏതെങ്കിലും ഘട്ടത്തിൽ പ്രോസ്റ്റേറ്റ് ക്യാൻസർ വരുമെന്ന് ഡാറ്റകൾ വ്യക്തമാക്കുന്നു. കുടുംബത്തിൽ ആർക്കെങ്കിലും പ്രോസ്റ്റേറ്റ് ക്യാൻസർ ഉണ്ടെങ്കിൽ, അവരിൽ തന്ന്നെ പ്രായം കുറഞ്ഞവർക്ക് ഉണ്ടായിട്ടുണ്ടെങ്കിൽ, അപകടസാധ്യത വർദ്ധിപ്പിക്കുന്നു.
മലാശയത്തിനുള്ളിലൂടെ പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ അസാധാരണതകൾ പരിശോധിക്കുന്ന ഡിജിറ്റൽ റെക്ടൽ എക്സാമിനേഷൻ (ഡിആർഇ), രക്തത്തിലെ PSA അളവ്, അൾട്രാസൗണ്ട്, എംആർഐ, പിഎസ്എംഎ പിഇടി-സിടി ഇമേജിംഗ് എന്നീ ടെസ്റ്റുകളിലൂടെ രോഗ സാധ്യതയും ക്യാൻസർ വ്യാപനവും കണ്ടെത്താം. പ്രാരംഭ ഘട്ടത്തിൽ പ്രോസ്റ്റേറ്റ് ക്യാൻസർ രോഗലക്ഷണങ്ങൾ കാണിക്കുന്നില്ലെന്ന് ഡോക്ടർമാർ പറയുന്നു. എന്നാൽ അത് പുരോഗമിക്കുമ്പോൾ, നിങ്ങൾക്ക് മാറ്റങ്ങൾ കണ്ടുതുടങ്ങാം.
ഒന്നാം ഘട്ടത്തിൽ ക്യാൻസർ പ്രോസ്റ്റേറ്റിനുള്ളിലെ ഒരു ചെറിയ ഭാഗത്ത് മാത്രമായി ഒതുങ്ങിനിൽക്കുന്നു. ഡിജിറ്റൽ റെക്റ്റൽ എക്സാമിനേഷൻ (DRE) വഴി തിരിച്ചറിയാൻ കഴിയാത്തത്ര ചെറുതായിരിക്കും. അതിനാൽ, PSA (പ്രോസ്റ്റേറ്റ്-സ്പെസിഫിക് ആന്റിജൻ) അളവിലുണ്ടാകുന്ന വർദ്ധനവ് മൂലമാണ് പലപ്പോഴും ബയോപ്സിയിലൂടെ ഇത് കണ്ടെത്തുന്നത്. റേഡിയേഷൻ തെറാപ്പി, ശസ്ത്രക്രിയ (പ്രോസ്റ്റേറ്റക്ടമി) എന്നിവയാണ് ഇതിനുള്ള ചികിത്സാ മാർഗ്ഗങ്ങൾ.
രണ്ടാം ഘട്ടത്തിൽ ട്യൂമർ വലുതോ കൂടുതൽ വ്യക്തമായതോ ആണെങ്കിലും, അത് ഇപ്പോഴും ഒരു പ്രത്യേക ഭാഗത്ത് (പ്രോസ്റ്റേറ്റിൽ) മാത്രം ഒതുങ്ങിനിൽക്കുന്നതായി കണക്കാക്കപ്പെടുന്നു. ക്യാൻസർ പ്രോസ്റ്റേറ്റ് ഗ്രന്ഥിയിൽ മാത്രം പരിമിതമാണെങ്കിലും, ഗ്രന്ഥിയുടെ മറ്റ് ഭാഗങ്ങളിലേക്കും വ്യാപിച്ചിട്ടുണ്ടാകാം. ശസ്ത്രക്രിയ, റേഡിയേഷൻ തെറാപ്പി എന്നിവയോ ഇവയുടെ സംയോജനമോ ആണ് ഈ ഘട്ടത്തിൽ സാധാരണയായി നിർദ്ദേശിക്കപ്പെടുന്ന ചികിത്സാ രീതികൾ.
മൂന്നാം ഘട്ടമാകുമ്പോഴേക്കും പ്രോസ്റ്റേറ്റിന് പുറമേ, മൂത്രാശയ ഭാഗം, സെമിനൽ വെസിക്കിളുകൾ എന്നിവയുൾപ്പെടെയുള്ള തൊട്ടടുത്തുള്ള കലകളിലേക്കും ക്യാൻസർ പുരോഗമിക്കുന്നു. ഹോർമോൺ, റേഡിയേഷൻ തെറാപ്പി, ശസ്ത്രക്രിയ എന്നിവയിലൂടെ പുരോഗതി നിയന്ത്രിക്കുന്നതിനാണ് ചികിത്സ ലക്ഷ്യമിടുന്നത്.
ഡോക്ടർമാരോട് പോലും മൂത്രാശയ അല്ലെങ്കിൽ ലൈംഗിക ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ച് സംസാരിക്കാൻ പുരുഷന്മാർ മടിക്കുന്നു. ഈ നിശബ്ദത രോഗനിർണയത്തെയും ചികിത്സയെയും വൈകിപ്പിക്കുന്നതായി എഫ്എംആർഐയിലെ യൂറോളജി ഡയറക്ടറും റോബോട്ടിക് യൂറോളജിക്കൽ സർജറി മേധാവിയുമായ ഡോ. വിക്രം ശർമ്മ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam