ദില്ലിയില്‍ മൂന്ന് നില കെട്ടിടത്തിലുണ്ടായ വന്‍തീപിടുത്തത്തില്‍ 27 പേര്‍ മരിച്ചു. ദില്ലി മുണ്ട്ക മെട്രോ സ്റ്റേഷനിലെ പില്ലർ നമ്പർ 544 ന് സമീപമുള്ള , സിസിടിവി ക്യാമറകളും റൗട്ടറും നിർമ്മിക്കുന്ന സ്ഥാപനത്തിലാണ് തീപിടുത്തമുണ്ടായത്. 40 പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. 70 പേരെ രക്ഷപ്പെടുത്തിയെന്ന് അഗ്നിശമന വിഭാഗം അറിയിച്ചു. മരണസംഖ്യ ഉയര്‍ന്നേക്കാമെന്ന് അധികൃതര്‍ പറഞ്ഞു. ഇന്നലെ വൈകിട്ട് 4.45 ഓടെയാണ് കെട്ടിടത്തില്‍ തീപിടുത്തമുണ്ടായത്. കെട്ടിടത്തിന്‍റെ ജനലുകള്‍ തകർത്ത് അകത്തുകടന്ന അഗ്നിശമനവിഭാഗം ഉദ്യോഗസ്ഥരാണ് കെട്ടിടത്തിനകത്ത് കുടുങ്ങിയവരെ രക്ഷപ്പെടുത്തിയത്. പരിക്കേറ്റ 12 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഥാപന ഉടമയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചിത്രങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ വടിവേല്‍ പി.
സിസിടിവി ക്യാമറകളുടെയും റൂട്ടർ നിർമാണ കമ്പനിയുടെയും ഓഫീസായ കെട്ടിടത്തിന്റെ ഒന്നാം നിലയിൽ നിന്നാണ് തീപിടിത്തമുണ്ടായതെന്ന് ഡൽഹി പോലീസ് അറിയിച്ചു. അഗ്നിശമന സേനയുടെ മുപ്പതിലധികം യൂണിറ്റുകൾ രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
210
ആറ് മണിക്കൂർ നീണ്ട പ്രയത്നത്തിനൊടുവിലാണ് തീപൂർണ്ണമായി അണച്ചത്. കെട്ടിടത്തിൽ ഇരുന്നൂറിനടുത്ത് ആളുകളുണ്ടായിരുന്നുവെന്നാണ് രക്ഷപ്പെട്ടവർ പറയുന്നത്. കൂടൂതൽ മൃതദേഹങ്ങൾ കെട്ടിടത്തിനുള്ളിലുണ്ടെന്ന നിഗമനത്തിൽ പരിശോധന തുടരുകയാണ്.
310
കെട്ടിട ഉടമകൾക്കെതിരെ കേസെടുത്ത പൊലീസ് സ്ഥാപന ഉടമയെ കസ്റ്റഡിയില്‍ എടുത്തു. മരിച്ചവരെ തിരിച്ചറിയാൻ ഇന്ന് ഫോറൻസിക് പരിശോധന നടക്കും. ദില്ലി സമീപകാലത്ത് കണ്ട ഏറ്റവും വലിയ ദുരന്തങ്ങളിൽ ഒന്നാണ് മുണ്ട്കായിലുണ്ടായത്.
410
സ്ഥാപനത്തിൽ ജോലി ചെയ്യുന്നവരിൽ ഭൂരിഭാഗവും പ്രദേശവാസികളായ സ്ത്രീകളാണ്. മുണ്ട്കാ മെട്രോ സ്റ്റേഷന് സമീപത്തുള്ള സിസിടിവി ക്യാമറകളും റൗട്ടറും നിർമ്മിക്കുന്ന എസ്ഐ ടെക്നോളജീസ് എന്ന സ്ഥാപനത്തിലാണ് തീപിടുത്തമുണ്ടായത്.
510
തീപിടുത്തത്തിൽ മരിച്ചവരെ തിരിച്ചറിയാൻ ശാസ്ത്രീയ പരിശോധന വേണ്ടി വരുമെന്നാണ് ദില്ലി പൊലീസ് ഔട്ടർ ഡിസിപി സമീർ ശർമ്മ വിശദീകരിക്കുന്നത്.
610
മൃതദേഹങ്ങളിൽ പലതും ആളെ തിരിച്ചറിയാൻ കഴിയാത്ത രീതിയിൽ പൂർണ്ണമായി കത്തിയ നിലയിലാണ്. കെട്ടിട ഉടമസ്ഥരായ വരുൺ ഗോയൽ, ഹർഷ് ഗോയൽ എന്നിവർ പൊലീസിന്‍റെ കസ്റ്റഡിയിലാണ്.
710
ഇവർക്കെതിരെ കേസ് എടുത്തു. സ്ഥാപന ഉടമയും ഉടൻ അറസ്റ്റിലാകുമെന്നും തീ പിടുത്തത്തിന് കാരണം കണ്ടെത്താൻ കൂടൂതൽ അന്വേഷണം വേണ്ടിവരുമെന്നും ഡിസിപി ഏഷ്യാനെറ്റ് ന്യൂസിനോട് വിശദീകരിച്ചു.
810
തീ പിടിച്ച കെട്ടിടത്തിന് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (എൻഒസി) ഇല്ലായിരുന്നെന്ന് ദില്ലി അഗ്നിശമനസേനാ മേധാവി പറഞ്ഞു. പ്രസ്തുത ഫാക്ടറിയുടെ ഉടമകൾ ഒരിക്കലും ഫയർ എൻഒസിക്ക് അപേക്ഷിച്ചിട്ടില്ലെന്ന് ഡൽഹി ഫയർ സർവീസ് മേധാവി അതുൽ ഗാർഗ് ഇന്ത്യ ടുഡേ/ആജ് തക്കിനോട് പറഞ്ഞു.
910
വാസ്തവത്തിൽ, കെട്ടിടത്തിൽ പ്രവർത്തിക്കുന്ന മിക്ക ഫാക്ടറികൾക്കും എൻഒസി ഇല്ലെന്നും ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാതെയാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
1010
സംസ്ഥാന അഗ്നിശമനസേന നൽകുന്ന ഫയർ എൻഒസി, കെട്ടിടത്തിന് പ്രതിരോധശേഷി ഉണ്ടെന്നോ തീപിടുത്തവുമായി ബന്ധപ്പെട്ട അപകടങ്ങളെ തരണം ചെയ്യാന്‍ കെട്ടിടത്തിന് കെല്‍പ്പുണ്ടോയെന്ന് സ്ഥിരീകരിക്കുന്നു.