ഇളവുകൾ നൽകിയിട്ടും രാജ്യത്തെ വിമാനക്കമ്പനികളുടെ പ്രതിസന്ധി തുടരുന്നതായി ദില്ലി വിമാനത്താവളം മുന്നറിയിപ്പ് നൽകി. ഇൻഡിഗോ വിമാനങ്ങൾ വ്യാപകമായി റദ്ദാക്കിയതോടെ ദില്ലി, ഹൈദരാബാദ് തുടങ്ങിയ പ്രധാന വിമാനത്താവളങ്ങളിൽ പ്രതിസന്ധി രൂക്ഷമായി.
ദില്ലി: ഇളവുകൾ അനുവദിച്ചിട്ടും രാജ്യത്തെ വിമാനക്കമ്പനികൾ നേരിടുന്ന പ്രതിസന്ധി അവസാനിച്ചിട്ടില്ലെന്നും വിമാനം വൈകുന്നത് തുടരുമെന്നും ദില്ലി വിമാനത്താവളത്തിൻ്റെ മുന്നറിയിപ്പ്. ഇൻഡിഗോ വിമാന സർവീസുകളിൽ നേരിട്ട വലിയ പ്രതിസന്ധിക്കിടെയാണ് മുന്നറിയിപ്പ്. രാജ്യവ്യാപകമായി 400 ലധികം വിമാനങ്ങൾ ഇന്നും റദ്ദാക്കിയിട്ടുണ്ട്.
26
ദില്ലി വിമാനത്താവളത്തിൽ നിന്നുള്ള മുന്നറിയിപ്പ്
ഇൻഡിഗോ വിമാനങ്ങൾ കാലതാമസം നേരിടാനുള്ള സാധ്യത ഇപ്പോഴുമുണ്ടെന്ന് ദില്ലി വിമാനത്താവളത്തിൽ നിന്നുള്ള അറിയിപ്പ്. യാത്രക്കാർ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് എയർലൈനുമായി ബന്ധപ്പെടണം. വിമാനത്തിൻ്റെ ഏറ്റവും പുതിയ സ്റ്റാറ്റസ് പരിശോധിക്കണം. അതിലൂടെ അസൗകര്യം കുറയ്ക്കാനാവും. വിമാനങ്ങൾ വൈകുന്നത് കുറയ്ക്കാനും യാത്രാസൗകര്യം ഉറപ്പാക്കുന്നതിനും ദില്ലി വിമാനത്താവളം എല്ലാ പങ്കാളികളുമായും ചേർന്ന് പ്രവർത്തിക്കുന്നുണ്ട്. വൈദ്യ സഹായത്തിനടക്കം ഗ്രൗണ്ട് ലെവൽ സ്റ്റാഫുകൾ സജ്ജരാണ്. സഹായം ആവശ്യമായി വന്നാൽ ഇൻഫർമേഷൻ ഡെസ്കിനെ സമീപിക്കണമെന്നും അറിയിപ്പ് പറയുന്നു.
36
പ്രധാന നഗരങ്ങളിൽ വലിയ പ്രതിസന്ധി
ഇൻഡിഗോ വിമാന സർവീസ് മുടങ്ങിയതിൻ്റെയും വിമാനങ്ങൾ വൈകിയതിൻ്റെയും വലിയ പ്രതിസന്ധി നേരിടുന്നത് പ്രധാന മെട്രോപൊളിറ്റൻ വിമാനത്താവളങ്ങളിലാണ്. പ്രത്യേകിച്ച് ഹൈദരാബാദ്, കൊൽക്കത്ത, ദില്ലി എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളിലാണ് ഏറ്റവും കൂടുതൽ സർവീസുകൾ റദ്ദാക്കിയത്.
വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള യാത്രക്കാരുടെ സൗകര്യാർത്ഥം കൂടുതൽ പൊതുഗതാഗത സൗകര്യങ്ങൾ ഏർപ്പെടുത്തി. മെട്രോ, ബസുകൾ, ക്യാബുകൾ എന്നിവയുൾപ്പെടെ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.
56
ഇന്ന് റദ്ദാക്കിയ വിമാനങ്ങൾ
ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ (ആർജിഐഎ) ഇന്ന് 115 വിമാനങ്ങളാണ് റദ്ദാക്കിയത്. ഹൈദരാബാദിലേക്കുള്ള 54 സർവീസുകളെയും ഹൈദരാബാദിൽ നിന്നുള്ള 61 സർവീസുകളെയും ഇത് ബാധിച്ചു. ദില്ലി വിമാനത്താവളത്തിൽ നിന്നുള്ള 59 വിമാനങ്ങളെയും ഇവിടേക്കുള്ള 50 വിമാന സർവീസുകളും പ്രതിസന്ധി മൂലം ഇന്ന് റദ്ദാക്കി.
66
ഇൻഡിഗോയുടെ ഉറപ്പ്...
ഡിസംബർ 10 ഓടെ പ്രതിസന്ധി പൂർണമായും പരിഹരിക്കുമെന്ന് ഇൻഡിഗോ പറയുന്നു. വിമാന റദ്ദാക്കലുകൾ കുറഞ്ഞുവെന്നും സർവീസുകളുടെ എണ്ണം വർദ്ധിച്ചുവെന്നും കമ്പനി വ്യക്തമാക്കി. യാത്രക്കാരുടെ പരാതികൾ പരിഹരിക്കാനുള്ള സംവിധാനങ്ങൾ ശക്തമായി മുന്നോട്ട് പോകുന്നു. ഡിസംബർ 10 നകം സാധാരണ പോലെ പ്രവർത്തനങ്ങൾ പുനഃസ്ഥാപിക്കാനാവുമെന്ന ആത്മവിശ്വാസം ഇപ്പോൾ വർദ്ധിച്ചുവെന്നും ഇൻഡിഗോ വക്താവ് അറിയിച്ചു. ഈ പ്രസ്താവന പ്രകാരം, ഇൻഡിഗോ ശനിയാഴ്ച മുതൽ പ്രവർത്തനം മെച്ചപ്പെടുത്തി. ഇന്നലെ 1,500 ഓളം വിമാനങ്ങൾ സർവീസ് നടത്തിയത് ഇന്ന് 1,650 ലേക്ക് ഉയർന്നു. ഇൻഡിഗോയുടെ ഓൺ ടൈം പെർഫോമൻസ് 30 ശതമാനത്തിൽ നിന്ന് 75 ശതമാനമായി മെച്ചപ്പെട്ടുവെന്നും വക്താവ് പ്രസ്താവനയിൽ വിശദീകരിച്ചു.