ഇൻഡിഗോ സര്‍വീസ് പ്രതിസന്ധി ബാധിച്ചത് യുഎഇ-ഇന്ത്യ സെക്ടറിലെ യാത്രക്കാരെയും. പൊതുവെ യാത്രാ തിരക്കേറിയ ഈ സീസണിൽ ഇന്‍ഡിഗോ പ്രതിസന്ധി കൂടി വന്നതോടെ ടിക്കറ്റ് നിരക്ക് വൻതോതിൽ ഉയർന്നു.
ദുബൈ: ഇൻഡിഗോ വിമാന സർവീസുകളിലുണ്ടായ തടസ്സങ്ങളും റദ്ദാക്കലുകളും മൂലം യുഎഇ-ഇന്ത്യ സെക്ടറിലും യാത്രാ പ്രതിസന്ധി രൂക്ഷമാകുന്നു. യുഎഇയിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് ഏകദേശം 25 ശതമാനം വരെ ഉയർന്നു. 700 ദിർഹം (ഏകദേശം 15,800 രൂപ) വരെയാണ് വർധനവുണ്ടായത്.
യുഎഇയിൽ യാത്രാ തിരക്കേറുന്ന സീസൺ തുടങ്ങിയതും തിരക്കേറിയ യുഎഇ-ഇന്ത്യ റൂട്ടുകളിലെ നിരക്ക് കുതിച്ചുയരാൻ കാരണമായി. ഇത് യാത്രക്കാരുടെ ബഡ്ജറ്റിനെ കാര്യമായി ബാധിച്ചിരിക്കുകയാണ്.
യുഎഇയിൽ നിന്ന് ഇന്ത്യയിലേക്ക് ആഴ്ചയിൽ 220ൽ അധികം സർവീസുകൾ നടത്തുന്ന വിമാന കമ്പനിയാണ് ഇൻഡിഗോ. അതിനാൽ നിലവിലെ പ്രശ്നങ്ങൾ വളരെ വലുതാണെന്നും ആളുകളുടെ വ്യക്തിപരവും തൊഴിൽപരവുമായ ജീവിതത്തെ അത് ബാധിക്കുന്നുണ്ടെന്നും 'ക്ലിയർട്രിപ്പ് മിഡിൽ ഈസ്റ്റി'ൻ്റെ ബോർഡ് മെമ്പർ സമീർ ബാഗുലിനെ ഉദ്ധരിട്ട് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. 'വിനോദസഞ്ചാരത്തിനായി ഇന്ത്യയിലേക്കോ ദുബൈയിലേക്കോ യാത്ര ചെയ്യുന്നവരെയാകും ഇത് കൂടുതൽ ബാധിക്കുക, കാരണം ബുക്ക് ചെയ്ത ഹോട്ടലുകളും മറ്റ് പ്രവർത്തനങ്ങളും നഷ്ടപ്പെടാൻ സാധ്യതയുള്ളതിനാൽ അവർക്ക് യാത്രകൾ റദ്ദാക്കേണ്ടിവരും. യാത്രക്കാർക്ക് വിവരങ്ങൾ നൽകാൻ ഞങ്ങൾ എയർലൈനുമായി ബന്ധപ്പെടുന്നുണ്ടെങ്കിലും അവരുടെ പരിമിതമായ സേവന ലഭ്യത ഒരു വെല്ലുവിളിയാണ്,'- ബാഗുൽ ഖലീജ് ടൈംസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
പ്രധാനമായും ഡിസംബർ യാത്രാ സീസൺ കാരണം നിരക്കുകൾ 20-25 ശതമാനം വർധിക്കാറുണ്ട്, എന്നാൽ ഇൻഡിഗോ പ്രശ്‌നങ്ങൾ കാരണം ഇതിലും വലിയ വർധനവ് ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുഎഇയിൽ നിന്ന് ദില്ലി, കേരള സെക്ടറുകളിലേക്കുള്ള വിമാന നിരക്കുകളിലാണ് ഏറ്റവും വർധനവുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. അടുത്ത വാരാന്ത്യത്തിൽ ദുബൈയിൽ നിന്ന് ഡൽഹിയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് 2,880 ദിർഹം വരെയായി ഉയർന്നിട്ടുണ്ട്.
ഇൻഡിഗോ വിമാനങ്ങളുടെ അനിശ്ചിതത്വം കാരണം യുഎഇ-ഇന്ത്യ റൂട്ടുകളിൽ മറ്റ് കാരിയറുകളുടെ വിമാന നിരക്കുകളിൽ 25 ശതമാനത്തോളം വർധനവുണ്ടായതായി നിയോ ട്രാവൽസ് ആൻഡ് ടൂറിസം മാനേജിംഗ് ഡയറക്ടർ അവിനാഷ് അദ്നാനി പറഞ്ഞു. 'കൃത്യസമയത്ത് എത്താൻ ആളുകൾ കൂടുതൽ പണം നൽകാൻ തയ്യാറാകുന്നതിനാൽ വിമാന നിരക്കുകൾ ഏകദേശം 500-700 ദിർഹം വർദ്ധിച്ചു. കൂടാതെ, യുഎഇയിലെ സ്‌കൂൾ അവധിക്കാലം ആരംഭിച്ചതും യാത്രാ തിരക്കിന്‍റെ സീസൺ ആരംഭിച്ചതും ഇതിനൊരു കാരണമാണ്'- അദ്ദേഹം വ്യക്തമാക്കി.ഇൻഡിഗോയ്ക്ക് യുഎഇ-ഇന്ത്യ റൂട്ടുകളിൽ കാര്യമായ പങ്കാളിത്തമുണ്ടെന്ന് ട്രിപ്പ്വെഞ്ചുറ ടൂറിസത്തിൻ്റെ സിഇഒ ആയ ആദിൽ ടൺറിവേർഡി പറഞ്ഞു.
'അവരുടെ പ്രവർത്തന തടസ്സങ്ങൾ സീറ്റുകളുടെ ലഭ്യതയിൽ പെട്ടെന്നുള്ള കുറവുണ്ടാക്കുന്നു. സീറ്റുകളുടെ എണ്ണത്തിലുണ്ടായ കുറവ്, അടിസ്ഥാനപരമായി ഡിമാൻഡ്-സപ്ലൈ നിയമം അനുസരിച്ച് വില വർധിപ്പിക്കുന്നു. യാത്രാ തടസ്സങ്ങൾ കൂടുതലുള്ള സമയങ്ങളിൽ, യുഎഇ യാത്രക്കാർക്ക് ജനപ്രിയ റൂട്ടുകളിൽ 15 മുതൽ 25 ശതമാനം വരെ നിരക്ക് വർദ്ധനവ് നേരിടേണ്ടിവരുന്നു. നവംബർ പകുതി മുതൽ പ്രധാന റൂട്ടുകളിൽ 18-22 ശതമാനം വർധനവ് രേഖപ്പെടുത്തിയതായി ഡാറ്റ കാണിക്കുന്നു. ദുബൈ-മുംബൈ നിരക്ക് 800-900 ദിർഹം എന്നതിൽ നിന്ന് 950-1,100 ദിർഹം പരിധിയിലേക്ക് ഉയർന്നു. ദുബൈ-ദില്ലി നിരക്ക് 750-850 ദിർഹം എന്നതിൽ നിന്ന് 900-1,050 ദിർഹമായി മാറി. അബുദാബി റൂട്ടുകളിലും 20-25 ശതമാനം വർധനവോടെ സമാനമായ രീതികൾ കാണിക്കുന്നു'- അദ്ദേഹം കൂട്ടിച്ചേർത്തു. ദുബൈ-ബാംഗ്ലൂർ റൂട്ടിലാണ് ഏറ്റവും ഉയർന്ന വർധനവുണ്ടായതെന്നും (28 ശതമാനം) ഇതിന് പിന്നാലെ ദുബൈ-ഹൈദരാബാദ് (26 ശതമാനം), ദുബൈ-മുംബൈ (22 ശതമാനം) റൂട്ടുകളിലും വർധനവുണ്ടായതായും ടൺറിവേർഡി വിശദീകരിച്ചു.


