മറ്റൊരു ‘കേരള മോഡല്‍’! മുണ്ടക്കൈ- ചൂരൽമല ഉരുള്‍പ്പൊട്ടല്‍ ദുരന്ത ബാധിതര്‍ക്ക് സംസ്ഥാനം ഒരുക്കുന്ന ടൗണ്‍ഷിപ്പിന്‍റെ ഫേസ്-1ന്‍റെ ഭാഗമായി 178 വീടുകൾ ഫെബ്രുവരി 25-ന് കൈമാറുകയാണ്. ടൗണ്‍ഷിപ്പിന്‍റെ പ്രധാന പ്രത്യേകതകള്‍ വിശദമായി അറിയാം.
വയനാടിന്‍റെ ഭൂപ്രകൃതിക്ക് കോട്ടം തട്ടാത്ത വിധത്തിലാണ് ഉരുള്‍പ്പൊട്ടല്‍ ദുരന്ത ബാധിതര്‍ക്കുള്ള ടൗണ്‍ഷിപ്പ് കല്‍പ്പറ്റയില്‍ നിര്‍മ്മിക്കുന്നത്. കൽപ്പറ്റ വില്ലേജിലെ എൽസ്റ്റൺ എസ്റ്റേറ്റിലെ 64.4705 ഹെക്‌ടർ ഭൂമിയാണ് ഇതിനായി സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തത്. 1,662-ലധികം ആളുകള്‍ക്ക് പാര്‍ക്കാനാവുന്ന തരത്തില്‍ ആകെ 410 വീടുകളാണ് ഈ ടൗണ്‍ഷിപ്പിലുണ്ടാവുക. വീട് പൂര്‍ണമായും നഷ്‌ടമായവര്‍ക്ക് പുത്തന്‍ വീടുകള്‍ കൈമാറുന്ന ആദ്യ ഘട്ടത്തില്‍ 178 ഭവനങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തിയായി.
26
ഭൂകമ്പത്തെ പ്രതിരോധിക്കുന്ന വീടുകള്‍
വയനാട് ടൗണ്‍ഷിപ്പിലെ വീടുകളെല്ലാം 1000 ചതുരശ്ര അടി വിസ്‌തൃതിയിലുള്ളതാണ്. നിലവില്‍ ഒറ്റ നില വീടാണിതെങ്കിലും ഭാവിയില്‍ മുകളിലെ നില പടുത്തുയര്‍ത്താം. പ്രധാന കിടപ്പുമുറി, രണ്ട് മുറികള്‍, ലിവിങ് റൂം, ഡൈനിംഗ് റൂം, സ്റ്റഡി റൂം, അടുക്കള, സ്റ്റോര്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഈ വീടുകളിലുണ്ട്. ശക്തമായ ഭൂകമ്പങ്ങളെ പോലും പ്രതിരോധിക്കുന്ന വിധത്തിലാണ് വീടുകളുടെ നിര്‍മ്മാണം. ആർസിസി (റീഇൻഫോഴ്‌സ്ഡ് സിമന്‍റ് കോൺക്രീറ്റ്) ഫൗണ്ടേഷനുകളിലാണ് വീടുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. 9 ആർസിസി ഫൗണ്ടേഷനുകൾ, ഭൂകമ്പ പ്രതിരോധത്തിനുള്ള ഷിയർ ഭിത്തികൾ, പ്ലീത്ത് ബിം, റൂഫ് ബിം, ലിന്‍റലുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
36
നിര്‍മ്മാണ സാമഗ്രികള്‍ ഗുണമേന്‍മയുള്ളത്
സോളിഡ് ബ്ലോക്ക് പ്രവൃത്തിയാണ് ചുവരുകൾക്ക് നല്‍കിയിരിക്കുന്നത്. 12 മില്ലീമീറ്റർ കട്ടിയുള്ള സിമന്‍റ് മോർട്ടാറിൽ 1:4 അളവിൽ മതിൽ പ്ലാസ്റ്ററിംഗും 9 മില്ലീമീറ്റർ കട്ടിയുള്ള സിമന്‍റ് മോർട്ടറിൽ 1:3 അളവിൽ സീലിംഗ് പ്ലാസ്റ്ററിംഗുമാണ് ചെയ്‌തിട്ടുള്ളത്. അടുക്കളയുടെ മേൽഭാഗത്തുള്ള സ്റ്റോറേജ് പണിതിട്ടുള്ളത് ലാമിനേറ്റഡ് മറൈൻ പ്ലൈവുഡിലാണ്. കബോർഡുകൾക്ക് പിയു പെയിന്‍റ് ചെയ്‌ത ഹൈ ഡെൻസിറ്റി മൾട്ടിവുഡ് ഉപയോഗിച്ചിരിക്കുന്നു. ജനലുകൾ 20 വർഷം വാറന്‍റിയുള്ള, പ്ലാസ്റ്റിക് ചെയ്യാത്ത പോളിവിനൈൽ ക്ലോറൈഡ് (യുപിവിസി) ഉപയോഗിച്ച് തയ്യാറാക്കിയിട്ടുള്ളതാണ്. അടുക്കളയിലും വർക്ക് ഏരിയയിലും കറുത്ത പോളിഷ് ചെയ്‌ത ഗ്രാനൈറ്റ് പതിപ്പിച്ചിരിക്കുന്നു. സിറ്റ്ഔട്ടിലും പടികളിലും തറ-ഗ്രാനൈറ്റാണ് പാകിയത്. ശുചിമുറിയ്ക്ക് ഘടിപ്പിച്ച, തീയും ചൂടും പ്രതിരോധിക്കുന്ന എഫ്ആർപി (ഫൈബർഗ്ലാസ് റീഇൻഫോഴ്‌സ്‌ഡ് പ്ലാസ്റ്റിക്) വാതിലിന് 10 വർഷത്തെ വാറന്‍റിയുണ്ട്.
ശുചിമുറിയിലെ ടൈലിംഗിന് കജാരിയ കമ്പനിയുടെ ടൈലുകൾ, ട്രസ് (താങ്ങുപണി) പ്രവൃത്തിയ്ക്ക് ടാറ്റയുടെ സ്റ്റീൽ ട്യൂബുകൾ, ഏഷ്യൻ പെയിന്‍റ്‌സിന്‍റെ പെയിന്‍റ് (7 വർഷം വാറന്‍റി), കിറ്റ്‌പ്ലൈയുടെ മറൈൻ ഗ്രേഡ് വുഡ് ഫിനിഷ് ഫ്ലഷ് ഡോർ (5 വർഷം വാറന്‍റി), ഗോദ്റെജിന്‍റി പൂട്ട്, ടാറ്റ പ്രവേശിന്‍റെ സ്റ്റീൽ വാതിൽ (5 വർഷം വാറന്‍റി), സെറയുടെ ശുചിമുറി ഉൽപ്പന്നങ്ങൾ (10 വർഷം വാറന്‍റി), കിറ്റ്‌പ്ലൈയുടെ കിടപ്പുമുറി കബോർഡുകൾ, അടുക്കളയ്ക്കും വാഷ്ബേസിനും സെറയുടെ സിങ്ക് (10 വർഷം വാറന്‍റി), വി-ഗാർഡ് വയറിംഗ് കേബിളുകൾ, എംകെ സ്വിച്ചുകൾ, ഹാവൽസിന്‍റെ ഫാനുകൾ, എൽ & ടി യുടെ സർക്യൂട്ട് ബ്രേക്കറുകൾ, ഫിലിപ്പ്സിന്‍റെ ലൈറ്റുകൾ, ഹെൻസലിന്‍റെ മീറ്റർ ബോർഡ് എന്നിങ്ങനെ മുഴുവനും ബ്രാൻഡഡ് ഉൽപ്പന്നങ്ങളാണ് ഉപയോഗിച്ചിട്ടുള്ളത്.
56
എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഒരിടത്ത്
വീടുകള്‍ മാത്രം നിര്‍മ്മിച്ചുനല്‍കുന്ന പദ്ധതിയല്ല കല്‍പറ്റയില്‍ വിഭാവനം ചെയ്‌തിരിക്കുന്നത്. വീടുകളെ തമ്മില്‍ ബന്ധിപ്പിച്ച് വിശാലമായ പൊതുറോഡുകള്‍, ഇടറോഡുകള്‍, ആരോഗ്യ കേന്ദ്രം, അങ്കണവാടി, പൊതു മാര്‍ക്കറ്റ്, കുട്ടികള്‍ക്കുള്ള കളിസ്ഥലം, പാര്‍ക്കുകള്‍, കമ്മ്യൂണിറ്റി ഹാള്‍, ലൈബ്രറി, സ്പോട്‌സ് ക്ലബ് തുടങ്ങി ഒരു ടൗണ്‍ഷിപ്പിന്‍റെ അതേ മാതൃകയിലാണ് ഈ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. മാലിന്യ സംസ്‌കരണവും ശുചിത്വവുമാണ് ഈ ടൗണ്‍ഷിപ്പിന്‍റെ മറ്റൊരു പ്രത്യേകത. കക്കൂസ് മാലിന്യങ്ങള്‍ കുഴലിലൂടെ ഒരു കേന്ദ്രീകൃത സ്ഥലത്ത് എത്തിച്ച് പ്രോസസ് ചെയ്യും.
66
ഇതൊരു തിരിച്ചുവരവിന്‍റെ കഥ
കല്‍പ്പറ്റയിലെ ടൗണ്‍ഷിപ്പില്‍ വീട് നല്‍കുന്നവര്‍ക്ക് ഏഴ് സെന്‍റ് സ്ഥലത്തിന്‍റെ പട്ടയം, വൈദ്യുതി- കുടിവെള്ള കണക്ഷന്‍ എന്നിവ ഉറപ്പാക്കിയാണ് കൈമാറുന്നത്. ടൗണ്‍ഷിപ്പില്‍ നിര്‍മ്മിക്കുന്ന 410 വീടുകളുടെയും പ്രവര്‍ത്തി പൂര്‍ത്തീകരിക്കുന്നതോടെ ഗുണഭോക്താക്കളുടെ വ്യക്തിഗത പേരിലേക്ക് വൈദ്യുതി കണക്ഷന്‍ മാറ്റി സ്ഥാപിക്കാനുള്ള സാക്ഷ്യപത്രം കൈമാറും. 410 വീടുകളുടെയും നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ, മുണ്ടക്കൈ-ചൂരൽമല ഉരുള്‍പ്പൊട്ടല്‍ ദുരന്ത ബാധിതര്‍ക്കുള്ള ടൗണ്‍ഷിപ്പ് യാഥാര്‍ഥ്യമാകും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam