വിവാഹദിനത്തിലെ അപകടം: ആവണിയുടെ ചികിത്സയ്ക്ക് ആശുപത്രി ചെലവഴിച്ചത് ലക്ഷങ്ങൾ; മുൻകൂറായി വാങ്ങിയ പണം തിരിച്ചുനൽകി

Published : Dec 04, 2025, 02:47 PM ISTUpdated : Dec 04, 2025, 02:50 PM IST

കൊച്ചി: വിവാഹദിനത്തിൽ അപകടത്തിൽ പരിക്കേറ്റ ആവണിയുടെ ചികിത്സയ്ക്ക് ലേക്‌ഷോർ ആശുപത്രി ചെലവഴിച്ചത് 8.20 ലക്ഷം രൂപ. ആശുപത്രിയിൽ വിവാഹത്തിന് പിന്നാലെ വിവാഹ സമ്മാനമായാണ് സൗജന്യ ചികിത്സ പ്രഖ്യാപിച്ചത്. 12 ദിവസത്തിന് ശേഷം ആവണി ആശുപത്രി വിട്ടു.

PREV
16
ആകെ ചിലവ് 8.20 ലക്ഷം

വിവാഹദിനത്തിൽ അപകടത്തിൽ നട്ടെല്ലിന് പരിക്കേറ്റ ആവണിയെ കേരളവും കേരളത്തിനേക്കും പുറത്തേക്കും പ്രശസ്തയാക്കിയത്, നിശ്ചയിച്ച മുഹൂർത്തത്തിൽ ആശുപത്രിയിൽ നടന്ന വിവാഹമാണ്. നവംബർ 22 ന് വിവാഹ ദിനത്തിൽ മേക്കപ്പിടാനായി പുലർച്ചെ കാറിൽ യാത്ര ചെയ്യുമ്പോഴുണ്ടായ അപകടത്തിൽ നട്ടെല്ലിന് പരിക്കേറ്റ യുവതിക്ക് വിവാഹത്തിന് പിന്നാലെ ആദ്യം ലഭിച്ച വാഗ്ദാനമായിരുന്നു സൗജന്യ ചികിത്സയെന്ന പ്രഖ്യാപനം. ആശുപത്രി ചെയര്‍മാന്‍ ഡോ. ഷംഷീര്‍ വയലിലിലാണ് ആവണിക്ക് സൗജന്യ ചികിത്സയെന്ന് പ്രഖ്യാപിച്ചത്. 12 ദിവസത്തെ ആശുപത്രി വാസം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ യുവതിയുടെ ചികിത്സയ്ക്കായി ആശുപത്രി ചെലവഴിച്ചത് 8.20 ലക്ഷം രൂപ. ശസ്ത്രക്രിയക്ക് മുൻകൂറായി വാങ്ങിയ 2.25 ലക്ഷം രൂപ യുവതി ആശുപത്രി വിടും മുൻപ് ഇവരുടെ അക്കൗണ്ടിലേക്ക് തിരിച്ച് അയക്കുകയും ചെയ്തു.

26
വിവാഹ ദിനത്തിലെ നടുക്കുന്ന അപകടം

നവംബർ 22 ന് ഉച്ചയ്ക്ക് 12.15 നും 12.30യ്ക്കും ഇടയിലായിരുന്നു വിവാഹം നടക്കേണ്ടിയിരുന്നത്. ഇതിന് മണിക്കൂറുകൾ മുൻപ്, പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് ആവണിയും രണ്ട് ബന്ധുക്കളും സഞ്ചരിച്ച കാര്‍ കുമരകത്ത് അപകടത്തില്‍പെട്ടത്. മേക്കപ്പിടാനായി കുമരകത്തേക്ക് പോകുമ്പോഴാണ് അപകടം. ഈ സമയത്ത് ആവണിയും മറ്റ് രണ്ട് പേരുമാണ് കാറിലുണ്ടായിരുന്നത്. നിയന്ത്രണം വിട്ട കാർ വഴിയരികിലെ കാറിലേക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്.

36
ആശുപത്രിയിൽ താലികെട്ട്

കോട്ടയം മെഡിക്കൽ കോളേജിൽ നിന്ന് വിദഗ്‌ധ ചികിത്സയ്ക്കായി ആവണിയെ വിപിഎസ് ലേക്‌ഷോർ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് കുടുംബത്തിന്റെ ആഗ്രഹപ്രകാരം നിശ്ചയിച്ച മുഹൂര്‍ത്തത്തില്‍ വിവാഹം നടന്നത്. ആലപ്പുഴ കൊമ്മാടി സ്വദേശിയായ ആവണി ചേര്‍ത്തല ബിഷപ്പ് മൂര്‍ സ്‌കൂള്‍ അധ്യാപികയാണ്. ആലപ്പുഴ തുമ്പോളി വളപ്പില്‍ വീട്ടിൽ വിഎം ഷാരോണാണ് ആവണിയുടെ ജീവിതപങ്കാളി. ചേര്‍ത്തല കെ.വി.എം കോളജ് ഓഫ് എഞ്ചിനിയറിങ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയിലെ അസിസ്റ്റൻ്റ് പ്രൊഫസറാണ് ഇദ്ദേഹം.

46
വിവാഹ സമ്മാനമായി സൗജന്യ ചികിത്സ

അപകടത്തിൽ ആവണിക്ക് നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റെന്ന് വിപിഎസ് ലേക്‌ഷോർ ആശുപത്രിയിലെ ന്യൂറോ സർജറി വിഭാഗം മേധാവി ഡോ.സുധീഷ് കരുണാകരൻ വിവാഹത്തിന് പിന്നാലെ വെളിപ്പെടുത്തിയിരുന്നു. നവംബർ 23 ന് ആശുപത്രിയിൽ സർജറിയും നടന്നു. ഈ ശസ്ത്രക്രിയക്ക് പിന്നാലെയാണ് ആശുപത്രി ചെയർമാൻ സൗജന്യ ചികിത്സയെന്ന് പ്രഖ്യാപിച്ചത്.

56
വിവാഹ മണ്ഡപത്തിന് പകരം ആശുപത്രി കിടക്ക

നവംബർ 22 ന് വിവാഹ മണ്ഡപത്തിലേക്ക് കയറേണ്ടിയിരുന്ന ആവണി അപ്രതീക്ഷിതമായാണ് ആശുപത്രി കിടക്കയിലേക്ക് എത്തിയത്. നീണ്ട 12 ദിവസമായിരുന്നു ആശുപത്രിയിലെ ചികിത്സ. ന്യൂറോ സർജറി വിഭാഗത്തിൽ നവംബർ 23 ന് തന്നെ ശസ്ത്രക്രിയ നടത്തിയിരുന്നു. പരിക്ക് ഗുരുതരമായതിനാൽ തുടർ പരിചരണം ആവശ്യമായിരുന്നു. അതിനാലാണ് 12 ദിവസത്തോളം ആശുപത്രിയിൽ ചികിത്സയിൽ തുടരേണ്ടി വന്നത്.

66
ഒപ്പമുണ്ടെന്ന് അറിയിക്കാൻ താലികെട്ട്

ഏറെ നാളത്തെ ആശുപത്രി വാസത്തിന് ശേഷം വീട്ടിലേക്ക് മടങ്ങിയ ആവണിയെ ആംബുലൻസിൽ വീട്ടിലെത്തിച്ചത് വരെ എല്ലാ ചെലവും ആശുപത്രിയുടെ അക്കൗണ്ടിൽ നിന്നായിരുന്നു. രോഗം ഭേദമായാൽ ആദ്യം പോവുക ലേക്ക് ഷോര്‍ ആശുപത്രിയിലേക്കായിരിക്കുമെന്ന് ആവണി പറഞ്ഞു. അപകടം അറിഞ്ഞപ്പോള്‍ എന്താണ് ചെയ്യേണ്ടതെന്ന് അറിയാതെ മനസ് ബ്ലാക്ക്ഔട്ട് ആയെന്ന് ഷാരോണ്‍ പറഞ്ഞു. എന്ത് പ്രശ്നം വന്നാലും തുടക്കം മുതൽ ഒടുക്കം വരെ കൂടെയുണ്ടാകുമെന്ന് ആവണിയെ അറിയിക്കുകയെന്ന തീരുമാനമാണ് താലികെട്ടിലേക്ക് എത്തിച്ചതെന്നും ഷാരോൺ പറഞ്ഞു.

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Photos on
click me!

Recommended Stories