വിവാഹദിനത്തിൽ അപകടത്തിൽപ്പെട്ട് ആശുപത്രിയിലായ ആലപ്പുഴ തുമ്പോളി സ്വദേശിനി ആവണി ഇന്നലെയാണ് ആശുപത്രി വിട്ടത്. പിന്തുണയ്ക്കും പ്രാര്‍ത്ഥനയ്ക്കും എല്ലാവരോടും നന്ദിയുണ്ടെന്ന് ആവണിയും ഷാരോണും ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

തിരുവനന്തപുരം: വിവാഹദിനത്തിൽ അപകടത്തിൽപ്പെട്ട് ആശുപത്രിയിലായ ആലപ്പുഴ തുമ്പോളി സ്വദേശിനി ആവണി ഇന്നലെയാണ് ആശുപത്രി വിട്ടത്. നിശ്ചയിച്ച ദിവസംതന്നെ ആശുപത്രിക്കിടക്കയിൽ വെച്ചാണ് വരൻ ഷാരോൺ ആവണിയെ താലി ചാർത്തിയത്. 12 ദിവസമാണ് ആവണി ആശുപത്രിയിൽ കഴിഞ്ഞത്. അപകടത്തെക്കുറിച്ചും അതിനുശേഷവുള്ള ആശുപത്രിയിലെ വിവാഹത്തെക്കുറിച്ചും ആവണിയും ഷാരോണും ഏഷ്യാനെറ്റ് ന്യൂസിന്‍റെ നമസ്തേ കേരളത്തിൽ പ്രതികരിച്ചു. ആശുപത്രിയിൽ കാണാൻ വരുന്നവരും എല്ലാവരും വലിയ പിന്തുണയാണ് നൽകിയതെന്നും എല്ലാവരുടെയും പ്രാര്‍ത്ഥനയാണ് കരുത്തായതെന്നും ആവണി പറഞ്ഞു. അപകടം നടന്നശേഷം കാലെടുത്ത് വെക്കാൻ പോലും കഴിയുന്നുണ്ടായിരുന്നില്ല.

കലൊടിഞ്ഞതായിരിക്കുമെന്ന് മാത്രമാണ് വിചാരിച്ചത്. അതുകഴിഞ്ഞ് കോട്ടയം മെഡിക്കൽ കോളേജിൽ എത്തിയപ്പോഴാണ് കാലും കയ്യും ഒടിഞ്ഞതല്ല, കാര്യമായിട്ട് എന്തോ സംഭവിച്ചിട്ടുണ്ടെന്ന് മനസിലായത്. കല്യാണം നടക്കുമെന്ന് ഒരിക്കലും കരുതിയില്ല. പിന്നെ എറണാകുളം ലേക്ക് ഷോറിലേക്ക് കൊണ്ടുപോയതും അവിടെ വെച്ച് താലികെട്ട് നടക്കുന്നതെന്നും ആവണി പറഞ്ഞു. ആശുപത്രിയിലുള്ളവരും സുഹൃത്തുക്കളും ബന്ധുക്കളും കുടുംബാംഗങ്ങളുമെല്ലാം പ്രാര്‍ത്ഥിച്ചുവെന്നും ആശുപത്രിയിൽ വെച്ച് യാതൊരു നെഗറ്റീവ് ചിന്തയും വന്നിട്ടുണ്ടായിരുന്നില്ലെന്നും കൂടെയുണ്ടായിരുന്നവരുടെ പിന്തുണ കൊണ്ടാണ് അങ്ങനെ സംഭവിച്ചതെന്നും ആവണി പറഞ്ഞു. അറേഞ്ച്‍ഡ് മാര്യേജ് തന്നെയായിരുന്നു. ജനുവരിയിലായിരുന്നു പെണ്ണുകാണൽ ചടങ്ങ്. സാധാരണപോലെ വന്ന് കണ്ടുപോവുകയായിരുന്നു. എന്‍ഗേജ്മെന്‍റ് ഉണ്ടായിരുന്നില്ല. കല്യാണം മതിയെന്ന് തീരുമാനിക്കുകയായിരുന്നു. 

കല്യാണമെന്ന് പറയുമ്പോള്‍ വലിയ താത്പര്യമുണ്ടായിരുന്നില്ല. പരസ്പരം അഡ്ജസ്റ്റ് ചെയ്ത് മുന്നോട്ടുപോകാൻ കഴിയുമെന്ന് മാത്രമാണ് കല്യാണത്തിന് മുമ്പ് വരെ വിചാരിച്ചിരുന്നത്. എന്നാൽ, ആശുപത്രിയിൽ വെച്ച് താലികെട്ടിയ ആ ഒരു നിമിഷത്തിലാണ് ലൈഫ് പാര്‍ട്ണര്‍ എന്താണെന്നതിൽ ഒരു വിശ്വാസം വരുന്നത്. ഷാരോണിനെ ലഭിച്ചത് ഭാഗ്യമാണെന്നൊക്കെ പറയുന്നുണ്ട്. ശരിക്കും എനിക്ക് ഇങ്ങനെയൊരു പാര്‍ട്ണറെ കിട്ടുമെന്ന് സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല. അപകടം നടന്നശേഷം താലിക്കെട്ടിയതിനുശേഷമാണ് ശാരോണിനെ ശരിക്കും മനസിലായതെന്നും ആവണി പറയുന്നു. എല്ലാം ശരിയായശേഷം ആദ്യം പോവുക ലേക്ക് ഷോര്‍ ആശുപത്രിയിലേക്കായിരിക്കുമെന്നും അവിടെയുള്ളവരുടെ പിന്തുണ പറഞ്ഞറിയിക്കാൻ കഴിയില്ലെന്നും ആവണി പറഞ്ഞു.പുലര്‍ച്ചെ അപകടം നടന്നത് അറിഞ്ഞപ്പോള്‍ എന്താണ് ചെയ്യേണ്ടത് അറിയാതെ മനസ് ആകെ ബ്ലാക്ക്ഔട്ട് ആയി പോയെന്ന് ഷാരോണ്‍ പറഞ്ഞു. ആവണിക്കൊപ്പം താനുണ്ട് എന്ന് അറിയിക്കണമായിരുന്നു. എന്ത് പ്രശ്നം വന്നാലും തുടക്കം മുതൽ ഒടുക്കം വരെ കൂടെയുണ്ടാകുമെന്ന് ആവണിയെ അറിയിക്കുകയെന്ന തീരുമാനമാണ് താലികെട്ടിലേക്ക് എത്തിച്ചത്. അങ്ങനെയാണ് ആശുപത്രിയിൽ വെച്ച് താലിക്കെട്ടുന്നത്.

ആ ഒരു ദിവസം വളരെ കഠിനമായിരുന്നുവെന്നും ഒരുപാട് പ്ലാൻ ചെയ്ത് എല്ലാം നിര്‍ത്തിവെക്കേണ്ട അവസ്ഥയായിരുന്നുവെന്നും നിരവധി പേര്‍ പ്രാര്‍ത്ഥിച്ചുവെന്നും ഷാരോണ്‍ പറഞ്ഞു. ഫിസിയോതെറപ്പി നടക്കുന്നുണ്ട്. അത് കഴിഞ്ഞിട്ടാണ് മറ്റു യാത്രകളടക്കമുള്ള കാര്യങ്ങളെക്കുറിച്ച് ആലോചിക്കുകയെന്നും എല്ലാവരോടും നന്ദിയുണ്ടെന്നും ഷാരോണ്‍ പറഞ്ഞു. ഒരാള്‍ക്ക് ഒരു പ്രശ്നം വരുമ്പോള്‍ മറ്റൊരാള്‍ താങ്ങായി കൂടെ നിൽക്കുകയെന്നതും പരസ്പരം തുറന്നുള്ള സംസാരവുമാണ് ദാമ്പത്യ ബന്ധത്തിന് അടിത്തറയെന്നാണ് ഷാരോണും ആവണിയും പറയുന്നത്.ആലപ്പുഴയിലെ കൊമ്മാടിയിലാണ് ആവണിയുടെ വീട്. ഒരു കിലോമീറ്ററിന് അകലെ തുമ്പോളിയിലാണ് ഷാരോണിന്‍റെ വീട്. ഷാരോണ്‍ എഞ്ചിനീയറിങ് കോളേജ് അധ്യാപകനും ആവണി സ്കൂള്‍ അധ്യാപികയുമാണ്.

YouTube video player