ഒരുപാട് പേരോട് നന്ദിയുണ്ടെന്നും ആത്മവിശ്വാസം വർദ്ധിച്ചുവെന്നും ആയിരുന്നു ആവണിയുടെ പ്രതികരണം. നിലവിൽ ചികിത്സക്കാണ് പ്രാധാന്യം നൽകുന്നതെന്ന് പങ്കാളി ഷാരോൺ പറഞ്ഞു.

കൊച്ചി: വിവാഹദിനത്തിലുണ്ടായ അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ആവണി ആശുപത്രി വിട്ടു. ഒരുപാട് പേരോട് നന്ദിയുണ്ടെന്നും ആത്മവിശ്വാസം വർദ്ധിച്ചുവെന്നും ആയിരുന്നു ആവണിയുടെ പ്രതികരണം. നിലവിൽ ചികിത്സക്കാണ് പ്രാധാന്യം നൽകുന്നതെന്ന് പങ്കാളി ഷാരോൺ പറഞ്ഞു. ‘ഒരുപാട് പേർ എനിക്ക് വേണ്ടി പ്രാർത്ഥിച്ചിട്ടുണ്ടെന്ന് അറിയാം. വേറെ സംസ്ഥാനങ്ങളിൽ നിന്നുവരെ ആളുകൾ വിളിക്കുകയും മെസേജ് അയക്കുകയും ചെയ്തിരുന്നു. എല്ലാവരോടും ഒരുപാട് ഒരുപാട് താങ്ക്സ്. രണ്ട് കുടുംബങ്ങളുടെ പേരിലും നന്ദി’യെന്ന് ആവണി. ചെറിയൊരു ഫംഗ്ഷൻ നടത്താൻ ബന്ധുക്കള്‍ ആലോചിക്കുന്നുണ്ടെന്നും ഷാരോൺ പറഞ്ഞു.

വിവാഹ ദിനത്തിൽ പുലർച്ചെ മൂന്ന് മണിയോടെ വിവാഹത്തിന് മേക്കപ്പിടാനായി കുമരകത്തേക്ക് പോകുമ്പോഴാണ് ആവണിയും രണ്ട് ബന്ധുക്കളും സഞ്ചരിച്ച കാർ നിയന്ത്രണം തെറ്റി മരത്തിലിടിച്ച് അപകടമുണ്ടായത്. പരിക്ക് ​ഗുരുതരമായതിനെ തുടർന്ന് ആവണിയെ വിപിഎസ് ലേൿഷോർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. പിന്നീട് വീട്ടുകാരുടെ ആവശ്യപ്രകാരം നിശ്ചയിച്ച മുഹൂർത്തത്തിൽ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ വച്ച് ആവണിയുടെയും ഷാരോണിന്റെയും വിവാഹം നടന്നിരുന്നു.

അപകട വിവരമറിഞ്ഞ് വരന്‍ ഷാരോണും കുടുംബവും ആശുപത്രിയിലെത്തിയിരുന്നു. നിശ്ചയിച്ച മുഹൂര്‍ത്തത്തില്‍ തന്നെ വിവാഹം നടത്തണമെന്ന ഇരുകുടുംബങ്ങളുടെയും ആഗ്രഹം ആശുപത്രി അധികൃതർ അംഗീകരിക്കുകയായിരുന്നു. ചേര്‍ത്തല ബിഷപ്പ് മൂര്‍ സ്‌കൂള്‍ അധ്യാപികയാണ് ആലപ്പുഴ കൊമ്മാടി സ്വദേശിയായ ആവണി. ആലപ്പുഴ തുമ്പോളി സ്വദേശിയും ചേര്‍ത്തല കെ.വി.എം കോളജ് ഓഫ് എഞ്ചിനിയറിങ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയിലെ അസി. പ്രഫസറുമാണ് ആവണിയുടെ ജീവിതപങ്കാളിയായ വി.എം. ഷാരോൺ.

'പല സംസ്ഥാനങ്ങളിൽ നിന്നും ആളുകൾ വിളിച്ചു, എല്ലാവർക്കും നന്ദി'; ആവണി ആശുപത്രി വിട്ടു | Avani | Sharon