പെരുമ്പാവൂരിലെ കഞ്ചാവ് വിൽപ്പനക്കാരനിൽ നിന്ന് സിനിമാ ലോകത്തെ ഡ്രൈവറും പിന്നീട് കേരളത്തെ ഞെട്ടിച്ച നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതിയുമായി മാറിയ പൾസർ സുനിയുടെ ക്രിമിനൽ പശ്ചാത്തലം കൂട്ടബലാത്സംഗ കേസിലെ ശിക്ഷാ വിധി പ്രസ്താവിച്ച കോടതി പരിഗണിച്ചില്ല?
പെരുമ്പാവൂര്‍ ഐമുറി നടുവിലേക്കുടി വീട്ടില്‍ സുരേന്ദ്രന്‍ ശോഭന ദമ്പതികളുടെ മകനാണ് സുനിൽ കുമാർ. സുനിക്കുട്ടനെന്ന് സിനിമാക്കാർക്കിടയിൽ വിളിക്കപ്പെട്ട ഇയാൾ പൾസർ സുനിയായി മാറിയത് ഒറ്റരാത്രി കൊണ്ടല്ല. സിനിമാമേഖലയിലേക്ക് ഡ്രൈവർ കുപ്പായത്തിൽ എത്തുന്നതിന് മുൻപേ തുടങ്ങിയ കുറ്റകൃത്യങ്ങളാണ് അയാൾക്കീ ഇരട്ടപ്പേര് സമ്മാനിച്ചതും. കേരളത്തെ ഞെട്ടിച്ച കൂട്ടബലാത്സംഗ കേസിൽ ഏറ്റവും കുറഞ്ഞ ശിക്ഷയായ 20 വർഷം കഠിന തടവിന് വിധിക്കപ്പെട്ട ഇയാൾ, കേസിലെ മറ്റ് പ്രതികളേക്കാൾ മുൻപ് ജയിൽ വിടും.
27
കഞ്ചാവിൽ തുടങ്ങി പൾസറിലേക്ക്
പെരുമ്പാവൂരിൽ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കടക്കം കഞ്ചാവ് വിറ്റതിനാണ് സുനില്‍ കുമാർ ആദ്യം പൊലീസ് പിടിയിലായത്. അന്ന് ആറ് മാസത്തോളം ജയിലിൽ കഴിഞ്ഞു. പിന്നീട് പുറത്തിറങ്ങിയ ഇയാൾ, ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി നേടിയെങ്കിലും മോഷണത്തിലേക്ക് ചുവടുമാറ്റി. ജോലി ചെയ്തിരുന്ന സ്ഥാപനത്തിലെ ഉടമയുടെ പണം മോഷ്ടിച്ച് പള്‍സര്‍ ബൈക്ക് വാങ്ങിയതോടെ പൾസർ സുനി എന്ന വിളിപ്പേര് കിട്ടി. പള്‍സര്‍ ബൈക്കുകള്‍ മോഷ്ടിക്കുന്നത് പിന്നീട് ഇയാൾ പതിവാക്കി. വ്യക്തികളെ ആക്രമിക്കുന്നതും പതിവായതോടെ പെരുമ്പാവൂർ കോടനാട് പൊലീസിൻ്റെ റൗഡി ലിസ്റ്റിലും ഇയാളുടെ പേരെത്തി.
37
സിനിമാക്കാരുടെ സുനിക്കുട്ടൻ
ഇത്തരത്തിൽ പെരുമ്പാവൂരിൽ കുപ്രസിദ്ധി നേടിയിരിക്കെയാണ് സുനിൽകുമാർ സിനിമാ മേഖലയിലേക്ക് എത്തുന്നത്. പല സിനിമാ താരങ്ങളുടെയും ഡ്രൈവറായും സെറ്റുകളിലെ വാഹനങ്ങള്‍ ഓടിക്കലുമായിരുന്നു ജോലി. ദിലീപിന്‍റെ വിശ്വസ്തനായ മാനേജര്‍ അപ്പുണ്ണിയുടെ വാഹനമോടിച്ചിരുന്നതും സുനിയായിരുന്നു. ഷൂട്ടിങ് സെറ്റുകളില്‍ അടുപ്പക്കാർക്കിടയിൽ പള്‍സര്‍ സുനിയല്ല, മറിച്ച് സുനിക്കുട്ടൻ എന്നായിരുന്നു വിളിപ്പേര്. പല കേസുകളിലും പ്രതിയായിരുന്ന ഇയാൾ ഈ ഇടക്കാലത്ത് നടൻ മുകേഷിന്‍റെ ഡ്രൈവറായും പ്രവർത്തിച്ചിരുന്നു. പക്ഷെ 2013ല്‍ സുനിയെ പറഞ്ഞുവിട്ടതായാണ് നടിയെ ആക്രമിച്ച കേസിൽ പൾസർ സുനിയുടെ പേര് ഉയർന്നുവന്നപ്പോൾ മുകേഷ് പറഞ്ഞത്.
നടിയെ തട്ടിക്കൊണ്ട് കാറിൽ കയറ്റിയപ്പോൾ, താന്‍ സ്വമേധയാ ചെയ്യുന്നതല്ലെന്നും ക്വട്ടേഷന്‍ ജോലിയെന്നുമാണ് ഇയാൾ പറഞ്ഞത്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ സുനിയെ 2017 ഫെബ്രുവരി 23ന് എറണാകുളം അഡീഷണല്‍ ചീഫ് ജുഡിഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ കീഴടങ്ങാനെത്തിയപ്പോഴാണ് കോടതി മുറിക്കുള്ളില്‍ നിന്ന് പിടികൂടിയത്.
57
സുനിക്കെതിരായ വെളിപ്പെടുത്തൽ
സുനി പിടിയിലായ ശേഷം നടി മേനകാ സുരേഷും വൻ വെളിപ്പെടുത്തൽ നടത്തിയിരുന്നു. തന്നെയും സുനി തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്നായിരുന്നു വെളിപ്പെടുത്തൽ.
67
ജാമ്യത്തിലിറങ്ങിയ ശേഷവും കേസ്
നടിയെ ആക്രമിച്ച കേസിൽ ഏഴര വർഷം വിചാരണ തടവ് അനുഭവിച്ച പൾസർ സുനി ജാമ്യത്തിലിറങ്ങിയിട്ടും മാറ്റമുണ്ടായിരുന്നില്ല. പെരുമ്പാവൂര്‍ കുറുപ്പും പടിയിലെ ഹോട്ടലില്‍ അക്രമം അഴിച്ചുവിട്ട സംഭവത്തിലാണ് ഇയാൾക്കെതിരെ വർഷങ്ങൾക്ക് ശേഷം പൊലീസ് കേസെടുത്തത്.
77
എന്നിട്ടും ഏറ്റവും കുറഞ്ഞ ശിക്ഷ
നടിയെ ആക്രമിച്ച കേസിൽ കുറ്റങ്ങളെല്ലാം തെളിഞ്ഞിട്ടും കൂട്ട ബലാത്സംഗ കേസിൽ ഏറ്റവും കുറഞ്ഞ ശിക്ഷയാണ് പൾസർ സുനിക്ക് കൊടുത്തത്. മുൻകാല കുറ്റകൃത്യങ്ങൾ പോലും പൾസർ സുനിക്കെതിരായ ശിക്ഷാവിധിയിൽ കോടതി പരിഗണിച്ചില്ലേയെന്ന ചോദ്യം പല കോണുകളിൽ നിന്നും ഉയരുന്നുണ്ട്. പ്രായവും കുടുംബ പശ്ചാത്തലവുമാണ് കുറഞ്ഞ ശിക്ഷ വിധിച്ചതിന് വിശദീകരണമായി കോടതി വ്യക്തമാക്കിയത്. വിചാരണ തടവ് ഏഴര വർഷം പൂർത്തിയാക്കിയതിനാൽ അവശേഷിക്കുന്ന 13 വർഷം തടവ് ശിക്ഷ അനുഭവിച്ചാൽ മതിയെന്നതും പൾസർ സുനിക്ക് ആശ്വാസകരമാണ്. കേസിൽ ശിക്ഷിക്കപ്പെട്ടവരിൽ ആദ്യം ജയിൽശിക്ഷ പൂർത്തിയാക്കുന്നതും ഇയാളായിരിക്കും