- Home
- News
- Kerala News
- നടിയെ ആക്രമിച്ച കേസ്: ഏറ്റവും കുറഞ്ഞ ശിക്ഷ വിധിച്ച് വിചാരണ കോടതി; പൾസർ സുനിക്ക് 13 വർഷം തടവിൽ കഴിഞ്ഞാൽ മതി
നടിയെ ആക്രമിച്ച കേസ്: ഏറ്റവും കുറഞ്ഞ ശിക്ഷ വിധിച്ച് വിചാരണ കോടതി; പൾസർ സുനിക്ക് 13 വർഷം തടവിൽ കഴിഞ്ഞാൽ മതി
നടിയെ ആക്രമിച്ച കേസിൽ കുറ്റക്കാരായ 6 പേർക്ക് വിചാരണ കോടതി 20 വർഷം കഠിനതടവ് വിധിച്ചു. പ്രായം, കുടുംബ പശ്ചാത്തലം എന്നിവ പരിഗണിച്ച് കൂട്ടബലാത്സംഗ കുറ്റത്തിന് ഏറ്റവും കുറഞ്ഞ ശിക്ഷയാണിത്. പ്രതികൾ വിചാരണ തടവിൽ കഴിഞ്ഞ കാലം ശിക്ഷയിൽ നിന്ന് കുറയ്ക്കും.

ഏറ്റവും കുറഞ്ഞ ശിക്ഷ!
നടിയെ ആക്രമിച്ച കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറ് പ്രതികൾക്ക് വിചാരണ കോടതി വിധിച്ചത് കൂട്ടബലാത്സംഗ കുറ്റത്തിനുള്ള ഏറ്റവും കുറഞ്ഞ ശിക്ഷ. പ്രതികൾ വിചാരണ തടവുകാരായി കഴിഞ്ഞ കാലം കൂടി ശിക്ഷാ കാലാവധിയായി കണക്കാക്കുമെന്നാണ് വിധി. പ്രതികളുടെ പ്രായം, ചില പ്രതികൾ മുൻപ് കുറ്റം ചെയ്തിട്ടില്ലെന്നതും എല്ലാവരുടെയും കുടുംബ പശ്ചാത്തലവും കണക്കിലെടുത്താണ് കോടതി ശിക്ഷ വിധിച്ചത്. എല്ലാ പ്രതികൾക്കുും 20 വർഷം കഠിനതടവും 50000 രൂപ പിഴയുമാണ് ശിക്ഷ. പിഴത്തുക അതിജീവിതയായ നടിക്ക് നൽകണം.
പൾസർ സുനിക്ക് 13 വർഷം ജയിലിൽ കഴിഞ്ഞാൽ മതി
കേസിൽ ഒന്നാം പ്രതി പെരുമ്പാവൂര്‍ വേങ്ങൂര്‍ നടുവിലേക്കുടി വീട്ടില്‍ സുരേന്ദ്രന്‍ മകന്‍ സുനില്‍ എന്‍.എസ് എന്ന പള്‍സര്‍ സുനിയാണ്. ഇയാൾക്ക് കൂട്ടബലാത്സംഗ കേസിൽ 20 വർഷത്തിന് പുറമെ അഞ്ച് വർഷം അധിക ശിക്ഷയും വിധിച്ചെങ്കിലും 20 വർഷം മാത്രം തടവുശിക്ഷ അനുഭവിച്ചാൽ മതി. ഇതിനോടകം ഏഴ് വർഷം വിചാരണ തടവിൽ കഴിഞ്ഞ ഇയാൾക്ക് ഇപ്പോൾ മുതൽ 13 വർഷം കൂടി ശിക്ഷ അനുഭവിച്ചാൽ പുറത്തിറങ്ങാം.
മാര്‍ട്ടിന്‍ ആന്‍റണിക്കും 13 വർഷം കഠിന തടവ്
രണ്ടാം പ്രതി കൊരട്ടി തിരുമുടികുന്നുകര പുതുശേരി വീട്ടില്‍ ആന്‍റണി മകന്‍ മാര്‍ട്ടിന്‍ ആന്‍റണിയാണ്. അതിജീവിതയുടെ ഡ്രൈവറായിരുന്നു ഇയാൾ. ഇയാൾക്കും 20 വർഷമാണ് തടവുശിക്ഷ. ഏഴ് വർഷം വിചാരണ തടവ് അനുഭവിച്ചതിനാൽ 13 വർഷം കൂടി തടവുശിക്ഷ അനുഭവിച്ചാൽ മതി. തന്നെ ജയിൽ മാറ്റണം എന്നും കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റണമെന്നും കോടതിയോട് ഇയാൾ ആവശ്യപ്പെട്ടു. കോടതി ഇക്കാര്യം പരിഗണിക്കാമെന്നും വ്യക്തമാക്കി.
മണികണ്‌ഠന് ബാക്കി 17 വർഷം
മൂന്നാം പ്രതി തമ്മനം മണപ്പാട്ടിപ്പറമ്പില്‍ ബാബു മകന്‍ ബി.മണികണ്ഠനാണ്. ഇയാളും 20 വർഷം തടവുശിക്ഷയ്ക്കാണ് വിധിക്കപ്പെട്ടത്. എന്നാൽ മൂന്നര വർഷമാണ് വിചാരണ തടവിലാണ് ഇയാൾ. അവശേഷിക്കുന്ന 17 വർഷം തടവിൽ കഴിയണം.
വിജീഷിന് ബാക്കി 18 വർഷം
നാലാം പ്രതി കണ്ണൂര്‍ കതിരൂര്‍ മംഗലശ്ശേരി വീട്ടില്‍ രാമകൃഷ്ണന്‍ മകന്‍ വി.പി.വിജീഷാണ്. ഇയാൾ 2 വർഷമായി വിചാരണ തടവിൽ കഴിയുകയാണ്. ഇയാൾക്ക് 18 വർഷം കൂടി ശിക്ഷ അനുഭവിക്കണം.
വടിവാൾ സലീമിന് 18 വർഷം
അഞ്ചാം പ്രതി എറണാകുളം കുന്നുംപുറം പള്ളിക്കപ്പറമ്പില്‍ വീട്ടില്‍ ഹസ്സന്‍ മകന്‍ എച്ച് സലീം എന്ന വടിവാള്‍ സലിമാണ്. 2 വർഷം വിചാരണ തടവ് അനുഭവിച്ച പ്രതിക്ക് 20 വർഷത്തെ ശിക്ഷയിൽ അവശേഷിക്കുന്ന 18 വർഷം തടവിൽ കഴിഞ്ഞാൽ മതി.
പ്രതീപിനും ബാക്കി 18 വർഷം
ആറാം പ്രതി തിരുവല്ല പെരിങ്ങറ പഴയനിലത്തില്‍ വീട്ടില്‍ ഉഷ ശ്രീഹരന്‍ മകന്‍ പ്രതീപും 2 വർഷമായി വിചാരണ തടവുകാരനാണ്. 20 വർഷം കഠിന തടവാണ് ഇയാൾക്കും വിധിച്ചത്. 18 വർഷമാണ് ശിക്ഷ വിധിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

