പുരുഷന്മാര്‍ കുറവ്, 'ഭർത്താക്കന്മാരെ' മണിക്കൂറിന് വാടകയ്ക്കെടുത്ത് സ്ത്രീകൾ?

Published : Dec 05, 2025, 10:17 PM IST

പുരുഷന്മാര്‍ സ്ത്രീകളേക്കാള്‍ വളരെ കുറവ്. വീട്ടുകാര്യങ്ങളിൽ സഹായിക്കാനായി ലാത്വിയയിൽ സ്ത്രീകൾ താൽക്കാലികമായി 'ഭർത്താക്കന്മാരെ വാടകയ്ക്കെടുക്കുന്നു'വെന്ന് റിപ്പോർട്ട്

PREV
16

പുരുഷന്മാർ കുറവായതിനാൽ വീട്ടുകാര്യങ്ങളിൽ സഹായിക്കാനായി ലാത്വിയയിൽ സ്ത്രീകൾ താൽക്കാലികമായി 'ഭർത്താക്കന്മാരെ വാടകയ്ക്കെടുക്കുന്നു'വെന്ന് ന്യൂയോർക്ക് പോസ്റ്റിന്റെ റിപ്പോർട്ട്. യൂറോസ്റ്റാറ്റിന്റെ കണക്കനുസരിച്ച്, ഇവിടെ പുരുഷന്മാരേക്കാൾ 15.5% കൂടുതൽ സ്ത്രീകളാണത്രെ ഉള്ളത്. ഇത് യൂറോപ്യൻ യൂണിയനിലെ ശരാശരി സ്ത്രീപുരുഷ അനുപാതത്തിന്റെ മൂന്നിരട്ടിയിലധികമാണ്. വേൾഡ് അറ്റ്ലസ് സൂചിപ്പിക്കുന്നത് പ്രകാരം, 65 വയസോ അതിൽ കൂടുതലോ പ്രായമുള്ളവരിൽ, പുരുഷന്മാരേക്കാൾ ഇരട്ടി സ്ത്രീകൾ രാജ്യത്ത് ഉണ്ടെന്നും റിപ്പോർട്ടുണ്ട്.

26

'ദി പോസ്റ്റ്' റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം, ജോലിസ്ഥലങ്ങളിലും ജീവിതത്തിന്റെ മറ്റ് മേഖലകളിലും എല്ലാം പുരുഷന്മാരുടെ ഈ കുറവ് ദൃശ്യമാണെന്ന് സ്ത്രീകൾ പറയുന്നു. ഫെസ്റ്റിവലുകളിൽ ജോലി ചെയ്യുന്ന ഡാനിയ പറയുന്നത്, തന്റെ സഹപ്രവർത്തകരിൽ ഭൂരിഭാഗവും സ്ത്രീകളാണെന്നാണ്. സ്ത്രീകളോടൊപ്പം പ്രവർത്തിക്കുന്നത് ആസ്വദിക്കുമ്പോൾ തന്നെ, അതുപോലെ പുരുഷന്മാരും ഉണ്ടായിരുന്നെങ്കിൽ അത് സാമൂഹിക ഇടപെടലുകളെ കൂടുതൽ ആകർഷകമാക്കുമെന്നാണ് അവർ പറയുന്നത്.

36

അതേസമയം തന്നെ പുരുഷന്മാർ വളരെ കുറവായത് കാരണം പങ്കാളികളെ കണ്ടെത്താനായി നിരവധി സ്ത്രീകൾ വിദേശത്തേക്ക് യാത്ര ചെയ്യാറുണ്ടെന്നാണ് അവരുടെ സുഹൃത്ത് സെയ്ൻ പറയുന്നത്.

46

പുരുഷന്മാരായ പങ്കാളികൾ ഇല്ലാത്തതിനാൽ തന്നെ വീട്ടിലെ പല ജോലികളും കൈകാര്യം ചെയ്യുന്നതിന്, നിരവധി ലാത്വിയൻ സ്ത്രീകൾ ഹാൻഡ്‌മാൻമാരെ വാടകയ്‌ക്കെടുക്കുകയാണ് ചെയ്യുന്നത്. Komanda24 പോലുള്ള ഇത്തരം സർവീസുകൾ നൽകുന്ന പ്ലാറ്റ്‌ഫോമുകൾ പ്ലംബിംഗ്, മരപ്പണി, അറ്റകുറ്റപ്പണികൾ, ടെലിവിഷൻ ഇൻസ്റ്റാളേഷൻ എന്നിവയിൽ സഹായിക്കുന്ന പുരുഷന്മാരുടെ സേവനം വാ​ഗ്ദ്ധാനം ചെയ്യുന്നു.

56

മറ്റൊരു സർവീസായ Remontdarbi.lv, സ്ത്രീകൾക്ക് ഓൺലൈനായോ ഫോണിലൂടെയോ ഒരു മണിക്കൂർ നേരത്തേക്ക് 'ഭർത്താവിനെ' ബുക്ക് ചെയ്യാൻ അവസരം നൽകുന്നു. വീട്ടിലെ പുരുഷന്മാർ ചെയ്യുന്നതെന്ന് പറയപ്പെടുന്ന ജോലികളായ പെയിന്റിംഗ്, കർട്ടനുകൾ ശരിയാക്കൽ, മറ്റ് അറ്റകുറ്റപ്പണികൾ എന്നിവയൊക്കെ കൈകാര്യം ചെയ്യാൻ വേണ്ടിയാണ് അവർ തൊഴിലാളികളെ നൽകുന്നത്. അതിനാൽ മാത്രമാണ് 'ഭർത്താക്കന്മാർ' എന്ന് ഇവരെ പറയുന്നതും.

66

പുരുഷന്മാരുടെ കുറയുന്ന ആയുർദൈർഘ്യം, ഉയർന്ന പുകവലി നിരക്ക്, ജീവിതശൈലിയുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്നങ്ങൾ ഇവയൊക്കെയാണ് ലാത്വിയയിലെ ഈ അവസ്ഥയ്ക്ക് കാരണമെന്ന് വിദഗ്ദ്ധർ പറയുന്നു. വേൾഡ് അറ്റ്ലസ് അനുസരിച്ച്, ലാത്വിയയിലെ പുരുഷന്മാരിൽ 31% പേർ പുകവലിക്കുന്നവരാണ്. സ്ത്രീകളിൽ ഇത് വെറും 10% മാത്രമാണ്, കൂടുതൽ പുരുഷന്മാരും അമിതഭാരമുള്ളവരാണെന്നും റിപ്പോർട്ടുകൾ പറയുന്നു.

Read more Photos on
click me!

Recommended Stories