ഉത്തർപ്രദേശിൽ വിവാഹം കഴിഞ്ഞ് ഭർതൃവീട്ടിലെത്തി 20 മിനിറ്റിനകം നവവധു വിവാഹബന്ധം ഉപേക്ഷിച്ചു. വീട്ടുകാരുടെയും നാട്ടുകാരുടെയും ചോദ്യങ്ങൾക്കു മുന്നിൽ കാരണം വെളിപ്പെടുത്താതെ യുവതി ഉറച്ചുനിന്നതോടെ,  നീണ്ട ചർച്ചകൾക്കൊടുവിൽ പഞ്ചായത്ത് വിവാഹം അസാധുവാക്കി.

സാധാരണമായ ഒരു വാർത്തയാണ് ഉത്തർപ്രദേശില്‍ നിന്നും വരുന്നത്. വിവാഹം കഴിഞ്ഞ് ഭർതൃവീട്ടിലെത്തിയ നവവധു പിന്നാലെ വിവാഹം ഉപേക്ഷിച്ചു. ഭർതൃ വീട്ടുകാരും നാട്ടുകാരും എന്തിന് സ്വന്തം വീട്ടുകാരും നാട്ടുക്കൂട്ടവും ആവശ്യപ്പെട്ടിട്ട് പോലും യുവതി തന്‍റെ തീരുമാനത്തില്‍ നിന്നും പിന്മാറിയില്ല. ഒടുവില്‍ ഇരുവരുടെയും മണിക്കൂറുകൾക്ക് മുമ്പ് മാത്രം നടന്ന വിവാഹം അസാധുവായതായി പഞ്ചായത്ത് പ്രഖ്യാപിച്ചു. അപ്പോഴും വധു എന്തിനാണ് വിവാഹ ബന്ധം വേർപെടുത്തിയതെന്നതിന് മാത്രം ആരുടെയും കൈയില്‍ ഉത്തരമില്ലായിരുന്നു.

വിവാഹം പിന്നാലെ വിവാഹ മോചനം

ഉത്തർപ്രദേശിലെ ദിയോറിയയിൽ മാസങ്ങളുടെ ആലോചനകൾക്കും കൂടിക്കാഴ്ചകൾക്കും ശേഷമാണ് ഭാലുവാനിയിൽ ഒരു ജനറൽ സ്റ്റോർ നടത്തുന്ന വിശാൽ മധേസിയ സേലംപൂരിലെ പൂജയെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചത്. നവംബർ 25 നായിരുന്നു ഇരുവരുടെയും വിവാഹം. അന്ന് വൈകീട്ട് ഏഴ് മണിയോടെ വരനും സംഘവും അടങ്ങിയ വിവാഹ ഘോഷയാത്ര വധുവിന്‍റെ വീട്ടിലെത്തി. അന്ന് രാത്രി വധൂ ഗൃഹത്തിൽ വച്ച് ഇരുവരുടെയും വിവാഹം നടത്തി. പിന്നാലെ വരന്‍റെ കുടുംബത്തോടൊപ്പം വധു തന്‍റെ പുതിയ വീട്ടിലേക്ക് മടങ്ങി. വരന്‍റെ വീട്ടിലെത്തിയ വധു, മണിയറയിലേക്ക് കയറി 20 മിനിറ്റിന് ശേഷം ഇറങ്ങിവന്നു. പിന്നാലെ വിവാഹത്തില്‍ നിന്നും പിന്മാറുന്നതായി അറിയിച്ചു. 'എന്‍റെ മാതാപിതാക്കളെ വിളിക്കൂ. ഞാൻ ഇവിടെ താമസിക്കില്ല.' എന്നായിരുന്നു വധു ആവര്‍ത്തിച്ച് കൊണ്ടിരുന്നത്.

Scroll to load tweet…

പ്രശ്നം പഞ്ചായത്തിലേക്ക്

വരന്‍റെ കുടുംബവും പ്രദേശവാസികളും ആവ‍ർത്തിച്ച് ആവശ്യപ്പെട്ടിട്ടും കാരണമെന്താണെന്ന് മാത്രം യുവതി പറഞ്ഞില്ല. വിവാഹ നിശ്ചയത്തിന് ശേഷം തങ്ങൾ പല തവണ സംസാരിച്ചിട്ടുണ്ടെന്നും എന്നാല്‍ ഒരിക്കല്‍ പോലും വിവാഹത്തിന് എതിരാണെന്ന് അവൾ പറഞ്ഞിരുന്നില്ലെന്നും വരന്‍ പറയുന്നു. യുവതിയുടെ നിർബന്ധം കാരണം വരന്‍റെ വീട്ടുകാര്‍ യുവതിയുടെ വീട്ടുകാരെ വിളിച്ച് കാര്യം പറഞ്ഞു. പിന്നാലെ വധുവിന്‍റെ കുടംബമെത്തി. അവരും യുവതിയോട് കാരണം അന്വേഷിച്ചെങ്കിലും അത് മാത്രം പറയാന്‍ യുവതി തയ്യാറായില്ലെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു.

പിന്നാലെ നാട്ടുകാരുടെയും വീട്ടുകാരുടെയും ആവശ്യപ്രകാരം പഞ്ചായത്ത് വിളിച്ചു. ഏതാണ്ട് അഞ്ച് മണിക്കൂറോളം നേരം പഞ്ചായത്ത് കൂടിയിട്ടും തന്‍റെ തീരുമാനത്തിന്‍റെ കാരണം വെളിപ്പെടുത്താന്‍ യുവതി തയ്യാറായില്ല. ഒടുവില്‍ ഇരുവരുടെയും വിവാഹ മോചനം പഞ്ചായത്ത് അംഗീകരിച്ചു. ഇരുവർക്കും പുനർവിവാഹം നടത്താമെന്നും പഞ്ചായത്ത് അറിയിച്ചു. നവവധുവിന്‍റെ നിലപാട് തനിക്കും കുടുംബത്തിനും മാനഹാനിയുണ്ടാക്കിയെന്ന് വരന്‍ ആരോപിച്ചു. വിവാഹത്തിന്‍റെ തയ്യാറാടുപ്പിനായി ചെലവായ തുക ഇരുവരും പരസ്പരം കൈമാറണമെന്നും പഞ്ചായത്ത് അറിയിച്ചു.

രൂക്ഷ പ്രതികരണം

സംഭവം സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ഇത് സംബന്ധിച്ച ഒരു കുറിപ്പ് മൂന്നരലക്ഷം പേരാണ് കണ്ടത്. ബ്ലിങ്കിറ്റ് കല്യാണമെന്നായിരുന്നു ചിലരുടെ കുറിപ്പ്. വധുവിനും കുടുംബത്തിനും കനത്ത പിഴ ചുമത്തുകയും ശിക്ഷ നൽകുകയും വേണം. ആളുകൾ വിവാഹത്തെ ഒരു തമാശയും രക്ഷപ്പെടാനുള്ള മാർഗവുമാക്കി മാറ്റി. വിവാഹത്തെക്കുറിച്ച് മാത്രം സംസാരിക്കുമ്പോൾ ഈ ധൈര്യം എവിടെയായിരുന്നുവെന്നായിരുന്നു മറ്റൊരാളുടെ ചോദ്യം. 20 മിനിറ്റ് ട്രയൽ പിരീഡ്, അവൾ അൺസബ്‌സ്‌ക്രൈബ് ക്ലിക്ക് ചെയ്തെന്ന് മറ്റൊരാൾ തമാശ പറഞ്ഞു.