വർഷങ്ങളായി സമൂഹത്തിൽ നിലനിൽക്കുന്ന സ്ത്രീവിരുദ്ധ ചിന്താ​ഗതികളുടെ ബാക്കിയാണ് ഇത് എന്നും പലരും പറഞ്ഞു.

ചൈനയിൽ പുരുഷന്മാരുടെ വസ്ത്രങ്ങളുടെ ഒരു ബ്രാൻഡ് ഇപ്പോൾ തങ്ങളുടെ ഒരു ലോൺട്രി ടാ​​​ഗിന്റെ പേരിൽ വലിയ വിമർ‌ശനം നേരിട്ടു കൊണ്ടിരിക്കുകയാണ്. സ്ത്രീകൾക്കെതിരെയുള്ള വിവേചനമാണ് ഈ വാക്കുകൾ സൂചിപ്പിക്കുന്നത് എന്ന് ആരോപിച്ചുകൊണ്ട് വലിയ വിമർശനം തന്നെ ഇതിനെതിരെ ഉയർന്നു കഴിഞ്ഞു. വസ്ത്രം എങ്ങനെ അലക്കണം എന്ന നിർദ്ദേശമാണ് ഇതിലൂടെ നൽകിയിരിക്കുന്നത്. ടാ​ഗിലെ വാചകം ഇങ്ങനെയാണ്, 'ദയവായി നിങ്ങളുടെ പ്രിയപ്പെട്ട സ്ത്രീക്ക് ഇത് നൽകുക, അവൾക്ക് എല്ലാം അറിയാം'. മാത്രമല്ല, എങ്ങനെ അലക്കണം എന്നതിനെ കുറിച്ചുള്ള മറ്റൊരു നിർദ്ദേശവും ഇതിനൊപ്പം നൽകിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്. ഇതിനൊപ്പമുള്ള ക്യുആർ കോഡ് സ്കാൻ ചെയ്യുമ്പോൾ ബ്രാൻഡിന്റെ സോഷ്യൽ മീഡിയാ അക്കൗണ്ടും കാണാം.

അതായത്, ഈ വസ്ത്രം നിങ്ങളുടെ വീട്ടിലെ സ്ത്രീക്ക് നൽകിയാൽ മതി, അത് എങ്ങനെ അലക്കണമെന്ന് അവർക്ക് അറിയാം. അവർ അത് അലക്കിക്കോളും എന്നാണ് ഈ വാചകം കൊണ്ട് ബ്രാൻഡ് ഉദ്ദേശിക്കുന്നത്. ചൈനീസിലും ഇം​ഗ്ലീഷിലും ഇത് എഴുതിയിട്ടുണ്ട്. റിപ്പോർട്ട് അനുസരിച്ച്, ജിയാങ്‌സു ആസ്ഥാനമായുള്ള ഗു ഷുവോ കാങ് ഷെങ് ഗാർമെന്റ് കമ്പനിയാണ് ഇത്തരത്തിൽ തികച്ചും സ്ത്രീവിരുദ്ധമായ ഒരു വാചകം തങ്ങളുടെ വസ്ത്രത്തിനൊപ്പം നൽകിയിരിക്കുന്നത്. സോഷ്യൽ മീഡിയ യൂസർമാർ വളരെ ശക്തമായിത്തന്നെ കമ്പനിയുടെ ഈ നിലപാടിനെ വിമർശിച്ചു. ബ്രാൻഡ് ബഹിഷ്‌കരിക്കണമെന്നും പലരും ആഹ്വാനം ചെയ്തു.

വർഷങ്ങളായി സമൂഹത്തിൽ നിലനിൽക്കുന്ന സ്ത്രീവിരുദ്ധ ചിന്താ​ഗതികളുടെ ബാക്കിയാണ് ഇത് എന്നും പലരും പറഞ്ഞു. കാലങ്ങളായി അലക്കുക എന്നത് സ്ത്രീകളുടെ ജോലിയാണ് എന്ന് വിശ്വസിക്കുന്ന സമൂഹമാണ് നമുക്ക് മുന്നിലുള്ളത് ആ ചിന്താ​ഗതി ഊട്ടിയുറപ്പിക്കുന്നതാണ് ഈ വാചകമെന്നും പലരും അഭിപ്രായപ്പെട്ടു. ചൈനീസ് സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധം ഉയർന്നതിനെത്തുടർന്ന്, കമ്പനി വക്താവ് യാങ് ഇതുമായി ബന്ധപ്പെട്ട് പിന്നീട് ക്ഷമാപണം നടത്തിയതായി ലിഷി ന്യൂസ് റിപ്പോർട്ട് ചെയ്തു. സ്ത്രീകളോട് വിവേചനം കാണിക്കാൻ കമ്പനി ഉദ്ദേശിച്ചിട്ടില്ലെന്നും അവർ പറഞ്ഞു.