നിങ്ങളുടെ ശരീരത്തിന്റെ റിമോട്ട് കൺട്രോൾ: ശരീരം രഹസ്യമായി ഉത്പാദിപ്പിക്കുന്ന 12 ഹോർമോണുകൾ

Published : Nov 03, 2025, 07:05 PM IST
brain

Synopsis

നമ്മുടെ മെറ്റബോളിസം, ഉറക്കം, മാനസികാവസ്ഥ, പ്രത്യുത്പാദനം തുടങ്ങി ശരീരത്തിലെ പല സുപ്രധാന പ്രവർത്തനങ്ങളും ഹോർമോണുകളെ ആശ്രയിച്ചാണ്. നമ്മുടെ ചിന്തകളെ, എന്തിന് ഓരോ സമയത്തേയും മൂഡിനെ വരെ സ്വാധീനിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നത്..

നിങ്ങളുടെ മൂഡ്, സ്ട്രെസ് ലെവൽ, എന്തിന്, രാത്രിയുള്ള ഉറക്കം പോലും കൺട്രോൾ ചെയ്യുന്നത് നിങ്ങളുടെ ബോഡിയിലെ കുഞ്ഞു 'കെമിക്കൽ മെസ്സഞ്ചർമാർ' ആണെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? യെസ്, നിങ്ങളുടെ ലൈഫിലെ എല്ലാ മെയിൻ ഇവന്റുകൾക്കും പിന്നിൽ ഈ 12 ഹോർമോൺ സൂപ്പർസ്റ്റാറുകൾക്ക് ഒരു വലിയ പങ്കുണ്ട്. ഹോര്‍മോൺ അസന്തുലിതാവസ്ഥ മൂലം പലവിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങള്‍ അനുഭവിക്കുന്നവരുണ്ട്. പ്രമേഹം, തൈറോയ്ഡ് തകരാറുകള്‍, പൊണ്ണത്തടി, പിസിഒഡി, ഫാറ്റി ലിവര്‍, അമിത രക്തസമ്മര്‍ദ്ദം, ഉയര്‍ന്ന കൊളസ്‌ട്രോള്‍, ക്രമരഹിതമായ ആര്‍ത്തവം, മുടി കൊഴിച്ചില്‍ തുടങ്ങിയവ അവയിൽ പ്രധാനപ്പെട്ടതാണ്. ഒരു ബ്ലോക്ക്ബസ്റ്റർ ഡ്രാമ പോലെയാണ് ഇവ നമ്മുടെ ജീവിതം റൺ ചെയ്യുന്നത്. ആരാണീ 12 പേർ?

1. ഡോപാമൈൻ - 'പ്രതിഫലം' തേടുന്ന ഹോർമോൺ

തലച്ചോറിലെ ന്യൂറോണുകൾ ഉത്പാദിപ്പിക്കുന്ന ഒരു ന്യൂറോട്രാൻസ്മിറ്ററും ഹോർമോണുമാണ് ഡോപാമൈൻ. ഒരു ലക്ഷ്യം നേടുമ്പോഴോ, ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കുമ്പോഴോ, പുതിയൊരു കാര്യം പഠിക്കുമ്പോഴോ ഡോപാമൈൻ ഉൽപദിപ്പിക്കപ്പെടുന്നു. ഇത് സന്തോഷവും പ്രചോദനവും നൽകുകയും, ഇത് ആ പ്രവർത്തി വീണ്ടും ചെയ്യാൻ നമ്മെ പ്രേരിപ്പിക്കുന്നു. ഡോപാമൈൻ കുറയുന്നത് ശ്രദ്ധയില്ലായ്മ, ക്ഷീണം, വിഷാദം എന്നിവയ്ക്ക് കാരണമാകാം. പാർക്കിൻസൺസ് രോഗത്തിൽ ഡോപാമൈൻ ഉത്പാദിപ്പിക്കുന്ന കോശങ്ങൾ നശിച്ചുപോകുന്നു.

2. സെറോട്ടോണിൻ - മാനസികാവസ്ഥയുടെ സ്ഥിരത

നമ്മുടെ മാനസികാവസ്ഥ, സന്തോഷം, ഉറക്കം, ദഹനം ലൈംഗിക താൽപ്പര്യം എന്നിവ നിയന്ത്രിക്കുന്ന ഒരു പ്രധാന ന്യൂറോട്രാൻസ്മിറ്ററാണ് സെറോട്ടോണിൻ.'ഹാപ്പി ഹോർമോൺ' എന്നും ഇത് അറിയപ്പെടുന്നു. ഇതിൻ്റെ 90% ഉത്പാദിപ്പിക്കുന്നത് കുടലിലെ കോശങ്ങളിലാണ്. സെറോട്ടോണിൻ കുറയുന്നത് വിഷാദം, ഉത്കണ്ഠ, ഉറക്കമില്ലായ്മ, ദഹന സംബന്ധമായ പ്രശ്നങ്ങൾ എന്നിവയിലേക്ക് നയിച്ചേക്കാം. ദഹനവ്യവസ്ഥയുടെ ആരോഗ്യവും ഇതിന് പ്രധാനമാണ്. സൂര്യപ്രകാശം ഏൽക്കുകന്നത് ഇതിൻ്റെ ഉൽപാദനം വർദ്ധിപ്പിക്കും.

3. ഓക്സിടോസിൻ - ബന്ധങ്ങളുടെ ഹോർമോൺ

തലച്ചോറിലെ ഹൈപ്പോതലാമസിൽ ഉത്പാദിപ്പിക്കുകയും പീറ്റ്യൂട്ടറി ഗ്രന്ഥിയിൽ നിന്ന് പുറത്തുവരികയും ചെയ്യുന്ന ഹോർമോൺ ആണ് ഓക്സിടോസിൻ. 'ലവ് ഹോർമോൺ' എന്നറിയപ്പെടുന്ന ഓക്സിടോസിൻ, വിശ്വാസം, അടുപ്പം, ദയ, വാത്സല്യം എന്നിവ പ്രോത്സാഹിപ്പിക്കുന്നു. മാതാവും കുഞ്ഞും തമ്മിലുള്ള ബന്ധം, പ്രസവസമയത്തെ ഗർഭാശയ സങ്കോചങ്ങൾ, ലൈംഗിക ബന്ധം തുടങ്ങിയ കാര്യങ്ങളിൽ ഇത് വലിയ പങ്ക് വഹിക്കുന്നു. കെട്ടിപ്പിടിക്കുമ്പോഴും, സ്നേഹ ബന്ധങ്ങളിൽ ഏർപ്പെടുമ്പോഴും ഇതിന്റെ ഉത്പാദനം വർദ്ധിക്കുന്നു. പ്രസവസമയത്ത് ഗർഭപാത്രത്തെ സങ്കോചിപ്പിക്കാനും മുലയൂട്ടലിന് സഹായിക്കാനും ഇതിന് കഴിവുണ്ട്.

4. കോർട്ടിസോൾ - സമ്മർദ്ദത്തിന്റെ കാര്യസ്ഥൻ

ഇത് അഡ്രിനൽ ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന ഒരു സ്റ്റിറോയിഡ് ഹോർമോണാണ്. ഇത് ശരീരത്തിൻ്റെ പ്രതികരണത്തെയും മെറ്റബോളിസത്തെയും നിയന്ത്രിക്കുന്നു. ഇതിനെ 'സ്ട്രെസ് ഹോർമോൺ' എന്നും പറയും. ശരീരത്തിന് ഒരു വെല്ലുവിളി നേരിടുമ്പോൾ, ഊർജ്ജത്തിനായി ഗ്ലൂക്കോസ് തലച്ചോറിലേക്ക് എത്തിക്കാനും, അനാവശ്യമായ പ്രവർത്തനങ്ങളെ താൽക്കാലികമായി നിർത്താനും ഇത് സഹായിക്കുന്നു. എന്നാൽ ദീർഘകാലത്തെ ഉയർന്ന കോർട്ടിസോൾ അളവ് അപകടകരമാണ്. ഇത് ഭാരം കൂടുക, ഉറക്കമില്ലായ്മ, ഉയർന്ന രക്തസമ്മർദ്ദം, പ്രതിരോധശേഷി കുറയുക, വിഷാദം എന്നിവയിലേക്ക് നയിക്കും

5. മെലടോണിൻ - ഉറക്കത്തിന്റെ രാജാവ്

തലച്ചോറിലെ പീനിയൽ ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന ഹോർമോണാണിത്. നമ്മുടെ ഉറക്കവും ഉണർവും നിയന്ത്രിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു. ഇരുട്ട് വീഴുമ്പോൾ തലച്ചോറിലെ പീനിയൽ ഗ്രന്ഥി മെലടോണിൻ ഉത്പാദിപ്പിക്കാൻ തുടങ്ങുന്നു, ഇത് നമ്മെ ഉറക്കത്തിലേക്ക് നയിക്കുന്നു. വെളിച്ചം കൂടുമ്പോൾ ഇതിന്റെ ഉത്പാദനം കുറയുന്നു. ഇതിൻ്റെ അളവ് കുറയുന്നത് ഉറക്കമില്ലായ്മ, ക്ഷീണം എന്നിവയ്ക്ക് കാരണമാകും. ഇതിൻ്റെ അളവ് വർദ്ധിപ്പിക്കാൻ, ഉറങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പ് മൊബൈൽ, ടിവി സ്ക്രീനുകൾ ഒഴിവാക്കുക, മുറിയിൽ പൂർണ്ണമായ ഇരുട്ട് ഉറപ്പാക്കുക, കൃത്യ സമയത്ത് ഉറങ്ങുക.

6. ഗ്രെലിൻ - വിശപ്പിന്റെ ഹോർമോൺ

ഇത് ആമാശയത്തിൽ ഉത്പാദിപ്പിക്കപ്പെടുന്ന ഹോർമോണാണ്. വിശപ്പിന്റെ ഹോർമോൺ എന്നറിയപ്പെടുന്ന ഗ്രെലിൻ, വയറ് ഒഴിഞ്ഞിരിക്കുമ്പോൾ തലച്ചോറിന് വിശക്കുന്നു എന്ന സന്ദേശം നൽകുന്നു. ഭക്ഷണം കഴിക്കാനുള്ള പ്രേരണ നൽകുന്നത് ഈ ഹോർമോണാണ്. ഗ്രെലിൻ്റെ അളവ് വളരെ ഉയർന്നാൽ അമിതമായി ഭക്ഷണം കഴിക്കാൻ തോന്നുകയും അത് അമിതവണ്ണത്തിലേക്ക് നയിക്കുകയും ചെയ്യും.

7. ഇൻസുലിൻ - ഊർജ്ജത്തിന്റെ മാനേജർ

പാൻക്രിയാസിലെ ബീറ്റാ കോശങ്ങൾ ഉത്പാദിപ്പിക്കുന്ന വളരെ പ്രധാനപ്പെട്ട ഒരു പെപ്റ്റൈഡ് ഹോർമോണാണിത്. നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലെ ഗ്ലൂക്കോസ് രക്തത്തിൽ നിന്ന് കോശങ്ങളിലേക്ക് എത്തിച്ച്, ഊർജ്ജമായി ഉപയോഗിക്കാനോ സംഭരിക്കാനോ സഹായിക്കുന്നത് ഇൻസുലിനാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിൽ ഇതിന് പ്രധാന പങ്കുണ്ട്. ഇൻസുലിൻ ഉത്പാദനം കുറയുകയോ അല്ലെങ്കിൽ കോശങ്ങൾ ഇൻസുലിനോട് പ്രതികരിക്കാതിരിക്കുകയോ ചെയ്യുന്നത് ഉയർന്ന രക്തത്തിലെ പഞ്ചസാരയ്ക്കും പ്രമേഹത്തിനും കാരണമാകും. ഇത് പരിഹരിക്കുന്നതിനായി പതിവായ വ്യായാമം ചെയ്യുക, പഞ്ചസാരയുടെ അളവ് കുറയ്ക്കുക, ആരോഗ്യകരമായ ഭാരം നിലനിർത്തുക.

8. തൈറോയ്ഡ് ഹോർമോണുകൾ - മെറ്റബോളിസത്തിന്റെ എഞ്ചിൻ

കഴുത്തിലെ ചിത്രശലഭത്തിൻ്റെ ആകൃതിയിലുള്ള തൈറോയ്ഡ് ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന തൈറോക്സിൻ (T4), ട്രൈഅയഡോതൈറോണിൻ (T3) എന്നിവയാണ് പ്രധാന ഹോർമോണുകൾ. ശരീരത്തിന്റെ മൊത്തത്തിലുള്ള മെറ്റബോളിസം നിയന്ത്രിക്കുന്നത് തൈറോയ്ഡ് ഗ്രന്ഥി ഉൽപദിപ്പിക്കുന്ന ഹോർമോണുകളാണ്. ഇത് ഹൃദയമിടിപ്പ്, ശരീര താപനില, ദഹനം, തൂക്കം എന്നിവയിൽ നിർണ്ണായകമായ സ്വാധീനം ചെലുത്തുന്നു.

  • ഹൈപ്പോതൈറോയിഡിസം : മെറ്റബോളിസം കുറയുന്നു, ക്ഷീണം, ഭാരം കൂടുക, തണുപ്പ് സഹിക്കാൻ കഴിയാതിരിക്കുക.
  •  ഹൈപ്പർതൈറോയിഡിസം: മെറ്റബോളിസം കൂടുന്നു, ഭാരം കുറയുക, ഹൃദയമിടിപ്പ് കൂടുക, അമിതമായ ചൂട്.

അയഡിൻ, സെലിനിയം, സിങ്ക് എന്നിവ അടങ്ങിയ ഭക്ഷണം കഴിക്കുക, ഡോക്ടറുടെ നിർദ്ദേശപ്രകാരം മരുന്നുകൾ കഴിക്കുക എന്നിവയാണ് അത് പരിഹരിക്കാനുള്ള മാർഗ്ഗങ്ങൾ.

9. അഡ്രിനാലിൻ - അതിജീവനത്തിന്റെ പ്രേരകൻ

അഡ്രിനൽ മെഡുല്ല ഉത്പാദിപ്പിക്കുന്ന ഒരു കാറ്റെക്കോളമീൻ ഹോർമോണാണിത്. പെട്ടെന്നുള്ള അപകടമോ, സമ്മർദ്ദമോ, ആവേശകരമായ സാഹചര്യമോ ഉണ്ടാകുമ്പോൾ ഈ ഹോർമോൺ ഉൽപാദിപ്പിക്കാപ്പെടുന്നു. ഇത് ഹൃദയമിടിപ്പ് കൂട്ടുകയും, , പേശികളിലേക്കുള്ള രക്തയോട്ടം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. അനാവശ്യമായി അഡ്രിനാലിൻ കൂടുന്നത് ഉത്കണ്ഠ, പരിഭ്രമം, ഉറക്കമില്ലായ്മ, ഉയർന്ന രക്തസമ്മർദ്ദം എന്നിവയ്ക്ക് കാരണമാവാം.

10. ലെപ്റ്റിൻ - പൂർണ്ണതയുടെ ഹോർമോൺ

പ്രധാനമായും കൊഴുപ്പ് കോശങ്ങൾ ഉത്പാദിപ്പിക്കുന്ന ഹോർമോണാണിത്. ഇത് വിശപ്പില്ലായ്മയുടെ ഹോർമോൺ എന്നറിയപ്പെടുന്നു. വയറ് നിറഞ്ഞു എന്ന് തലച്ചോറിന് സന്ദേശം നൽകി, ഭക്ഷണം കഴിക്കുന്നത് നിർത്താൻ ഇത് സഹായിക്കുന്നു. ശരീരത്തിലെ കൊഴുപ്പിൻ്റെ അളവ് നിയന്ത്രിക്കുന്നതിൽ ഇതിന് പ്രധാന പങ്കുണ്ട്. അമിതവണ്ണമുള്ളവരിൽ പലപ്പോഴും ലെപ്റ്റിൻ്റെ അളവ് കൂടുതലായിരിക്കും, പക്ഷേ തലച്ചോറ് അതിനോട് പ്രതികരിക്കില്ല. ഇതിനെയാണ് ലെപ്റ്റിൻ പ്രതിരോധം എന്ന് പറയുന്നത്. ഇത് അമിതമായി ഭക്ഷണം കഴിക്കാൻ കാരണമാവുകയും ഭാരം കൂടാൻ ഇടയാക്കുകയും ചെയ്യും.

11. ഈസ്ട്രജൻ & ടെസ്റ്റോസ്റ്റിറോൺ - കരുത്തിന്റെ ജോഡി

ഈ രണ്ട് ഹോർമോണുകളും സ്ത്രീകളിലും പുരുഷന്മാരിലും കാണപ്പെടുന്നുണ്ടെങ്കിലും, ഈസ്ട്രജൻ സ്ത്രീകളിലെ ലൈംഗിക വളർച്ചയ്ക്കും പുനരുത്പാദന വ്യവസ്ഥയ്ക്കും, ടെസ്റ്റോസ്റ്റിറോൺ പുരുഷന്മാരിലെ പേശീവളർച്ച, അസ്ഥികളുടെ ബലം, ലൈംഗികാവബോധം എന്നിവയ്ക്കും പ്രധാനമാണ്. ഇവ രണ്ടും മാനസികാരോഗ്യത്തിലും ഊർജ്ജത്തിലും സ്വാധീനം ചെലുത്തുന്നു.

12. എൻഡോർഫിൻസ് - പ്രകൃതിദത്ത വേദനസംഹാരി

തലച്ചോറിലെ പീറ്റ്യൂട്ടറി ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന ന്യൂറോട്രാൻസ്മിറ്ററുകളും ഹോർമോണുകളുമാണ് എൻഡോർഫിൻസ്. നമ്മുടെ ശരീരത്തിലെ സ്വാഭാവിക വേദനസംഹാരികളാണിത്. ശാരീരികമായ വേദനയോ സമ്മർദ്ദമോ ഉണ്ടാകുമ്പോൾ ഇത് പുറത്തുവിടുകയും, വേദനയുടെ തീവ്രത കുറയ്ക്കുകയും ചെയ്യുന്നു. വ്യായാമം ചെയ്യുമ്പോഴും ചിരിക്കുമ്പോഴും എൻഡോർഫിൻ ഉത്പാദനം വർദ്ധിക്കുന്നു.

ശരീരത്തിലെ ഈ ഹോർമോണുകളുടെ സന്തുലിതാവസ്ഥയാണ് നിങ്ങളുടെ ആരോഗ്യകരമായ ജീവിതത്തിന്റെ താക്കോൽ. ആരോഗ്യകരമായ ഭക്ഷണക്രമം, ചിട്ടയായ വ്യായാമം, മതിയായ ഉറക്കം, സമ്മർദ്ദം നിയന്ത്രിക്കാനുള്ള വഴികൾ എന്നിവയിലൂടെ ഈ ഹോർമോണുകളെ സന്തുലിതമായി നിലനിർത്താൻ സാധിക്കും.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

രാവിലെയുള്ള ഈ 5 ശീലങ്ങൾ തലച്ചോറിന്റെ പ്രവർത്തനത്തെ മെച്ചപ്പെടുത്തുന്നു
മുഖത്തെ കറുത്ത പാടുകൾ മാറാൻ കറ്റാർവാഴ ഇങ്ങനെ ഉപയോ​ഗിച്ചാൽ മതി