
അത്താഴം എപ്പോഴും നേരത്തെ കഴിക്കുന്നതാണ് ആരോഗ്യത്തിന് നല്ലതെന്ന് ഡോക്ടർമാർ പറയാറുണ്ട്. രാത്രി ഏഴ് മണിക്ക് മുമ്പ് അത്താഴം കഴിക്കുന്നത് നിരവധി ആരോഗ്യഗുണങ്ങളാണ് നൽകുന്നത്. ഭക്ഷണത്തിന്റെ അളവും ഉറക്കത്തിന്റെ ദൈർഘ്യവും ഒന്നുതന്നെയാണെങ്കിൽ പോലും, വൈകുന്നേരം 6 മണിയുമായി താരതമ്യപ്പെടുത്തുമ്പോൾ രാത്രി 10 മണിയോടെ ഭക്ഷണം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കുകയും കൊഴുപ്പ് കുറയ്ക്കുന്ന മന്ദഗതിയിലാക്കുകയും ചെയ്യുമെന്ന് പഠനങ്ങൾ പറയുന്നു.
എന്നാൽ രാത്രി 9 മണിക്ക് ശേഷം ഭക്ഷണം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെയും കൊഴുപ്പ് കത്തുന്നതിനെയും പ്രതികൂലമായി ബാധിക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. അത്താഴം ലഘുവായി കഴിക്കുന്നത് ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുകയും ടൈപ്പ്-2 പ്രമേഹം പോലുള്ള അവസ്ഥകൾക്കുള്ള സാധ്യത കുറയുകയും ചെയ്യുന്നു.
സൂര്യപ്രകാശം കുറയുന്നതും പകൽ സമയം കുറയുന്നതും സർക്കാഡിയൻ താളത്തെ തടസ്സപ്പെടുത്തുകയും മാനസികാവസ്ഥയെ ബാധിക്കുകയും ചെയ്യും. അത്താഴം വെെകി കഴിക്കുന്നത് ദഹനത്തെയും ഉറക്കത്തെയും തടസ്സപ്പെടുത്തുകയും കാലക്രമേണ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യും.
വൈകുന്നേരം 5.30 നും 7 നും ഇടയിൽ അല്ലെങ്കിൽ ഉറങ്ങുന്നതിന് കുറഞ്ഞത് രണ്ട് മുതൽ മൂന്ന് മണിക്കൂർ മുമ്പ് അത്താഴം കഴിക്കാൻ വിദഗ്ദ്ധർ പറയുന്നു. ഇത് ശരീരഭാരം കൂട്ടാതിരിക്കുന്നതിനും നല്ല ഉറക്കത്തിനും സഹായിക്കും. നിങ്ങളുടെ ദൈനംദിന ഷെഡ്യൂളിനും പ്രവർത്തന നിലവാരത്തിനും അനുസൃതമായി ഒരു ഭക്ഷണക്രമം പാലിക്കേണ്ടത് പ്രധാനമാണ്.
ഉറങ്ങുന്നതിന് തൊട്ടുമുമ്പ് ഭക്ഷണം കഴിക്കുമ്പോൾ ഇത് നെഞ്ചെരിച്ചിൽ , ദഹനക്കേട്, വയറുവേദന, ഗ്യാസ് എന്നിവക്കും കാരണമാവാം. കിടക്കുമ്പോൾ ആസിഡ് അന്നനാളത്തിലേക്ക് തിരികെ വരാനുള്ള സാധ്യത കൂടുതലാണ്. രാത്രി വൈകി കഴിക്കുന്ന ഭക്ഷണം പ്രത്യേകിച്ച് ഉയർന്ന കലോറിയുള്ളവ ഊർജ്ജമായി ഉപയോഗിക്കപ്പെടാതെ കൊഴുപ്പായി സംഭരിക്കപ്പെടാൻ സാധ്യതയുണ്ട്. കാരണം ഈ സമയത്ത് ശരീരത്തിന്റെ മെറ്റബോളിസം കുറവായിരിക്കും. ആത്യന്തികമായി, ആരോഗ്യം നിലനിർത്താനുള്ള ഏറ്റവും നല്ല മാർഗം ശ്രദ്ധയോടെ ഭക്ഷണം കഴിക്കുക എന്നതാണ്.