
സ്ത്രീകളിൽ പോഷകാഹാരക്കുറവ് നിരവധി ആരോഗ്യപ്രശ്നങ്ങളാണ് ഉണ്ടാക്കുന്നത്. പുരുഷന്മാരെക്കാൾ കൂടുതൽ പോഷകങ്ങൾ സ്ത്രീക്ക് വളരെ അത്യാവശ്യമാണ്. പുരുഷന്മാരിൽ നിന്ന് സ്ത്രീകളുടെ ഹോർമോണുകൾ വളരെയധികം വ്യത്യാസപ്പെട്ടിരിക്കുന്നു.
ആർത്തവം, ഗർഭാവസ്ഥ, മുലയൂട്ടൽ, ആർത്തവ വിരാമം തുടങ്ങി പല തരത്തിലുള്ള ശാരീരിക മാറ്റങ്ങളിലൂടെ ആണ് സ്ത്രീകൾ കടന്ന് പോകുന്നത്. അതുകൊണ്ട് തന്നെ പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകൾക്ക് പോഷകാഹാരം വളരെ പ്രധാനമാണ്. സ്ത്രീകൾ നിങ്ങളുടെ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട നാല് ഭക്ഷണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്...
മത്തങ്ങ വിത്ത്
സിങ്ക്, മഗ്നീഷ്യം എന്നിവ മത്തങ്ങ വിത്തിൽ അടങ്ങിയിരിക്കുന്നു. ഇവ രണ്ടും സുഗമമായ പിഎംഎസ്, നല്ല മാനസികാവസ്ഥ, മലബന്ധ പ്രശ്നം അകറ്റുക, നല്ല ഉറക്കം എന്നിവയ്ക്കെല്ലാം സഹായിക്കുന്നു. ഈ ധാതുക്കൾ പ്രോജസ്റ്ററോണിന്റെ അളവ് നിയന്ത്രിക്കാനും സഹായിക്കുന്നു. മത്തങ്ങ വിത്തുകളിൽ ആരോഗ്യകരമായ കൊഴുപ്പുകളും ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിന്റെ ഘടന മെച്ചപ്പെടുത്തുകയും വീക്കം കുറയ്ക്കുകയും ചെയ്യുന്നു.
കറുത്ത ഉണക്കമുന്തിരി
കറുത്ത ഉണക്കമുന്തിരിയിൽ ഇരുമ്പ് അടങ്ങിയിരിക്കുന്നു. ഇരുമ്പിന്റെ അളവ് കുറയുന്നത് പലപ്പോഴും ക്ഷീണം, തലകറക്കം, മങ്ങിയ ചർമ്മം, മുടി കൊഴിച്ചിൽ എന്നിവയ്ക്ക് കാരണമാകുന്നു. കറുത്ത ഉണക്കമുന്തിരി രാത്രി മുഴുവൻ കുതിർക്കുന്നത് ദഹിക്കാൻ എളുപ്പമാക്കുകയും പോഷകങ്ങൾ ആഗിരണം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. രാവിലെ ഏഴ് മുതൽ പത്ത് വരെ കുതിർത്ത ഉണക്കമുന്തിരി കഴിക്കുന്നത് ഹീമോഗ്ലോബിൻ മെച്ചപ്പെടുത്താൻ സഹായിക്കുന്നു.
ഫ്ളാക്സ് സീഡ്
ഫ്ളാക്സ് സീഡിൽ ഒമേഗ-3 ഫാറ്റി ആസിഡ് അടങ്ങിയിരിക്കുന്നു. ഇത് ഹൃദയാരോഗ്യം, തിളക്കമുള്ള ചർമ്മം എന്നിവയ്ക്ക് സഹായിക്കുന്നു. ഈസ്ട്രജന്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന ലിഗ്നാനുകളും അവയിൽ അടങ്ങിയിട്ടുണ്ട്. ഇത് ഹോർമോൺ മുഖക്കുരു, ക്രമരഹിതമായ ആർത്തവം അല്ലെങ്കിൽ പിസിഒഎസുമായി ബന്ധപ്പെട്ട ലക്ഷണങ്ങൾ ഉള്ള സ്ത്രീകൾക്ക് വളരെ സഹായകരമാണ്. പതിവായി ഫ്ളാക്സ് സീഡ് കഴിക്കുന്നത് ദഹനത്തെ പിന്തുണയ്ക്കുന്നു, വയറു വീർക്കുന്നത് തടയുകയും ചെയ്യുന്നു.
ഈന്തപ്പഴം
ഇരുമ്പ്, പൊട്ടാസ്യം, നാരുകൾ എന്നിവയാൽ സമ്പന്നമായ ഈന്തപ്പഴം ക്ഷീണം അകറ്റുന്നതിന് സഹായിക്കുന്നു. പെട്ടെന്ന് പഞ്ചസാരയുടെ അളവ് കുറയാതെ സ്ഥിരമായ ഊർജ്ജം നിലനിർത്താൻ ഈന്തപ്പഴം സഹായിക്കുന്നു. ദിവസവും ഒന്നോ രണ്ടോ ഈത്തപ്പഴം കഴിക്കുന്നത് മികച്ച ദഹനം, മെച്ചപ്പെട്ട ഹീമോഗ്ലോബിൻ എന്നിവയ്ക്കെല്ലാം സഹായിക്കുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam