World Alzheimer's Day 2025 : അൽഷിമേഴ്‌സ് ബാധിച്ചവരെ പരിചരിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?

Published : Sep 21, 2025, 12:38 PM ISTUpdated : Sep 21, 2025, 12:49 PM IST
world alzheimers day

Synopsis

അൽഷിമേഴ്‌സ്, ഡിമെൻഷ്യയുടെ- മറവി രോഗത്തിന്റെ- ഏറ്റവും സാധാരണമായ രൂപമാണ്. ഇത് ഓർമ്മശക്തിയെയും ചിന്തിക്കാനുള്ള കഴിവിനെയും ക്രമേണ നശിപ്പിക്കുന്നു. പ്രായാധിക്യം മൂലമുണ്ടാകുന്ന മറവിയല്ല അൽഷിമേഴ്‌സ്.  tips for caregivers and Families of People With Dementia

തലശ്ശേരി മിഷൻ ഹോസ്പിറ്റലിലെ ജനറൽ മെഡിസിൻ സീനിയർ കൺസൾട്ടന്റായ ​ഡോ. പി പി വാസുദേവൻ തയ്യാറാക്കിയ ലേഖനം.

എല്ലാ വർഷവും സെപ്റ്റംബർ 21 ലോക അൽഷിമേഴ്‌സ് ദിനമായി ആചരിക്കുന്നു. അൽഷിമേഴ്‌സ് രോഗത്തെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുന്നതിനും രോഗം ബാധിച്ചവർക്കും അവരെ പരിചരിക്കുന്നവർക്കും പിന്തുണ നൽകുന്നതിനും വേണ്ടിയുള്ള ഒരു ദിവസമായാണ് ഇത് ആചരിക്കപ്പെടുന്നത്.

​എന്താണ് അൽഷിമേഴ്‌സ് രോഗം?

​അൽഷിമേഴ്‌സ്, ഡിമെൻഷ്യയുടെ- മറവി രോഗത്തിന്റെ- ഏറ്റവും സാധാരണമായ രൂപമാണ്. ഇത് ഓർമ്മശക്തിയെയും ചിന്തിക്കാനുള്ള കഴിവിനെയും ക്രമേണ നശിപ്പിക്കുന്നു. പ്രായാധിക്യം മൂലമുണ്ടാകുന്ന മറവിയല്ല അൽഷിമേഴ്‌സ്. തലച്ചോറിലെ കോശങ്ങൾ നശിക്കുന്നതുമൂലം ഓർമ്മകൾ, ചിന്തകൾ, പെരുമാറ്റങ്ങൾ എന്നിവയെ ഗുരുതരമായി ബാധിക്കുന്ന അവസ്ഥയാണിത്.

തലച്ചോറിൽ 'അമിലോയിഡ് പ്ലാക്കുകൾ', 'ടൗ ടാങ്കിൾസ്' എന്നീ അസാധാരണ പ്രോട്ടീനുകൾ അടിഞ്ഞുകൂടുമ്പോൾ തലച്ചോറിലെ കോശങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുന്നു. ഇത് രോഗലക്ഷണങ്ങൾ പ്രകടമാകുന്നതിന് വർഷങ്ങൾക്കു മുൻപേ ആരംഭിക്കാം.

​ലക്ഷണങ്ങൾ തിരിച്ചറിയാം

​രോഗത്തിന്റെ ആദ്യഘട്ടത്തിൽ തന്നെ ലക്ഷണങ്ങൾ തിരിച്ചറിയുന്നത് വളരെ പ്രധാനമാണ്.

• ​ഓർമ്മക്കുറവ്: അടുത്തിടെ നടന്ന കാര്യങ്ങൾ മറന്നുപോകുക, പ്രധാനപ്പെട്ട തീയതികളും സംഭവങ്ങളും ഓർക്കാതിരിക്കുക.

• ​ചിന്താശേഷിക്കുറവ്: കാര്യങ്ങൾ ആസൂത്രണം ചെയ്യുന്നതിനും പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ബുദ്ധിമുട്ട്.

• ​പരിചിതമായ കാര്യങ്ങൾ ചെയ്യാൻ പ്രയാസം: സ്ഥിരമായി പോകുന്ന സ്ഥലങ്ങളിലേക്ക് വഴി മറന്നുപോകുക.

• ​സമയത്തെക്കുറിച്ചും സ്ഥലത്തെക്കുറിച്ചും ആശയക്കുഴപ്പം: ഏത് സമയമാണ്, എവിടെയാണ് നിൽക്കുന്നത് എന്നതിനെക്കുറിച്ച് സംശയം.

• ​വ്യക്തിത്വത്തിലും സ്വഭാവത്തിലുമുള്ള മാറ്റങ്ങൾ: പെട്ടെന്നുള്ള മാനസികാവസ്ഥാ മാറ്റങ്ങളും ദേഷ്യവും.

​ഈ ലക്ഷണങ്ങൾ സാധാരണ മറവിയിൽ നിന്നും വ്യത്യസ്തമാണ്. ഇവ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻതന്നെ ഒരു ഡോക്ടറെ സമീപിക്കുക.

​പരിചാരകരുടെ പങ്ക്

​അൽഷിമേഴ്‌സ് രോഗികളെ പരിചരിക്കുന്നവർക്ക് വലിയ വെല്ലുവിളികളാണ് നേരിടേണ്ടി വരുക. മാനസികമായും ശാരീരികമായും വലിയ വെല്ലുവിളികൾ നേരിടാൻ അവർക്ക് ശരിയായ പിന്തുണ നൽകാൻ സമൂഹത്തിന് കഴിയേണ്ടതുണ്ട്. 

രോഗിയുടെ ദിനചര്യകൾ ക്രമീകരിക്കുക, ഓർമ്മപ്പെടുത്തേണ്ട കാര്യങ്ങൾ ഓർമ്മപ്പെടുത്തുക, സന്തോഷം നൽകുന്ന കാര്യങ്ങളിൽ ഏർപ്പെടാൻ പ്രോത്സാഹിപ്പിച്ചു കൊണ്ടിരിക്കുക എന്നിവയിലൂടെ രോഗിയെ സഹായിക്കാൻ കൂടെയുള്ളവർക്ക് സാധിക്കും. പരിചാരകർ അനുഭവിക്കുന്ന മാനസിക സമ്മർദ്ദം കുറയ്ക്കാൻ അവരെ സഹായിക്കുന്ന കൂട്ടായ്മകളും സേവനങ്ങളും ഇന്ന് ലഭ്യമാണ്.

പ്രതീക്ഷ നൽകുന്ന ഗവേഷണങ്ങൾ

​അൽഷിമേഴ്‌സ് രോഗത്തിന് നിലവിൽ പൂർണ്ണമായ ചികിത്സയില്ലെങ്കിലും, പുതിയ ഗവേഷണങ്ങൾ വലിയ പ്രതീക്ഷ നൽകുന്നുണ്ട്. ഭക്ഷണക്രമം, വ്യായാമം, നല്ല ഉറക്കം തുടങ്ങിയ ജീവിതശൈലി ഘടകങ്ങൾ തലച്ചോറിന്റെ ആരോഗ്യത്തെ എങ്ങനെ സ്വാധീനിക്കുന്നു എന്ന് പഠനങ്ങൾ ഇപ്പോഴും സജീവമാണ്. ഓർമ്മകളിലും ചിന്തകളിലും ശൂന്യത നിറഞ്ഞ പതുക്കെ ജീവിതത്തിന്റെ സന്തോഷങ്ങളിൽ നിന്ന് ആഘോഷങ്ങളിൽ നിന്ന് പൂർണ്ണമായും മാഞ്ഞു പോകുന്ന മനുഷ്യരെ അവരുടെ ജീവിതത്തിലേക്ക് ചേർത്ത് പിടിച്ചു നിർത്തുന്നവരുടെ സേവനങ്ങളെ നമുക്ക് അഭിമാനപൂർവ്വം സല്യൂട്ട് ചെയ്യാം.

 

 

PREV
Read more Articles on
click me!

Recommended Stories

മുലപ്പാല്‍ എങ്ങനെ പമ്പ് ചെയ്യണം, ശേഖരിക്കണം, സൂക്ഷിക്കണം?
ചൂട് വെള്ളം കുടിച്ച് ദിവസം തുടങ്ങാം; ഗുണങ്ങൾ ഇതാണ്