
കൊവിഡ് 19 മഹാമാരിക്കെതിരായ പോരാട്ടത്തില്‍ തന്നെയാണ് ലോകമിപ്പോഴും. വാക്‌സിന്‍ ലഭ്യമായതോടെ പകുതി ആശ്വാസമായെങ്കിലും ജനിതകവ്യതിയാനം സംഭവിച്ച വൈറസുകള്‍ വീണ്ടും വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. ആഗോളതലത്തില്‍ തന്നെ ഇത് കാര്യമായ ഭീഷണി ഉയര്‍ത്തുന്ന സാഹചര്യമാണുള്ളത്.
ഇതിനിടെ ഒരിക്കല്‍ രോഗം വന്നുപോയവരില്‍ വീണ്ടും രോഗം പിടിപെടില്ലെന്ന തരത്തിലുള്ള പ്രചാരണങ്ങളും ഏറെ വന്നിരുന്നു. എന്നാല്‍ ജനിതകവ്യതിയാനം സംഭവിച്ച വൈറസിന് ഒരിക്കല്‍ രോഗം വന്നവരില്‍ വീണ്ടും കയറിപ്പറ്റാന്‍ സാധിക്കുമെന്ന് ഔദ്യോഗികമായി തന്നെ സ്ഥിരീകരിക്കപ്പെട്ടു.
എങ്കില്‍പ്പോലും കൊവിഡ് ഭേദമായവരില്‍ വൈറസിനെതിരായ ആന്റിബോഡികള്‍ കാണുമെന്നതിനാല്‍ ചെറിയ സുരക്ഷിതത്വം ഇത് നല്‍കുന്നുണ്ട്. തീര്‍ച്ചയായും ഇതിന് കാലാവധിയുമുണ്ട്. ഈ വിഷയവുമായി ബന്ധപ്പെട്ട് ഇറ്റലിയില്‍ ഒരു പഠനം നടന്നിരുന്നു.
പാഡ്വ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇംപീരിയല്‍ കോളേജ് ലണ്ടനില്‍ നിന്നുമുള്ള ഗവേഷകര്‍ സംയുക്തമായാണ് പഠനം നടത്തിയത്. കൊവിഡ് ഭേദമായവരില്‍ എത്ര സമയത്തേക്ക് വരെ വൈറസിനെതിരായ ആന്റിബോഡി കാണുമെന്നതായിരുന്നു ഇവരുടെ പഠനവിഷയം. ഏതാണ്ട് ഒമ്പത് മാസത്തോളം കൊവിഡ് വന്നുപോയവരില്‍ ആന്റിബോഡി കാണുമെന്നാണ് ഇവരുടെ കണ്ടെത്തല്‍.
ലക്ഷണങ്ങളോട് കൂടി രോഗം വന്നവരിലും ലക്ഷണങ്ങളില്ലാതെ രോഗം വന്നവരിലും ഇക്കാര്യത്തില്‍ വലിയ വ്യത്യാസമില്ലെന്നും അതുപോലെ തന്നെ രോഗതീവ്രതയുമായും ഇതിന് ബന്ധമില്ലെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.
3000 പേരെ പങ്കെടുപ്പിച്ചാണ് ഗവേഷര്‍ പഠനം നടത്തിയത്. ഇതില്‍ 98.8 ശതമാനം പേരിലും ഒമ്പത് മാസം വരെ വൈറസിനെതിരായ ആന്റിബോഡി കണ്ടെത്തപ്പെട്ടു. ചിലരില്‍ ആന്റിബോഡിയുടെ അളവ് കൂടിയിരിക്കുന്നതായും ചിലരില്‍ കുറഞ്ഞിരിക്കുന്നതായും പഠനം രേഖപ്പെടുത്തുന്നു.
ഇത് വ്യക്തിപരമായ സവിശേഷതകള്‍ക്കനുസരിച്ചാണ് വ്യതിയാനപ്പെടുന്നതെന്ന് ഗവേഷകര്‍ പറയുന്നു.
ഏതായാലും മാറ്റങ്ങള്‍ സംഭവിച്ച പുതിയ വൈറസുകള്‍ ഭീഷണി ഉയര്‍ത്തുന്ന സാഹചര്യത്തില്‍ ഒരിക്കല്‍ രോഗം വന്നവരില്‍ തന്നെ വീണ്ടും രോഗം പിടിപെടാനുള്ള സാധ്യതകള്‍ വര്‍ധിക്കുകയാണ്. അതിനാല്‍ തന്നെ ഒരിക്കല്‍ രോഗം വന്നവരും നിലവില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ച് മുന്നോട്ട് പോകേണ്ടതാണ്.
Also Read:- വാക്‌സിന് ശേഷവും കൊവിഡ്; ഐസിഎംആറിന്റെ പഠനം പറയുന്നത് കേള്‍ക്കൂ...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam