Asianet News MalayalamAsianet News Malayalam

വാക്‌സിന് ശേഷവും കൊവിഡ്; ഐസിഎംആറിന്റെ പഠനം പറയുന്നത് കേള്‍ക്കൂ...

ആകെ 677 സാമ്പിളുകളാണ് പഠനത്തിനായി ഗവേഷകര്‍ ഉപയോഗിച്ചത്. ഇതില്‍ 604 പേര്‍ കൊവിഷീല്‍ഡും 71 പേര്‍ കൊവാക്‌സിനും സ്വീകരിച്ചവരാണ്. 85 പേര്‍ ഒരു ഡോസ് വാക്‌സിനും ബാക്കി 592 പേരും രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചിരുന്നു. എന്നിട്ടും ഇവരില്‍ കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു

icmr study says that majority breakthrough covid cases comes from delta variant attack
Author
Delhi, First Published Jul 17, 2021, 3:15 PM IST

കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച ശേഷവും ചിലരില്‍ കൊവിഡ് 19 രോഗം വരുന്നതായി നമുക്കറിയാം. പ്രധാനമായും വൈറസില്‍ സംഭവിച്ച ജനിതകവ്യതിയാനങ്ങളാണ് ഇതിന് കാരണമാകുന്നത്. നിലവിലുള്ള വാക്‌സിനുകള്‍ക്ക് ചെറുക്കാനാകാത്ത വിധം വൈറസ് അതിന്റെ ഘടനയില്‍ മാറ്റം വരുത്തുന്നതോടെയാണ് വാക്‌സിന്‍ സ്വീകരിച്ചവരിലും രോഗമെത്തുന്നത്. 

ഇന്ത്യയില്‍ ഇത്തരത്തില്‍ വാക്‌സിന്‍ സ്വീകരിച്ചവരിലും കൊവിഡ് പിടിപെട്ടതില്‍ ഏറ്റവുമധികം കേസുകളും 'ഡെല്‍റ്റ' വൈറസ് വകഭേദം മൂലമാണെന്നാണ് ഇപ്പോള്‍ ഐസിഎംആര്‍ (ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്) ഇപ്പോള്‍ അറിയിക്കുന്നത്. 17 സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്രഭരണപ്രദേശങ്ങളില്‍ നിന്നുമായി സമാഹരിച്ച സാമ്പിളുകള്‍ ഉപയോഗിച്ച് നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായിരിക്കുന്നത്. 

രാജ്യത്ത് തന്നെ വാക്‌സിനെടുത്ത ശേഷവും കൊവിഡ് പിടിപെടുന്ന വിഷയത്തില്‍ ഇത്തരത്തില്‍ വിശാലമായൊരു പഠനം നടക്കുന്നത് ആദ്യമായാണ്. വാക്‌സിനെടുത്ത ശേഷവും കൊവിഡ് പിടിപെടുന്നവരില്‍ 86 ശതമാനവും 'ഡെല്‍റ്റ' കേസുകളാണെന്നാണ് ഐസിഎംആര്‍ പഠനത്തിന്റെ കണ്ടെത്തല്‍. ഇതില്‍ 9.8 ശതമാനം കേസില്‍ മാത്രമേ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടതായ സാഹചര്യമുണ്ടായിട്ടുള്ളൂവെന്നും അതില്‍ തന്നെ 0.4 മരണമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്നും പഠനം വ്യക്തമാക്കുന്നു. 

'പ്രധാനമായും ഡെല്‍റ്റയുടെ രണ്ട് വകഭേദങ്ങളാണ് വാക്‌സിനെടുത്തവരിലും കൊവിഡ് എത്തിക്കുന്നതായി കണ്ടെത്തിയിരിക്കുന്നത്. ഇവ രണ്ടും ആദ്യഘട്ടങ്ങളിലുണ്ടായിരുന്ന വൈറസില്‍ നിന്ന് ജനിതകമാറ്റം സംഭവിച്ചുണ്ടായതാണ്. അതിനാല്‍ തന്നെ നേരത്തെ തയ്യാറാക്കപ്പെട്ട വാക്‌സിന്റെ പ്രതിരോധശൃംഖല തകര്‍ത്ത് മനുഷ്യശരീരത്തിലേക്ക് കയറിപ്പറ്റാന്‍ ഇവയ്ക്ക് കഴിയുകയാണ്...'- പഠനം പറയുന്നു. 

അതേസമയം വാക്‌സിനേഷന് ഏറെ പ്രാധാന്യമുണ്ടെന്നും വാക്‌സിനേഷന്‍ വലിയ തോതിലാണ് പൊതുവില്‍ കൊവിഡ് കേസുകള്‍, ആശുപത്രി കേസുകള്‍, മരണനിരക്ക് എന്നിവ കുറച്ചതെന്നും പഠനം പ്രത്യേകം പരാമര്‍ശിക്കുന്നു.

മഹാരാഷ്ട്ര, കേരള, കര്‍ണടാക, ഗുജറാത്ത്, ഉത്തരാഖണ്ഡ്, മണിപ്പൂര്‍, അസം, ജമ്മു & കശ്മീര്‍, ഛണ്ഡീഗഡ്, രാജസ്ഥാന്‍, മദ്ധ്യപ്രദേശ്, പഞ്ചാബ്, പുതുച്ചേരി, ദില്ലി, പശ്ചിമബംഗാള്‍, തമിഴ്‌നാട്, ജാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ നിന്നായി ആകെ 677 സാമ്പിളുകളാണ് പഠനത്തിനായി ഗവേഷകര്‍ ഉപയോഗിച്ചത്. ഇതില്‍ 604 പേര്‍ കൊവിഷീല്‍ഡും 71 പേര്‍ കൊവാക്‌സിനും സ്വീകരിച്ചവരാണ്. 85 പേര്‍ ഒരു ഡോസ് വാക്‌സിനും ബാക്കി 592 പേരും രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചിരുന്നു. എന്നിട്ടും ഇവരില്‍ കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. 

ഇതില്‍ 67 കേസുകള്‍ മാത്രമേ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടതായ സാഹചര്യം നേരിട്ടുള്ളൂ. മൂന്ന് പേര്‍ മരിക്കുകയും ചെയ്തു. പ്രധാനമായും മാര്‍ച്ച്- ജൂണ്‍ മാസങ്ങളിലാണ് വാക്‌സിന്‍ സ്വീകരിച്ചവരിലും വ്യാപകമായി 'ഡെല്‍റ്റ' വകഭേദം കൊവിഡ് എത്തിച്ചതെന്നും പഠനം നിരീക്ഷിക്കുന്നുണ്ട്.

Also Read:- കൊവിഡ് 19; മൂന്നാമത്തെ 'ബൂസ്റ്റര്‍ ഡോസ്' വാക്‌സിന്‍ നിര്‍ബന്ധമോ? ചര്‍ച്ചകള്‍ മുറുകുന്നു

Follow Us:
Download App:
  • android
  • ios