ഹോർമോൺ വ്യതിയാനമുണ്ടോ? ഈ ലക്ഷണങ്ങൾ അവഗണിക്കരുത്; നിർബന്ധമായും അറിയേണ്ടത്

Published : Jul 04, 2026, 02:44 PM IST
hormonal imbalance

Synopsis

ദഹനം, ശാരീരിക വളർച്ച, പ്രത്യുത്പാദനം, മാനസികാവസ്ഥ, സ്ട്രെസ് നിയന്ത്രണം എന്നിവയിലെല്ലാം ഹോർമോണുകൾക്ക് നിർണായക പങ്കുണ്ട്.

ശരീരത്തിലെ വിവിധ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന രാസസന്ദേശവാഹകരാണ് ഹോർമോണുകൾ. ദഹനം, ശാരീരിക വളർച്ച, പ്രത്യുത്പാദനം, മാനസികാവസ്ഥ, സ്ട്രെസ് നിയന്ത്രണം എന്നിവയിലെല്ലാം ഹോർമോണുകൾക്ക് നിർണായക പങ്കുണ്ട്. അതുകൊണ്ടുതന്നെ മൊത്തത്തിലുള്ള ആരോഗ്യത്തിന് ഹോർമോൺ സന്തുലിതാവസ്ഥ ആവശ്യമാണ്. ഏതെങ്കിലും ഒരു ഹോർമോണിന്റെ അളവ് കൂടുന്നതോ കുറയുന്നതോ ശരീരത്തിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാം. ഉദാഹരണത്തിന് സ്ട്രെസ് ഹോർമോണായ കോർട്ടിസോൾ കൂടിയാൽ ശരീരഭാരം വർദ്ധിക്കാനും അമിത ഉത്കണ്ഠയ്ക്കും കാരണമാകും. എന്നാൽ തൈറോയ്ഡ് ഹോർമോണിന്റെ അളവ് കുറയുന്നത് കടുത്ത തളർച്ചയിലേക്കും അമിത വണ്ണത്തിലേക്കും നയിക്കാം. ഹോർമോണുകളിൽ ഉണ്ടാകുന്ന ചെറിയ മാറ്റങ്ങൾ പോലും നമ്മുടെ ശാരീരിക മാനസിക ആരോഗ്യത്തെ സാരമായി ബാധിക്കും.

തുടക്കത്തിലേ കണ്ടെത്തേണ്ടത് എന്തുകൊണ്ട്?

ഹോർമോൺ വ്യതിയാനങ്ങൾ പ്രാരംഭ ഘട്ടത്തിൽ തന്നെ തിരിച്ചറിയുന്നത് ദീർഘകാല രോഗങ്ങൾ തടയാൻ സഹായിക്കും, ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ.

വിട്ടുമാറാത്ത രോഗങ്ങൾ തടയാം: ഇൻസുലിൻ റെസിസ്റ്റൻസ്, തൈറോയ്ഡ് കുറയുന്നത് തുടങ്ങിയ പ്രശ്നങ്ങൾ കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കിൽ ടൈപ്പ്-2 പ്രമേഹം, ഹൃദ്രോഗം, അസ്ഥിക്ഷയം എന്നിവയിലേക്ക് നയിക്കാം.

പ്രത്യുത്പാദന ആരോഗ്യം സംരക്ഷിക്കാം: പി.എം.ഒ.എസ് പോലുള്ള പ്രശ്നങ്ങൾ സ്ത്രീകളിൽ അണ്ഡോത്പാദനത്തെ ബാധിക്കാം. തുടക്കത്തിലേയുള്ള ചികിത്സയിലൂടെ വന്ധ്യത പോലുള്ള പ്രശ്നങ്ങൾ ഒഴിവാക്കാം.

ലക്ഷണങ്ങൾ ലഘൂകരിക്കാം: തുടക്കത്തിൽ തന്നെ രോഗലക്ഷണം തിരിച്ചറിഞ്ഞാൽ ജീവിതശൈലിയിലെ ചെറിയ മാറ്റങ്ങളിലൂടെയോ ലളിതമായ ചികിത്സകളിലൂടെയോ ഇത് പരിഹരിക്കാൻ സാധിക്കും.

ഹോർമോൺ വ്യതിയാനം ഉണ്ടാകുമ്പോഴുള്ള ലക്ഷണങ്ങൾ

ഏത് ഗ്രന്ഥിെയയോ ഹോർമോണിനെയോ ആണ് ബാധിച്ചിരിക്കുന്നത് എന്നതിനെ ആശ്രയിച്ച് ലക്ഷണങ്ങൾ വ്യത്യാസപ്പെടാം:

1. ശരീരഭാരത്തിലെ മാറ്റങ്ങൾ

പെട്ടെന്ന് അകാരണമായി ശരീരഭാരം കൂടുകയോ കുറയുകയോ ചെയ്യുക, ആവശ്യത്തിന് വിശ്രമിച്ചാലും മാറാത്ത കടുത്ത തളർച്ച, അമിതമായ ചൂടോ തണുപ്പോ അനുഭവപ്പെടുക എന്നിവ ഹോർമോൺ വ്യതിയാനത്തിന്റെ ലക്ഷണങ്ങളാകാം.

2. ഉറക്കക്കുറവും മാനസികാവസ്ഥയിലെ മാറ്റങ്ങളും

ഉറക്കമില്ലായ്മ, കടുത്ത ഉത്കണ്ഠ, അമിതമായ ദേഷ്യം, വിഷാദം, ഓർമ്മക്കുറവ് അല്ലെങ്കിൽ മാനസിക മന്ദത എന്നിവയും ഇതിന്റെ ഭാഗമായി ഉണ്ടാകാം.

3. ചർമ്മത്തിലും മുടിയിലുമുള്ള മാറ്റങ്ങൾ

വലിയ രീതിയിലുള്ള മുഖക്കുരു (പ്രത്യേകിച്ച് താടിയെല്ലിന് ചുറ്റും), തലമുടി കൊഴിഞ്ഞ് വരളുന്നത്, സ്ത്രീകളിൽ മുഖത്തോ ശരീരത്തിലോ അമിതമായി രോമം വളരുന്ന അവസ്ഥ എന്നിവ ഹോർമോൺ തകരാറിന്റെ സൂചനകളാണ്.

4. ദഹനപ്രശ്നങ്ങൾ

ഹോർമോണുകൾ ദഹനപ്രക്രിയയെയും ബാധിക്കാറുണ്ട്. ചില ഹോർമോണുകളുടെ കുറവ് മൂലം വിട്ടുമാറാത്ത വയറ് വീർക്കൽ, മലബന്ധം അല്ലെങ്കിൽ ഇടയ്ക്കിടെയുള്ള വയറിളക്കം എന്നിവ ഉണ്ടാകാം.

5. പ്രത്യുത്പാദനപരമായ ലക്ഷണങ്ങൾ

സ്ത്രീകളിൽ ക്രമം തെറ്റിയതോ, വരാത്തതോ, അല്ലെങ്കിൽ അമിത രക്തസ്രാവത്തോടു കൂടിയതോ ആയ ആർത്തവം ഉണ്ടാകാം. പുരുഷന്മാരിൽ ഇത് ലൈംഗിക ശേഷിക്കുറവിനും പേശിബലം കുറയുന്നതിനും കാരണമാകും.

ശ്രദ്ധിക്കേണ്ടത്

ഹോർമോൺ വ്യതിയാനങ്ങൾ നേരത്തെ കണ്ടെത്തുന്നത് വന്ധ്യത, അസ്ഥിക്ഷയം തുടങ്ങിയ വലിയ ആരോഗ്യപ്രശ്നങ്ങളിൽ നിന്ന് നമ്മെ സംരക്ഷിക്കും. ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ച് എപ്പോഴും ബോധവാന്മാരായിരിക്കുകയും കൃത്യമായ വൈദ്യപരിശോധനകൾ നടത്തുകയും ചെയ്യേണ്ടത് അനിവാര്യമാണ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കിഡ്‌നി സ്റ്റോൺ ; ഈ ഏഴ് ലക്ഷണങ്ങൾ അവ​ഗണിക്കരുത്
20ാം വയസിലെ ഇന്ത്യാ സന്ദർശനത്തിനിടെ ഗുരുതര അണുബാധ, തലച്ചോറിൽ താവളമാക്കിയത് 38 വിരകൾ, വൈറലായി ബ്രിട്ടീഷ് പൗരയുടെ വെളിപ്പെടുത്തൽ