പുതിനയിലയിൽ നിരവധി ആരോഗ്യഗുണങ്ങൾ അടങ്ങിയിരിക്കുന്നു. വയറിനുണ്ടാകുന്ന അസ്വസ്ഥതകൾക്ക് ആശ്വാസം നൽകുന്നത് മുതൽ പാനീയങ്ങൾക്ക് ഉന്മേഷദായകമായ രുചിയും സുഗന്ധവും നൽകുന്നത് വരെ ഇതിന്റെ ഗുണങ്ങൾ നീളുന്നു. മനസ്സിനെ ശാന്തമാക്കാനും സമ്മർദ്ദവും മാനസിക പിരിമുറുക്കവും കുറയ്ക്കാനും ഇതിന് കഴിവുണ്ട്. അത്രയേറെ ഉന്മേഷം പകരുന്ന ഒന്നാണ് പെപ്പർമിന്റ്.
മെറ്റബോളിസം മെച്ചപ്പെടുത്തുന്നതിനും അമിതമായ അസിഡിറ്റി കുറയ്ക്കുന്നതിനും ഇത് മികച്ചതാണ്. ചർമ്മത്തിൽ പുരട്ടുന്നത് മുഖക്കുരു മാറാൻ സഹായിക്കുകയും ചെയ്യും. 'ഇറിറ്റബിൾ ബൗവൽ സിൻഡ്രോം' ഉള്ളവർ കുടൽ ആരോഗ്യം വീണ്ടെടുക്കുന്നതിനായി ദിവസവും മൂന്നോ നാലോ മിന്റ് ചായ കുടിക്കാവുന്നതാണെന്ന് പോഷകാഹാര വിദഗ്ധ ശിൽപ അറോറ പറയുന്നു.
മാനസിക സമ്മർദ്ദവും ഉത്കണ്ഠയും അകറ്റുന്ന കാര്യത്തിൽ പെപ്പർമിന്റ് ടീ മികച്ചൊരു സഹായിയാണ്. ഇതിൽ അടങ്ങിയിരിക്കുന്ന മെന്തോൾ പേശികൾക്ക് അയവ് നൽകാനും പേശീവലിവ് കുറയ്ക്കാനും സഹായിക്കുന്നു. നല്ല ഉറക്കം കിട്ടാനും ദിവസവും ഒരു കപ്പ് കുടിക്കാവുന്നതാണ്.
നിങ്ങൾ കുറച്ച് ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ, പെപ്പർമിന്റ് ടീ ഒരു മികച്ച മാർഗമാണ്. ഒരു കപ്പ് പെപ്പർമിന്റ് ടീ കുടിക്കുന്നത് ദീർഘനേരത്തേക്ക് വയറു നിറഞ്ഞതായി തോന്നിപ്പിക്കാൻ സഹായിക്കും. ഇതുവഴി അമിതമായി കലോറി ശരീരത്തിലെത്തുന്നത് ഒഴിവാക്കാനും അതുവഴി ഭാരം കുറയ്ക്കാനും സാധിക്കും.
പെപ്പർമിന്റ് വയറിന്റെ ആരോഗ്യത്തിന് നിരവധി ഗുണങ്ങൾ നൽകിയേക്കാം. മലബന്ധം, യാത്രയ്ക്കിടയിലുള്ള അസ്വസ്ഥത, ഐ.ബി.എസ് (IBS) തുടങ്ങിയ വയറുസംബന്ധമായ പ്രശ്നങ്ങൾ ഇന്ന് വളരെ സാധാരണമാണ്. വയറിന് ആശ്വാസം നൽകാനും ദഹനപ്രക്രിയ സുഗമമാക്കാനും സഹായിക്കുന്ന മെന്തോൾ പെപ്പർമിന്റിൽ അടങ്ങിയിട്ടുണ്ട്.
ശരീരത്തിന് ആവശ്യമായ രീതിയിൽ സന്തുലിതാവസ്ഥ നിലനിർത്താൻ സഹായിക്കുന്ന 'അഡാപ്റ്റോജെനിക്' (adaptogenic) ഗുണങ്ങളും ഇതിനുണ്ട്. ഇതിലെ 'അഡാപ്റ്റോജെനിക്' ഗുണങ്ങൾ രോഗകാരികളായ അണുക്കളെ ചെറുക്കാനും പ്രതിരോധശേഷി വർദ്ധിപ്പിക്കാനും സഹായിക്കുന്നു. ഇതിൽ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം, വിറ്റാമിൻ ബി, വിവിധതരം ആന്റിഓക്‌സിഡന്റുകൾ എന്നിവ ശരീരത്തിന്റെ ആരോഗ്യകരമായ പ്രവർത്തനത്തിന് സഹായിക്കുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam