
ഓരോ അഞ്ചു നിമിഷത്തിലും ഇന്ത്യയിൽ HPV സംബന്ധമായ ക്യാൻസർ ബാധിച്ചു ഒരു ജീവൻ പൊലിയുന്നു .നിങ്ങളുടെ മകളെ, സഹോദരിയെ , അമ്മയെ , കൂട്ടുകാരിയെ സംരക്ഷിക്കാൻ ഇത് വായിക്കുക: സ്ത്രീകളിൽ സർവസാധാരണവും , തടയുവാൻ സാധിക്കുന്നതുമായ ക്യാൻസർ ആണ് സെർവിക്കൽ അഥവാ ഗർഭാശയഗള ക്യാൻസർ.
ഹ്യൂമൻ പാപ്പിലോമാ വൈറസ് ആണ് ( HPV ) സെർവിക്കൽ ക്യാൻസറിന് ഉള്ള കാരണം . സെർവിക്കൽ ക്യാൻസറിന് പുറമെ , പുരുഷന്മാരിലും, സ്ത്രീകളിലും യോനി ,വള്‍വ, മലദ്ധ്വാരം, തൊണ്ട ,പീനൈല്‍ തുടങ്ങിയ മറ്റ് ശരീരഭാഗങ്ങളിലെ അർബുദങ്ങൾക്കും ഹ്യൂമൻ പാപ്പിലോമാ വൈറസ് കാരണമാകുന്നു. 150 ഓളം രാജ്യങ്ങളിൽ ദേശീയ HPV വാക്‌സിനേഷൻ പ്രോഗ്രാം സെർവിക്കൽ ക്യാൻസറും അനുബന്ധ രോഗങ്ങളും തടയാനായി നടപ്പിലാക്കി കഴിഞ്ഞു.
ഒരു അന്തർദേശീയ മുന്നേറ്റമായി, ആരോഗ്യവകുപ്പും കുടുംബക്ഷേമ മന്ത്രാലയവും ഇന്ത്യാ സർക്കാരും HPV വാക്‌സിനെ യൂണിവേഴ്‌സൽ ഇമ്യൂണൈസേഷൻ പ്രോഗ്രാമിന്റെ ഭാഗമാക്കി കഴിഞ്ഞു. പ്രതിരോധ വാക്സിനുകളും രോഗം നേരത്തെ തിരിച്ചറിയാനുള്ള നൂതന സ്ക്രീനിംഗ് ടെസ്റ്റുകളും ഉണ്ടായിരുന്നിട്ടും, നിർഭാഗ്യവശാൽ എച്ച്പിവി വൈറസ് അണുബാധയെക്കുറിച്ചുള്ള അവബോധവും പ്രതിരോധ നടപടികളും വളരെയധികം കുറവാണ്.
നിശ്ശബ്ദമായി കടന്നുവരുന്ന ഈ രോഗത്തിന്റെ ഭീഷണിയിൽ നിന്ന് പെൺമക്കളെ സംരക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. ശരിയായ പ്രായത്തിലുള്ള വാക്സിനേഷനും പതിവ് സ്ക്രീനിംഗും എച്ച്പിവിയുമായി ബന്ധപ്പെട്ട ക്യാൻസറുകളുടെ സാധ്യത ഗണ്യമായി കുറയ്ക്കുകയും വരും തലമുറയ്ക്ക് ആരോഗ്യകരമായ ഭാവി ഉറപ്പാക്കുകയും ചെയ്യും. കൃത്യസമയത്തു നടപടിയെടുക്കേണ്ടത് പ്രധാനമാണ്, കാരണം പ്രതിരോധമാണ് ഏറ്റവും മികച്ച സംരക്ഷണം.
ഇന്ത്യയിലെ ക്യാൻസറുമായി ബന്ധപ്പെട്ട മരണങ്ങളുടെ ഏറ്റവും സാധാരണമായ രണ്ടാമത്തെ കാരണം സെർവിക്കൽ ക്യാൻസറാണ്. ക്യാൻസർ മരണങ്ങളിൽ 10% സെർവിക്കൽ ക്യാൻസർ കാരണമാണ്. ഇന്ത്യയിൽ 15 വയസ്സിന് മുകളിലുള്ള 48.35 കോടി സ്ത്രീകൾ സെർവിക്കൽ ക്യാൻസർ സാധ്യതയിൽ ഉൾപ്പെടുന്നു.
തുടക്കത്തിൽ രോഗലക്ഷണങ്ങൾ ഇല്ലാത്തതിനാൽ നേരത്തെയുള്ള. രോഗനിർണ്ണയം ഈ രോഗത്തിന്റെ കാര്യത്തിൽ ഒരു വെല്ലുവിളിയാണ്. 150-ലധികം എച്ച്പിവി വൈറസുകളുണ്ടെങ്കിലും അതിൽ 13 എണ്ണമാണ് ക്യാൻസറിന് കാരണമാകുന്നന്നത്. HPV 16-ഉം HPV 18-ഉം വൈറസുകൾ ആണ് കാൻസറിനു ഏറ്റവും കൂടുതൽ കാരണമാകുന്നത്.
ഇന്ത്യയിൽ ലഭ്യമായ എച്ച്പിവി വാക്സിനുകൾ
എച്ച്പിവി വൈറസ് ബാധയ്‌ക്കെതിരെ മൂന്ന് വാക്‌സിനുകൾ ലഭ്യമാണ്. അവ ഓരോന്നും പല വൈറസുകളെ ലക്ഷ്യമിടുന്നു. ബിവാലൻ്റ് വാക്‌സിൻ (സെർവാരിക്‌സ്): ക്യാൻസറിന് കാരണമാകുന്ന ഏറ്റവും സാധാരണമായ എച്ച്‌പിവി തരങ്ങളായ HPV 16, HPV 18 സ്‌ട്രെയിനുകളെ ലക്ഷ്യമിട്ടുള്ള വാക്സിനാണിത്.
ക്വാഡ്രിവാലൻ്റ് വാക്സിൻ (ഗാർഡാസിൽ/സെർവാവാക്): HPV 6, 11, 16, 18 സ്‌ട്രെയിനുകളെ ലക്ഷ്യമിട്ടുള്ള വാക്സിനാണിത്. നോനവാലൻ്റ് വാക്സിൻ (ഗാർഡാസിൽ 9): HPV 6, 11, 16, 18, 31, 33, 45, 52, 58 എന്നീ ഒമ്പത് എച്ച്പിവി തരങ്ങളിൽ നിന്ന് ഈ വാക്സിൻ സംരക്ഷിക്കുന്നു. ഈ വാക്സിനിലൂടെ സെർവിക്കൽ ക്യാൻസറിനെതിരായി 15% അധികം സംരക്ഷണം ലഭിക്കും.
ഇന്ത്യയിൽ, ബിവാലൻ്റ്, ക്വാഡ്രിവാലൻ്റ് വാക്സിനുകൾക്ക് സെർവിക്കൽ ക്യാൻസറുകൾ 83% തടയാൻ കഴിയും. അതേസമയം നോനവാലൻ്റ് വാക്സിൻ 98% വരെ തടയും. മൂന്ന് വാക്സിനുകളും അവ ലക്ഷ്യമിടുന്ന എച്ച്പിവി സ്ട്രെയിനുകൾ മൂലമുണ്ടാകുന്ന സെർവിക്കൽ ക്യാൻസർ തടയുന്നതിന് വളരെ ഫലപ്രദമാണ്. വാക്സിനേഷൻ ഷെഡ്യൂൾ: 9 മുതൽ 14 വയസ്സ് വരെ പ്രായമുള്ള പെൺകുട്ടികൾക്ക് രണ്ട് ഡോസുകൾ ശുപാർശ ചെയ്യുന്നു.
ഡോസുകൾക്കിടയിൽ 6 മാസം ഇടവേള ഉണ്ടാവണം. 15 വയസും അതിൽ കൂടുതലുമുള്ള പെൺകുട്ടികൾ മൂന്ന് ഡോസുകൾ എടുക്കണം. ഓരോ വാക്സിനും എടുക്കേണ്ട ഇടവേളകൾ താഴെപ്പറയുന്നവയാണ്. സെർവാരിക്സ്: 0, 1, 6 മാസം. ഗാർഡാസിൽ: 0, 2, 6 മാസം. പ്രതിരോധശേഷി കുറഞ്ഞ വ്യക്തികൾ പ്രായഭേദമന്യേ മൂന്ന് ഡോസ് എടുക്കണം. Catch up വാക്‌സിനേഷൻ 45 വയസ്സ് വരെ ഡോക്ടറുടെ നിർദേശ പ്രകാരം കൊടുക്കാവുന്നതാണ്. എന്നാൽ ചെറു പ്രായത്തിൽ ( 9-14 years ) തന്നെ എടുക്കുന്ന വാക്‌സിൻ കൂടുതൽ ഫലപ്രദമാകുന്നു.
ജീവൻ തന്നെ അപകടപ്പെടുത്തുന്ന, എന്നാൽ പൂർണ്ണമായും തടയാൻ കഴിയുന്ന ഈ രോഗത്തിനെതിരെ അവബോധം വളർത്തേണ്ടത് അത്യാവശ്യമാണ്. മാധ്യമ ഇടപെടൽ, സജീവമായ വാക്സിനേഷൻ, കൃത്യമായ സ്‌ക്രീനിങ്ങും ചികിത്സയും എന്നിവയ്ക്ക് ഈ രോഗത്തിന്റെ ഗതി മാറ്റാനും എണ്ണമറ്റ ജീവനുകൾ രക്ഷിക്കാനും കഴിയും.
എന്തു കൊണ്ട് എച്ച്പിവി വാക്‌സിനേഷൻ 9-10 YEARS ഇല്‍ തന്നെ എടുക്കണം ?
*ശക്തമായ പ്രതിരോധ ശേഷി യുവജനങ്ങളിൽ ലഭിക്കും .
*സമ്പൂർണ രോഗപ്രതിരോധം വിവാഹത്തിന് മുൻപ് തന്നെ വാക്‌സിനേഷൻ എടുത്താൽ ലഭിക്കും.
*15 വയസ്സിന് മുൻപേ വാക്‌സിൻ എടുത്താൽ 2 ഡോസസ് മതിയാകും.
എച്ച്പിവി വാക്‌സിൻ പൂർണമായും സുരക്ഷിതമാണോ ?
* വർഷങ്ങൾ നീണ്ട കമ്മ്പ്രേഹെൻസീവ് ക്ലിനിക്കൽ ട്രയലുകൾയുടെ ഫലം മൂലമാണ് WHO, CDC, FDA എന്നിവയ്ക്ക് ഇത് പ്രോത്സാഹിപ്പിക്കാൻ കാരണം.
* ഒരു സാധാരണ ഇൻജക്ഷൻ എടുക്കുമ്പോൾ ഉണ്ടാകുന്ന വേദന, കല്ലിപ്പോ, പനിയോ തുടങ്ങിയ ചില ഫലങ്ങൾ ഈ വാക്‌സിൻ ഉണ്ടാക്കുന്നില്ല.
* HPV വാക്‌സിനിന്റെ പ്രാധാന്യം കാരണം, ലോകമെമ്പാടും നിരവധി ആരോഗ്യ സംഘടനകൾ നടത്തിയ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ ഈ വാക്‌സിന് ഒരു ശക്തമായ സുരക്ഷാ റെക്കോർഡ് ലഭിച്ചിട്ടുണ്ട്. എച്ച്പിവി വാക്സിനേഷൻ അടിയന്തിരമാണ്, അത്യാവശ്യമാണ്!
(എറണാകുളം വിപിഎസ് ലേക് ഷോർ ഹോസ്പിറ്റലിലെ ഗൈനക്കോളജിക് ഓങ്കോളജി വിഭാഗം ഡോ. അനുപമ എസ് എഴുതിയ ലേഖനം)