
യുഎസിൽ ചാഗാസ് രോഗം പടരുന്നതായി റിപ്പോർട്ട്. ഈ രോഗം, ടെക്സസ്, അരിസോണ, കാലിഫോർണിയ എന്നിവയുൾപ്പെടെ കുറഞ്ഞത് 32 യുഎസ് സംസ്ഥാനങ്ങളിൽ പടരുന്നു. ആഗോളതലത്തിൽ 7 ദശലക്ഷത്തിലധികം ആളുകൾ രോഗബാധിതരാകുന്നതായി ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) വ്യക്തമാക്കുന്നു. ഇത് പ്രതിവർഷം 10,000-ത്തിലധികം മരണങ്ങൾക്ക് കാരണമാകുന്നു.
ട്രൈപാനോസോമ ക്രൂസി എന്ന പ്രോട്ടോസോവൻ പാരസൈറ്റ് പരത്തുന്ന രോഗമാണ് ചാഗാസ്. സാധാരണയായി ട്രയാറ്റോമിൻ വണ്ടുകൾ വഴിയാണ് ഇത് പടരുന്നത്. ഇതിനെ കിസ്സിംഗ് ബഗുകൾ എന്നറിയപ്പെടുന്നു. ഈ പ്രാണികൾ മനുഷ്യരക്തം ഭക്ഷിക്കുകയും പലപ്പോഴും മുഖത്തിന് സമീപം കടിക്കുകയും ചെയ്യുന്നു. ഇത് കഫം ചർമ്മം, കണ്ണുകൾ, മുറിവ് എന്നിവയിലൂടെ ശരീരത്തിൽ പ്രവേശിക്കും.
ഹൃദയത്തിലും ദഹനവ്യവസ്ഥയുടെ ഭാഗമായ പേശികളിലും കടന്നുകൂടുന്ന പാരസൈറ്റ് ഹൃദയ, ദഹന, നാഡീവ്യവസ്ഥയെ താറുമാറാക്കുന്നു. രോഗം പിടിപെടുന്ന മൂന്നിലൊന്നുപേരിലും രോഗം ഗുരുതരമാകാൻ ഇത് കാരണമാകുന്നു. ശരീരം ദുർബലമാകുന്നത് പോലെയുള്ള അവസ്ഥയിലേക്ക് രോഗി എത്തിപ്പെടാം. രോഗം മൂർച്ഛിക്കുമ്പോൾ മരണം വരെ സംഭവിക്കാനിടയുണ്ടെന്നും പഠനങ്ങൾ പറയുന്നു.
ഗർഭകാലത്ത് അമ്മയിൽ നിന്ന് കുഞ്ഞിലേക്ക് ഈ രോഗം പകരാം. രക്തപ്പകർച്ചയിലൂടെയോ അവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയിലൂടെയോയും ഇത് പകരാം. അപൂർവ്വമായി, മലിനമായ ഭക്ഷണത്തിലൂടെയോ പാനീയത്തിലൂടെയും പകരാവുന്നതാണ്. പനി,
കടിയേറ്റ സ്ഥലത്ത് വീക്കം, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ എന്നിവയെല്ലാം ചാഗാസ് രോഗത്തിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങളാണ്. രോഗം എത്രയും വേഗം കണ്ടെത്തി ചികിത്സ തുടങ്ങുകയാണ് ഏറ്റവും ഫലപ്രദമായ മാർഗം. രോഗം നേരത്തെ കണ്ടെത്തുന്നത് പൂർണമായും ചികിത്സിച്ച് സുഖപ്പെടുത്താൻ സാധിക്കുന്നതാണെന്നും ആരോഗ്യ വിദഗ്ധർ പറയുന്നു.
വീട്ടിൽ പ്രാണികൾ കയറുന്നത് തടയുക, കൊതുക് വരാൻ സാധ്യതയുള്ള ഇടങ്ങളിൽ വല ഉപയോഗിക്കുക, മോശം ശുചിത്വമുള്ള പ്രദേശങ്ങളിൽ പാസ്ചറൈസ് ചെയ്യാത്ത ജ്യൂസുകളോ അസംസ്കൃത ഭക്ഷണമോ കഴിക്കുന്നത് ഒഴിവാക്കുക എന്നിവയാണ് ഇത് തടയാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam