
തിരുവനന്തപുരം : ബയോമെഡിക്കൽ മാലിന്യ സംസ്കരണ രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തുടക്കമിട്ട് സി.എസ്.ഐ.ആർ-നിസ്റ്റും അങ്കമാലിയിലെ സ്റ്റാർട്ടപ്പ് സംരംഭമായ ബയോ വസ്‌തും സൊല്യൂഷൻസും കൈകോർക്കുന്നു. ലോകത്തിലാദ്യമായി ബയോമെഡിക്കൽ മാലിന്യങ്ങളെ കാർഷികാവശ്യങ്ങൾക്ക് ഉതകുന്ന മണ്ണിന് പകരമുള്ള വസ്തുവാക്കി മാറ്റുന്നതിനുള്ള പേറ്റന്റ് ലഭിച്ച സാങ്കേതികവിദ്യ കൈമാറുന്ന ചടങ്ങിന് തിരുവനന്തപുരം പാപ്പനംകോടുള്ള സി.എസ്.ഐ.ആർ-നിസ്റ്റ് ക്യാമ്പസ് വേദിയായി.
ഡി.എസ്.ഐ.ആർ സെക്രട്ടറിയും സി.എസ്.ഐ.ആർ ഡയറക്ടർ ജനറലുമായ ഡോ. എൻ. കലൈസെൽവി, ബയോ വസ്‌തും സൊല്യൂഷൻസ് മാനേജിംഗ് ഡയറക്ടർ ഡോ. ജോഷി വർക്കിക്ക് സാങ്കേതികവിദ്യ കൈമാറ്റ കരാർ ഔദ്യോഗികമായി നൽകി. തിരുവനന്തപുരം നിസ്റ്റ് ഡയറക്ടർ ഡോ. സി. ആനന്ദരാമകൃഷ്ണൻ, സി.എസ്.ഐ.ആർ ബിസിനസ് ഡെവലപ്‌മെന്റ് വിഭാഗം മേധാവി ഡോ. നിഷി, ഇന്നൊവേഷൻ സെന്റർ മേധാവി ഡോ. ശ്രീജിത്ത് ശങ്കർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
വെറും പതിനഞ്ച് മിനിറ്റുകൾക്കുള്ളിൽ ഒരു കിലോ മെഡിക്കൽ മാലിന്യത്തെ കൃഷിയ്ക്ക് അനുയോജ്യമായ സോയിൽ അഡിറ്റീവായി മാറ്റാൻ സാധിക്കുന്ന സാങ്കേതികവിദ്യയാണിത്. മാലിന്യസംസ്കരണത്തിലെ പ്രധാന വെല്ലുവിളിയായ ദുർഗന്ധം ഒഴിവാക്കാൻ അണുവിമുക്തമാക്കുന്നതിനൊപ്പം സുഗന്ധലേപനങ്ങൾ ചേർക്കുന്ന സവിശേഷമായ രീതിയും ഇതിൽ അവലംബിക്കുന്നുണ്ട്. തുടർന്ന് നടക്കുന്ന മൂന്നു ഘട്ടങ്ങളായുള്ള പ്രക്രിയകൾക്കൊടുവിലാണ് ഇവ പൂർണ്ണമായും മണ്ണാക്കി മാറ്റപ്പെടുന്നത്.
പ്ലാസ്റ്റിക്, മെറ്റൽ, ഗ്ലാസ് തുടങ്ങിയ മാലിന്യങ്ങളെയും അണുവിമുക്തമാക്കി പൊടിച്ച് പുനരുപയോഗിക്കാവുന്ന രൂപത്തിലേക്ക് മാറ്റാൻ ഇതിലൂടെ സാധിക്കും. ആശുപത്രികൾക്കും ആരോഗ്യവകുപ്പിനും ഏറെ തലവേദന സൃഷ്ടിക്കുന്ന മാലിന്യസംസ്കരണ പ്രശ്നങ്ങൾക്ക് ഈ സാങ്കേതികവിദ്യയിലൂടെ ശാശ്വത പരിഹാരമാകുമെന്ന് ബയോ വസ്‌തും സൊല്യൂഷൻസ് മാനേജിംഗ് ഡയറക്ടർ ഡോ. ജോഷി വർക്കി അഭിപ്രായപ്പെട്ടു.
കുറഞ്ഞ ചെലവിൽ ആശുപത്രികളിൽ തന്നെ മാലിന്യം സുരക്ഷിതമായി സംസ്കരിക്കാൻ പുതിയ സാങ്കേതികവിദ്യ അവസരമൊരുക്കും.ഈ സാങ്കേതിക വിദ്യയിൽ ഉപയോഗിക്കുന്ന രാസപ്രക്രിയക്ക് 27 പേറ്റന്റുകളും മെഷീനറി പാർട്സിന് 7 പേറ്റന്റും ലഭിച്ചിട്ടുണ്ട്.
സി.എസ്.ഐ.ആർ-നിസ്റ്റിന്റെ മാർഗ്ഗനിർദ്ദേശപ്രകാരം മുംബൈയിലെ ആന്റണി ഡേവിഡ് ആൻഡ് കമ്പനി വികസിപ്പിച്ചെടുത്ത ഈ അത്യാധുനിക മെഷീന്റെ പ്രോട്ടോടൈപ്പ് ന്യൂഡൽഹി എയിംസിൽ (AIIMS) വിജയകരമായി പരീക്ഷിച്ച് ബോധ്യപ്പെട്ടതാണ്. കൂടാതെ, ഇത്തരത്തിൽ ഉൽപ്പാദിപ്പിക്കുന്ന മണ്ണിന്റെ ഗുണനിലവാരം ഐ.സി.എ.ആർ (ICAR) ന്യൂഡൽഹിയിലും ഇന്ത്യയിലെ വിവിധ കാർഷിക സർവ്വകലാശാലകളിലും നടത്തിയ പഠനങ്ങളിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam