
പ്രമേഹം, നമുക്കറിയാം ഒരു ജീവിതശൈലീരോഗമാണ്. എന്നാല്‍ മുൻകാലങ്ങളെ അപേക്ഷിച്ച് പ്രമേഹം എന്നത് എത്രമാത്രം ഗുരുതരമായ അവസ്ഥയാണ് എന്നത് ഇന്ന് മിക്കവരും തിരിച്ചറിയുന്നുണ്ട്. പ്രമേഹമല്ല പ്രശ്നം- മറിച്ച് പ്രമേഹമുണ്ടാക്കുന്ന അനുബന്ധ ആരോഗ്യപ്രശ്നങ്ങളാണ് പിന്നീട് രോഗിക്ക് വലിയ പ്രതിസന്ധിയുണ്ടാക്കുക എന്നത് അധികപേരും തിരിച്ചറിയുന്നത് തന്നെ നല്ലകാര്യം.
പ്രമേഹരോഗികളില്‍ ഇത്തരത്തില്‍ പല അനുബന്ധപ്രശ്നങ്ങളും കാണാറുണ്ട്. കാഴ്ചാ തകരാര്‍, അതുപോലെ ഉണങ്ങാത്ത വ്രണങ്ങള്‍ എന്നിവയെല്ലാം ഇതിനുദാഹരണമാണ്. ഈ അവസ്ഥകളെല്ലാം താരതമ്യേന ഗൗരവമുള്ളതും പ്രമേഹം അധികരിക്കുമ്പോള്‍ സംഭവിക്കുന്നതുമാണ്.
ഇതില്‍ പ്രമേഹരോഗികളുടെ കാല്‍ വിരലുകളിലും പാദത്തിലുമെല്ലാം വ്രണമോ അണുബാധയോ ഉണ്ടായി, അത് ഉണങ്ങാത്തപക്ഷം പിന്നീട് ആ ഭാഗം തന്നെ മുറിച്ചുമാറ്റേണ്ടി വരുന്ന അവസ്ഥയുമുണ്ടാകാറുണ്ട്. ഇങ്ങനെയുള്ള സാധ്യതകള്‍ ഡിവോഴ്സ് നേടിയ (വിവാമോചിതരായ) പുരുഷന്മാരില്‍ ഏറെ കൂടുതലാണെന്ന കണ്ടെത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരു സംഘം ഗവേഷകര്‍. സ്വീഡനില്‍ നിന്നുള്ള ഗവേഷകരാണ് ഈ പഠനം സംഘടിപ്പിച്ചത്.
പ്രമേഹത്തിന്‍റെ അനുബന്ധപ്രശ്നങ്ങള്‍ ഗൗരവമായി നേരിടുന്നത് അധികവും പുരുഷന്മാര്‍ തന്നെ. ഇക്കൂട്ടത്തില്‍ ഡിവോഴ്സ് നേടിയവരില്‍ പ്രമേഹത്തോട് അനുബന്ധമായി കാല്‍വിരലുകളോ പാദമോ എല്ലാം മുറിച്ചുമാറ്റുന്ന കേസുകള്‍ അധികമായി കണ്ടുവരുന്നു. എന്നാല്‍ എന്തുകൊണ്ടാണിത് എന്നതിന് കൃത്യമായ കാരണം ഇപ്പോള്‍ കണ്ടെത്താൻ സാധിച്ചിട്ടില്ല. മിക്കവാറും ഡിവോഴ്സ്ഡ് ആയ പുരുഷന്മാരുടെ അലസമായ ജീവിതരീതികള്‍ പ്രമേഹം അധികരിക്കുന്നതിന് കാരണമാകുന്നതായിരിക്കാം ഇതിലേക്ക് നയിക്കുന്നത്- പഠനം വിശദമാക്കുന്നു.
പതിനെട്ടിന് മുകളില്‍ പ്രായം വരുന്ന വ്യക്തികളെ വച്ചാണ് ഗവേഷകര്‍ പഠനം നടത്തിയത്. ഏതാണ്ട് ഒമ്പത് വര്‍ഷത്തോളം നീണ്ട പഠനത്തിനൊടുവിലാണ് ഗവേഷകര്‍ ഈ വിവരങ്ങളെല്ലാം പങ്കുവച്ചിരിക്കുന്നത്.
'ആരാണ് പ്രമേഹം മൂലം കൂടുതല്‍ റിസ്ക് നേരിടുന്നത് എന്നത് കണ്ടെത്തിയാല്‍ അവരിലേക്ക് കൂടുതല്‍ ശ്രദ്ധ നല്‍കാനും അവരെ കൂടുതലായി സപ്പോര്‍ട്ട് ചെയ്യാനും സാധിക്കുമല്ലോ...'- പഠനത്തിന് നേതൃത്വം നല്‍കിയ ഡോ. ഫേയ് റിലേയ് പറയുന്നു.
Also Read:- എപ്പോഴും സ്ട്രെസ് ആണോ? എങ്കില്‍ നിങ്ങള്‍ക്ക് ഈ ആരോഗ്യപ്രശ്നം പതിവാകാം...
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-