കൊളസ്‌ട്രോളിനെ നിയന്ത്രിക്കാന്‍ കഴിക്കാം ഈ ഏഴ് ഭക്ഷണങ്ങള്‍

By Web TeamFirst Published Jun 1, 2019, 9:45 AM IST
Highlights

 കൊളസ്‌ട്രോളിന്‍റെ അളവ് കൂടുതലായാല്‍ ഹൃദയാഘാത സാധ്യതകള്‍ വര്‍ധിക്കും. ഹൃദയപ്രശ്‌നങ്ങളുള്‍പ്പെടെ പല പ്രശ്‌നങ്ങള്‍ക്കും വഴി വയ്ക്കുന്ന ഒന്നാണ് കൊളസ്‌ട്രോള്‍. 

പ്രായഭേദമന്യേ എല്ലാവര്‍ക്കും ദുരിതം തീര്‍ക്കുന്ന ഒന്നാണ് കൊളസ്‌ട്രോള്‍. കൊളസ്‌ട്രോളിന്‍റെ അളവ് കൂടുതലായാല്‍ ഹൃദയാഘാത സാധ്യതകള്‍ വര്‍ധിക്കും. ഹൃദയപ്രശ്‌നങ്ങളുള്‍പ്പെടെ പല പ്രശ്‌നങ്ങള്‍ക്കും വഴി വയ്ക്കുന്ന ഒന്നാണ് കൊളസ്‌ട്രോള്‍. ശരീരത്തില്‍ നല്ല കൊളസ്‌ട്രോളും ചീത്ത കൊളസ്‌ട്രോളുമുണ്ട്. നല്ല കൊളസ്‌ട്രോള്‍ ഗുണങ്ങളാണ് വരുത്തുന്നത്. ഇത് എച്ച്ഡിഎല്‍ കൊളസ്‌ട്രോള്‍ എന്നാണ് അറിയപ്പെടുന്നത്. ചീത്ത കൊളസ്‌ട്രോള്‍ എല്‍ഡിഎല്‍ കൊളസ്‌ട്രോളാണ്. കൊളസ്‌ട്രോള്‍ അധികമാകുമ്പോള്‍ ഇത് രക്തധമനികളില്‍ അടിഞ്ഞു കൂടും. ഹൃദയത്തിലേയ്ക്കുള്ള രക്തപ്രവാഹം തടസപ്പെടുകയും ചെയ്യും. ഇത് ഹാര്‍ട്ട് അറ്റാക്ക് അടക്കമുളള പല പ്രശ്‌നങ്ങളിലേക്ക് വഴി വയ്ക്കും. 

കൊളസ്ട്രോള്‍ രോഗികള്‍ ഭക്ഷണക്കാര്യത്തില്‍ വളരെയധികം ശ്രദ്ധ പുലര്‍ത്തണം. കൊളസ്ട്രോള്‍ രോഗികള്‍ക്ക് കഴിക്കാവുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം. 

1. ആപ്പിള്‍

ദിവസവും ആപ്പിൾ കഴിച്ചാൽ ഡോക്ടറെ അകറ്റാം എന്ന് പറയുന്നത്  വെറുതെയല്ല. ഔഷധഗുണങ്ങളുടെ കലവറയാണ് ആപ്പിൾ.  നിരവധി രോഗങ്ങളില്‍ നിന്നും ആപ്പിള്‍ സംരക്ഷിക്കുകയും ചെയ്യുന്നു. ഹൃദയാരോഗ്യത്തിന് ആപ്പിൾ വളരെ നല്ലതാണ്. ഹൃദയധമനികളിൽ കൊഴുപ്പടിഞ്ഞ് കൂടുന്നത് തടയാൻ ഇതിലടങ്ങിയിരിക്കുന്ന നാരുകള്‍ സഹായിക്കും. ഇതിൽ ധാരാളമായി അടങ്ങിയിരിക്കുന്ന പോട്ടാസ്യവും മിനറലുകളും രക്തത്തിലെ കൊളസ്ടോൾ നിയന്ത്രിച്ച് സ്ട്രോക്ക് വരാതെ സംരക്ഷിക്കുന്നു. 

2. പപ്പായ

ഫൈബര്‍ ധാരാളം അടങ്ങിയിട്ടുളള പപ്പായ ശരീരത്തിലെ രക്ത സമ്മര്‍ദ്ദം കുറയ്ക്കുകയും കൊളസ്ടോൾ നിയന്ത്രിക്കുകയും ചെയ്യും. അതിനാല്‍ കൊളസ്ട്രോള്‍ രോഗികള്‍ പപ്പായ ധാരാളം കഴിക്കുന്നത് നല്ലതാണ്. 

3. വെണ്ണപ്പഴം 

കൊളസ്ട്രോള്‍ രോഗികള്‍ അവകാഡോ അല്ലെങ്കില്‍ വെണ്ണപ്പഴം  കഴിക്കുന്നത് ഏറെ നല്ലതാണ്. വെണ്ണപ്പഴത്തില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ കെ, സി, ബി5, ബി6, ഇ, ആന്‍റിഓക്സിഡന്‍റുകള്‍ എന്നിവ ഹൃദയത്തെ സംരക്ഷിക്കും. കൂടാതെ സ്ട്രോക് വരാതിരിക്കാനും വെണ്ണപ്പഴം കഴിക്കുന്നത് നല്ലതാണ്. രക്തസമ്മര്‍ദ്ദം ഉളളവര്‍ക്കും വെണ്ണപ്പഴം കഴിക്കുന്നത് നല്ലതാണ്. 

4. തക്കാളി

വിറ്റാമിൻ, ധാതുക്കൾ എന്നിവ ധാരാളം അടങ്ങിയിട്ടുളളതാണ് തക്കാളി. ഇതിലുള്ള അയൺ, പൊട്ടാസ്യം, ക്രോമിയം തുടങ്ങിയവയെല്ലാം തക്കാളിയുടെ ഗുണം കൂട്ടുന്നു.  തക്കാളിയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ എ,ബി,കെ,സി എന്നിവ കണ്ണുകള്‍ക്കും ത്വക്കിനും ഹൃദയത്തിനും നല്ലതാണ്. പൊട്ടാസ്യം ഹൃദയസംരക്ഷണത്തിനും നല്ലതാണ്. അതിനാല്‍ തന്നെ തക്കാളി കൊളസ്ട്രോള്‍, രക്ത സമ്മര്‍ദ്ദം, സ്ട്രോക് എന്നിവ തടയാന്‍ സഹായിക്കും. 

5. ഓട്സ്

കൊളസ്ട്രോൾ കുറയ്ക്കാൻ ഏറ്റവും നല്ലതാണ് ഓട്സ്. ഓട്സ് പാലിലോ അല്ലാതെയോ കഴിക്കുന്നത് കൊളസ്ട്രോൾ നിയന്ത്രിക്കാൻ സഹായിക്കും. ഫെെബർ ധാരാളം അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ എൽഡിഎൽ കൊളസ്ട്രോളിനെ കുറയ്ക്കാൻ ഓട്സിന് കഴിവുണ്ട്. ദിവസവും ഒന്നര കപ്പ് ഓട്സ് കുടിക്കുന്നത് മൂന്ന് ശതമാനത്തോളം കൊളസ്ട്രോൾ കുറയ്ക്കുമെന്ന് അമേരിക്കൻ മെഡിക്കൽ അസോസിയേഷനിലെ ​വിദ​ഗ്ധർ പറയുന്നു. 

6. ബദാം

കൊളസ്ട്രോൾ കുറയ്ക്കാൻ ഏറ്റവും നല്ലതാണ് ആൽമണ്ട് അഥവാ ബദാം. ദിവസവും മൂന്നോ നാലോ ആൽമണ്ട് കഴിക്കുന്നത് ചീത്ത കൊളസ്ട്രോൾ അകറ്റി നല്ല കൊളസ്ട്രോൾ നിലനിർത്താൻ സഹായിക്കും.  കൊളസ്ട്രോളിന് മാത്രമല്ല, ഹൃദയാരോഗ്യത്തിന് ഏറെ ഉത്തമമാണ് ബദാം. ഹൃദയ സംബന്ധമായ അസുഖങ്ങൾ വരാതിരിക്കാൻ ആൽമണ്ട് ഏറെ നല്ലതാണ്. ബദാമില്‍ അടങ്ങിയിട്ടുള്ള വിറ്റാമിന്‍ ഇ, പൊട്ടാസ്യം എന്നിവ തലച്ചോറിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. ദിവസവും ബദാം കഴിക്കുന്നത് ഓർമശക്തി കൂട്ടാന്‍ സഹായിക്കും. 

7. സാൽമൺ ഫിഷ്

ഒമേ​ഗ 3 ഫാറ്റി ആസിഡ് ധാരാളം അടങ്ങിയ മീനാണ് സാൽമൺ. കൊളസ്ട്രോൾ പ്രശ്നമുള്ളവർക്ക് ഏറ്റവും നല്ലതാണ് സാൽമൺ ഫിഷ്. സാൽമൺ ഫിഷിൽ 1.8 ​ഗ്രാം ഇക്കോസപ്പന്റാനോയ് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇക്കോസപ്പന്റാനോയ് ആസിഡ് കൊളസ്ട്രോൾ, ഹൃദയസംബന്ധമായ അസുഖങ്ങൾ, നീർക്കെട്ട്, രക്തസമ്മർദ്ദം പോലുള്ള അസുഖങ്ങൾക്ക് നല്ലൊരു പ്രതിവിധിയാണ്. 

click me!