
കൊച്ചി കണ്ടെയ്നർ ടെർമിനൽ റോഡിൽ വാഹനാപകടത്തിൽപ്പെട്ടയാളെ തന്റെ പൈലറ്റ് വാഹനത്തിൽ ആശുപത്രിയിൽ എത്തിക്കാൻ മുഖ്യമന്ത്രി വി ഡി സതീശൻ നേതൃത്വം നൽകിയ സംഭവത്തിൽ ഡോ. മനോജ് വെള്ളനാട് ഫേസ് ബുക്കിൽ കുറിച്ച പോസ്റ്റ് ഏറെ ചർച്ചയാകുന്നു.
റോഡിൽ അപകടത്തിൽ പെട്ട് അബോധാവസ്ഥയിൽ കിടന്ന മനുഷ്യനെ സ്വന്തം പൈലറ്റ് വാഹനത്തിൽ ആശുപത്രിയിലേക്ക് മാറ്റാൻ മുഖ്യമന്ത്രി നേതൃത്വം നൽകിയത് അഭിനന്ദനീയം തന്നെയാണ്. ആദ്യം ആ വാർത്തയുടെ ടൈറ്റിൽ ഒന്ന് രണ്ടിടത്ത് കണ്ടപ്പോൾ നല്ല കാര്യമാണല്ലോ എന്ന് തോന്നിയിരുന്നു. സന്തോഷവും തോന്നി. എന്നാൽ ആ വീഡിയോ കണ്ടപ്പോൾ സത്യത്തിൽ സങ്കടമാണ് തോന്നിയതെന്ന് ഡോ. മനോജ് വെള്ളനാട് കുറിച്ചു.
ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്. ഒരു സ്പൈൻ ബോർഡ് പോലുമില്ലാതെ അഞ്ചാറ് പേർ ചേർന്ന് തൂക്കിയെടുത്തുകൊണ്ട് പോകുന്നത് അവിടെ വെറുതേ കിടക്കുന്നതിലും അപകടകരമാണ്. അപകടത്തിൽ പരിക്കേറ്റ് കിടക്കുന്നയാൾക്ക് ബോധമുണ്ടെങ്കിലും ഇല്ലെങ്കിലും ശാസ്ത്രീയമായി ട്രോമ പ്രോട്ടോക്കോൾ അനുസരിച്ച് മാത്രമേ അയാളെ കൈകാര്യം ചെയ്യാൻ പാടുള്ളൂവെന്നും ഡോ. മനോജ് പോസ്റ്റിൽ പറയുന്നു.
ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം
റോഡിൽ അപകടത്തിൽ പെട്ട് അബോധാവസ്ഥയിൽ കിടന്ന മനുഷ്യനെ സ്വന്തം പൈലറ്റ് വാഹനത്തിൽ ആശുപത്രിയിലേക്ക് മാറ്റാൻ മുഖ്യമന്ത്രി നേതൃത്വം നൽകിയത് അഭിനന്ദനീയം. ആദ്യം ആ വാർത്തയുടെ ടൈറ്റിൽ ഒന്ന് രണ്ടിടത്ത് കണ്ടപ്പോൾ നല്ല കാര്യമാണല്ലോ എന്ന് തോന്നിയിരുന്നു. സന്തോഷവും തോന്നി. എന്നാൽ ആ വീഡിയോ കണ്ടപ്പോൾ സത്യത്തിൽ സങ്കടമാണ് തോന്നിയത്.
കാരണം ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്. ഒരു സ്പൈൻ ബോർഡ് പോലുമില്ലാതെ അഞ്ചാറ് പേർ ചേർന്ന് തൂക്കിയെടുത്തുകൊണ്ട് പോകുന്നത് അവിടെ വെറുതേ കിടക്കുന്നതിലും അപകടകരമാണ്. അപകടത്തിൽ പരിക്കേറ്റ് കിടക്കുന്നയാൾക്ക് ബോധമുണ്ടെങ്കിലും ഇല്ലെങ്കിലും ശാസ്ത്രീയമായി ട്രോമ പ്രോട്ടോക്കോൾ അനുസരിച്ച് മാത്രമേ അയാളെ കൈകാര്യം ചെയ്യാൻ പാടുള്ളൂ. അശാസ്ത്രീയമായി ആ വീഡിയോയിൽ കാണുന്ന പോലെ മാറ്റുമ്പോഴുള്ള പ്രധാന അപകടങ്ങൾ ഇവയാണ്.
1.സുഷുമ്നാനാഡിക്ക് സംഭവിക്കുന്ന പരിക്ക്
വാഹനാപകടങ്ങളിൽ പെടുന്നവരിൽ കഴുത്തിനും നട്ടെല്ലിനും ക്ഷതം സംഭവിക്കാൻ വലിയ സാധ്യതയുണ്ട്. സ്പൈൻ ബോർഡോ സെർവിക്കൽ കോളറോ ഇല്ലാതെ രോഗിയെ കൈകളിലും കാലുകളിലും പിടിച്ച് ഉയർത്തുമ്പോൾ, സ്ഥാനഭ്രംശം വന്ന കശേരുക്കൾ (fractured vertebrae) സുഷുമ്നാനാഡിയെ മുറിക്കുകയോ ചതയ്ക്കുകയോ ചെയ്യാം. ഇത് ശാശ്വതമായി തന്നെ കൈകാലുകളുടെ ചലനം നഷ്‌ടപ്പെടുത്തുകയോ (Paraplegia /Quadriplegia) ചിലപ്പോൾ ശ്വസന തടസ്സം മൂലം ഉടനടിയുള്ള മരണത്തിനു കാരണമാകുകയോ ചെയ്യാം.
2. ശ്വസനനാളി തടസ്സപ്പെടൽ
അബോധാവസ്ഥയിലുള്ള രോഗിയുടെ തലയും കഴുത്തും കൃത്യമായി ഉറപ്പിച്ചു നിർത്താതെ മാറ്റുമ്പോൾ നാവ് പിന്നിലേക്ക് മറിഞ്ഞ് ശ്വാസനാളം അടഞ്ഞുപോകാൻ സാധ്യതയുണ്ട്.
3. ആന്തരിക രക്തസ്രാവം വർധിക്കൽ
ഇടുപ്പെല്ലിലെ അസ്ഥികൾക്കോ വാരിയെല്ലുകൾക്കോ പൊട്ടലുണ്ടെങ്കിൽ, ശരീരത്തെ മടക്കിയോ കുലുക്കിയോ സാധാരണ വാഹനങ്ങളിലേക്ക് കയറ്റുമ്പോൾ ആന്തരിക അവയവങ്ങളിലേക്ക് (കരൾ, പ്ലീഹ തുടങ്ങിയവ) അസ്ഥിക്കഷണങ്ങൾ തറച്ചുകയറി അതിവേഗത്തിലുള്ള ആന്തരിക രക്തസ്രാവം ഉണ്ടാകാം. നേരത്തേ ഉണ്ടായ രക്തസ്രാവം വർദ്ധിക്കാം.
വേറെയും നിരവധി പ്രശ്നങ്ങൾ ഇതുമൂലം ഉണ്ടാവാം. ശാസ്ത്രീയമായ രക്ഷാപ്രവർത്തനം ശരിക്കും എല്ലാവരും അറിഞ്ഞിരിക്കേണ്ട അടിസ്‌ഥാന കാര്യമാണ്. അതിൽ ഏറ്റവും പ്രധാനപ്പെട്ട ചില കാര്യങ്ങൾ മാത്രം പറയാം.
1.ഇമ്മൊബിലൈസേഷൻ
പരിക്കേറ്റയാളുടെ തല, കഴുത്ത്, നട്ടെല്ല് എന്നിവ ഒരേ നേർരേഖയിൽ അനങ്ങാതെ സൂക്ഷിക്കുക എന്നതാണ് പ്രധാനം. ഇതിനായി സെർവിക്കൽ കോളറും ഉറപ്പുള്ള സ്പൈൻ ബോർഡും (Spine Board) ഉപയോഗിക്കണം.
2. ലോഗ് റോൾ ടെക്നിക് (Log-roll Technique)
സ്പൈൻ ബോർഡിലേക്ക് രോഗിയെ മാറ്റുമ്പോഴും ശരീരം വളയാൻ പാടില്ല. തല നിയന്ത്രിക്കുന്ന ആളുടെ നിർദ്ദേശാനുസരണം ഒന്നിലധികം ആളുകൾ ചേർന്ന് രോഗിയുടെ ശരീരം ഒരു മരത്തടി ഉരുട്ടുന്നതുപോലെ ഒരൊറ്റ യൂണിറ്റായി വേണം ബോർഡിലേക്ക് കിടത്തണം.
3. സാധാരണ കാറുകളിലോ ജീപ്പുകളിലോ രോഗിയെ ഇടുങ്ങിയ രീതിയിൽ കിടത്തുമ്പോൾ കൃത്രിമ ശ്വാസോച്ഛ്വാസം (Airway management) നൽകാനോ മറ്റ് ജീവൻ രക്ഷാമാർഗങ്ങൾ സ്വീകരിക്കാനോ സാധിക്കില്ല. ഓക്സിജൻ സിലിണ്ടർ, സക്ഷൻ മെഷീൻ, സ്ട്രെച്ചർ എന്നിവയുള്ള ഒരു ലൈഫ് സപ്പോർട്ട് ആംബുലൻസുകളാണ് രോഗിക്ക് ആവശ്യം.
തീപിടിത്തം, വാഹനം പൊട്ടിത്തെറിക്കാനുള്ള സാധ്യത, അല്ലെങ്കിൽ മറ്റ് അടിയന്തര ദുരന്ത സാഹചര്യങ്ങൾ എന്നിവ ഒഴികെ, രോഗിയെ സുരക്ഷിതമായി മാറ്റാൻ അടിസ്ഥാന മെഡിക്കൽ സൗകര്യമുള്ള ആംബുലൻസിനായി കാത്തിരിക്കുകയാണ് ഉചിതം. അടിയന്തര സാഹചര്യത്തിൽ സാധാരണ വാഹനം ഉപയോഗിക്കേണ്ടി വന്നാൽ പോലും കഴുത്തും നട്ടെല്ലും വളയാതെ, പരന്ന പ്രതലത്തിൽ കിടത്തിക്കൊണ്ടു മാത്രമേ കൊണ്ടുപോകാവൂ.
ഇത്തരം ഘട്ടങ്ങളിൽ കൃത്യമായ പരിശീലനം ലഭിച്ച ട്രോമാ കെയർ സംഘത്തിന്റെ ഇടപെടലാണ് പലപ്പോഴും രോഗിയുടെ ജീവൻ രക്ഷിക്കുന്നത്. ഈ സമയത്ത് ശ്രദ്ധിച്ചില്ലെങ്കിൽ ഏറ്റവും മികച്ച ട്രോമാ സെൻ്ററിൽ കൊണ്ട് ചെന്നാലും അവിടുത്തെ ഡോക്‌ടർക്ക് കാര്യമായി ഒന്നും ചെയ്യാനാവില്ല.
മുഖ്യമന്ത്രിയ്ക്ക് ഇക്കാര്യങ്ങളിൽ ശാസ്ത്രീയമായ ധാരണ ഉണ്ടാവണമെന്നില്ല. അപകടത്തിൽപെട്ട് കിടന്നൊരാളെ എത്രയും വേഗം ആശുപത്രിയിൽ എത്തിക്കുക എന്നത് മാത്രമാവും അപ്പോൾ അദ്ദേഹം ആലോചിച്ചിട്ടുണ്ടാവുക. എന്നാൽ പോലീസുകാർ ഉൾപ്പെടെയുള്ളവർ ചേർന്നാണ് ആ നല്ല ഭാരം തോന്നിക്കുന്ന രോഗിയെ തൂക്കിയെടുക്കുന്നത്. പരിശീലനം ലഭിച്ചിട്ടുള്ള അവർക്കും പറയാൻ കഴിഞ്ഞില്ല ഇങ്ങനെ അല്ലാ ചെയ്യേണ്ടത് എന്ന്.
റോഡിൽ അപകടത്തിൽ പെട്ട് കിടക്കുന്ന ഏതൊരാളെയും സഹായിക്കാൻ മനസ് കാണിക്കുന്നത് ശ്ലാഘനീയമാണ്. ഒരു മുഖ്യമന്ത്രി തന്നെ അതു ചെയ്യുമ്പോൾ നിരവധി പേർക്ക് അത് മാതൃകയുമാവും. പക്ഷെ നമ്മുടെ കൈയിൽ വണ്ടിയുണ്ടെങ്കിലും അഞ്ചോ പത്തോ മിനിട്ട് വെയ്റ്റ് ചെയ്യേണ്ടി വന്നാലും ഒരു ആംബുലൻസ് വിളിച്ച് അതിൽ ഏറ്റവും സുരക്ഷിതമായി രോഗിയെ ആശുപത്രിയിൽ എത്തിക്കുകയാണ് ശരി. അതുവരെ അവിടെ വച്ച് ചെയ്യാവുന്ന പ്രഥമശുശ്രൂഷകൾ സാധ്യമാണെങ്കിൽ ചെയ്യുക.
ആ രോഗി രക്ഷപ്പെടട്ടെ എന്നാത്മാർത്ഥമായി ആഗ്രഹിക്കുന്നു.
മനോജ് വെള്ളനാട്
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam