
‘ ബ്രെയിൻ ട്യൂമർ’ അഥവാ ‘മസ്തിഷ്‌ക ട്യൂമർ’ പ്രായ-ലിംഗ വ്യത്യാസമില്ലാതെ ഏതൊരാളെയും ബാധിക്കുന്ന അപകടകരവും സങ്കീർണവുമായ അവസ്ഥയാണ്. അടുത്തകാലത്തായി വലിയ രീതിയിൽ ചർച്ചയാണ് ഇത് സംബന്ധിച്ച് ജനങ്ങൾക്കിടയിൽ അരങ്ങേറിയത്. അതിനുള്ള പ്രധാന കാരണം സ്ത്രീകളിലുണ്ടാകുന്ന ബ്രെയിൻ ട്യൂമറുമായി ബന്ധപ്പെട്ട് സമൂഹത്തിൽ നിലനിൽക്കുന്ന തെറ്റിദ്ധാരണകളാണ് പറയാതെ വയ്യ.
ഇത്തരം കാര്യങ്ങൾ അനാവശ്യ ഭയത്തിനും തെറ്റായ കീഴ് വഴക്കങ്ങൾക്കും കാരണമാകുന്നുണ്ട്. ജൂൺ മാസം ആഗോള തലത്തിൽ ബ്രെയിൻ ട്യൂമർ ബോധവത്കരണ മാസമായി ആചരിക്കുന്ന സാഹചര്യത്തിൽ സ്ത്രീകളിലെ ബ്രെയിൻ ട്യൂമറിനെക്കുറിച്ചുള്ള തെറ്റിദ്ധാരണകളും അവയുടെ യാഥാർത്ഥ്യവും നമുക്ക് പരിശോധിക്കാം.
1. ബ്രെയിൻ ട്യൂമറിന് ചികിത്സാ പരിമിതികളുണ്ടോ?
പുരുഷന്മാരിലേതുപോലെ തന്നെ സ്ത്രീകളിലും ബ്രെയിൻ ട്യൂമറിന് ഒട്ടനവധി ചികിത്സാ രീതികൾ നിലവിൽ ലഭ്യമാണ്. ശസ്ത്രക്രിയ, റേഡിയേഷൻ തെറാപ്പി, കീമോ തെറാപ്പി, ടാർഗെറ്റഡ് തെറാപ്പി തുടങ്ങി മറ്റ് ക്ലിനിക്കൽ ട്രയലുകളും ഇതിൽ ഉൾപ്പെടുന്നു. ട്യൂമറിന്റെ പ്രകൃതം, ഘട്ടം, രോഗിയുടെ ആരോഗ്യ നില എന്നിങ്ങനെ നിരവധി ഘടകങ്ങളെ ആശ്രയിച്ചിരിക്കും ഉചിതമായ ചികിത്സാ പദ്ധതിയുടെ നിർണയം. പുത്തൻ ഗവേഷണങ്ങളും പഠനങ്ങളും മികച്ച ചികിത്സ ഉറപ്പാക്കാനുള്ള അവസരങ്ങളാണ് തുറക്കുന്നത്.
2. പ്രധാന ലക്ഷണം തലവേദനയാണോ?
സാധാരണഗതിയിൽ മസ്തിഷ്‌ക ട്യൂമറിന്റെ ലക്ഷണമായി അറിയപ്പെടുന്നത് തലവേദനയാണ്. മസ്തിഷ്‌ക ട്യൂമറുകൾക്ക് വേറെയും പല ലക്ഷണങ്ങളും ഉണ്ടാകാം. ഉദാഹരണത്തിന് ഓർമ്മക്കുറവ്, കാഴ്ച സംബന്ധമായ പ്രശ്‌നങ്ങൾ, ശാരീരിക ബലഹീനത, മരവിപ്പ് എന്നിങ്ങനെയുള്ള ലക്ഷണങ്ങൾ സ്ഥിരമായി കാണിക്കുന്നെങ്കിൽ, ഉടനടി വൈദ്യ സഹായം തേടേണ്ടതാണ്. പെരുമാറ്റത്തിലെ മാറ്റങ്ങളും ആശയക്കുഴപ്പുവും രോഗലക്ഷണങ്ങളിൽ ഉൾപ്പെടുന്നു. അതുകൊണ്ട് തന്നെ തലവേദന ബ്രെയിൻ ട്യൂമറാണെന്നോ അല്ലായെന്നോ സ്വയം തീരുമാനിക്കാൻ പാടില്ല. പരിശോധനകൾ കൃത്യ സമയത്ത് നടത്തി രോഗനിർണയം നടത്തുക.
3. ബ്രെയിൻ ട്യൂമർ എല്ലായ്‌പ്പോഴും മറ്റ് വൈകല്യങ്ങൾക്ക് കാരണമാകുമോ?
മസ്തിഷ്‌ക ട്യൂമർ ഓർമ്മ, ഭാഷ തുടങ്ങിയ വൈജ്ഞാനിക പ്രക്രിയകൾക്ക് സഹായകമായ തലച്ചോറിന്റെ ഭാഗങ്ങളുടെ പ്രവർത്തനത്തെ ബാധിക്കും. എന്നിരുന്നാലും, അത് സൃഷ്ടിക്കാൻ സാധ്യതയുള്ള വൈകല്യത്തിന്റെ വ്യാപ്തി ഓരോരുത്തരുടെയും രോഗാവസ്ഥയ്ക്ക് അനുസരിച്ചു വ്യത്യാസപ്പെടാം.ഇങ്ങനെ ഏതവസ്ഥയിലേക്കും പോകുന്ന രോഗിക്ക് അനുയോജ്യമായ ചികിത്സാ രീതികളിലൂടെ സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരാനുള്ള സാധ്യതയുണ്ടെന്ന കാര്യം വിസ്മരിച്ചു കൂടാ.
4. എല്ലാ ബ്രെയിൻ ട്യൂമറുകളും ക്യാൻസറാണോ?
ബ്രെയിൻ ട്യൂമറുകൾ രണ്ടു തരമുണ്ട്. ക്യാൻസറസായവയും അല്ലാത്തവയും. വ്യക്തമായി പറഞ്ഞാൽ എല്ലാ ട്യൂമറുകളും ക്യാൻസറാകുന്നില്ല. മൂന്നിലൊന്ന് ബ്രെയിൻ ട്യൂമറുകൾ മാത്രമാണ് ക്യാൻസറായി മാറുന്നതെന്ന് പഠനങ്ങൾ പറയുന്നു. ബ്രെയിൻ ട്യൂമറുകളിൽ ചിലത് അതിവേഗം പടരുന്നതായിരിക്കാം, മറ്റു ചിലതാകട്ടെ സാവധാനത്തിൽ വളരുകയും പതിയെ ലക്ഷണങ്ങൾ കാണിക്കുകയും ചെയ്യും. കാൻസറസല്ലാത്ത ബ്രെയിൻ ട്യൂമറുകൾ താരതമ്യേന അപകട സാധ്യത കുറഞ്ഞതും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് പടരാൻ സാധ്യതയില്ലാത്തവയുമാണ്.
5. പ്രായമായവരിൽ മാത്രമേ ബ്രെയിൻ ട്യൂമറുകൾ ഉണ്ടാകൂ?
ഇത് സംബന്ധിച്ച് നിലനിൽക്കുന്ന മറ്റൊരു തെറ്റിധാരണയാണ് പ്രായമായവരിൽ മാത്രമേ ബ്രെയിൻ ട്യൂമർ വരൂവെന്നത്. ബ്രെയിൻ ട്യൂമറുകൾ എല്ലാ പ്രായക്കാരിലും വരാമെന്നതാണ് യാഥാർത്ഥ്യം. എന്നാൽ, പ്രായം കൂടുന്നതിന് അനുസരിച്ച്, ഹോർമോൺ ബാലന്‌സിലെ മാറ്റങ്ങളും, ജീവിതശൈലി മാറ്റങ്ങളും ബ്രെയിൻ ട്യൂമറുകള് വരാനുള്ള സാധ്യത വർധിപ്പിക്കും. കുട്ടികളിലും ബ്രെയിൻ ട്യൂമറുകള് സ്ഥിരീകരിക്കുന്ന കേസുകൾ വർധിക്കുന്നതായി പഠനങ്ങൾ വ്യക്തമാക്കുന്നു.
7. ഹോർമോണുകൾ ഉപയോഗിക്കുന്നത് മസ്തിഷ്‌ക ട്യൂമർ വർധിക്കാൻ കാരണമാകുമോ?
ഹോർമോൺ തെറാപ്പി ഉപയോഗിച്ച് തുടർച്ചയായി ഗർഭനിരോധന മുറകൾ ഉപയോഗിക്കുന്നത് ചില സ്ത്രീകളിൽ ട്യൂമറുകളുടെ വളർച്ചയെ ബാധിക്കാമെങ്കിലും, നിലവിൽ ഇത് നിരീക്ഷണത്തിന്റെയും ഗവേഷണത്തിന്റെയും വിഷയമാണ്. ഡോക്ടറുടെ നിർദേശം അനുസരിച്ച് ഹോർമോൺ തെറാപ്പി ഉപയോഗിക്കുന്നത് തികച്ചും സുരക്ഷിതമാണ്.
8. മസ്തിഷ്‌ക ട്യൂമർ ജനിതകമാണോ ?
കുടുംബത്തിൽ ഒരാൾക്ക് മസ്തിഷ്‌ക ട്യൂമർ സ്ഥിരീകരിച്ചതുകൊണ്ട് അത് ജനിതകമായി പകർന്നു വന്നതാണ് എന്ന് പറയാൻ കൃത്യമായ തെളിവുകളൊന്നുമില്ല. ബ്രെയിൻ ട്യൂമറിന്റെ പ്രധാന കാരണങ്ങൾ പാരിസ്ഥിതിക ഘടകങ്ങളോ ജീവിതശൈലി ഘടകങ്ങളോ ആണ്. പക്ഷെ ജനിതക പാരമ്പര്യം രോഗം വരാനുള്ള സാധ്യത വർധിപ്പിച്ചേക്കാമെന്ന് കണ്ടെത്തലുകളുണ്ട്.
ബ്രെയിൻ എംആർഐ, ബയോപ്‌സി, തുടങ്ങിയ പ്രത്യേക പരിശോധനകൾ വഴി മസ്തിഷ്‌ക മുഴകളുടെ കുടുംബ ചരിത്രമുള്ള ആളുകൾക്ക് ഈ അവസ്ഥയുടെ സാധ്യത കണ്ടെത്തുന്നതിന് സഹായകരം ആകാറുണ്ട്.
മസ്തിഷ്‌ക ട്യൂമർ വരാനുള്ള സാധ്യതകളെക്കുറിച്ച് ബോധവൽക്കരണം നടത്തുന്നതുപോലെ തന്നെ പ്രധാനമാണ് അതുമായി ബന്ധപ്പെട്ട് സമൂഹത്തിൽ നിലനിൽക്കുന്ന തെറ്റിദ്ധാരണകളെക്കുറിച്ചുള്ള അവബോധവും സൃഷ്ടിക്കേണ്ടത്. ട്യൂമറുകളെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ ഇല്ലാതാക്കി ശാസ്ത്രിയമായ യഥാർഥ്യങ്ങൾ അറിയുക എന്നത് അത്യാവശ്യമാണ്. ആരോഗ്യസ്ഥിതികളെക്കുറിച്ച് കൂടുതൽ അറിവ് നേടുകയും, മുൻകരുതലുകൾ സ്വീകരിക്കുകയും ചെയ്യുന്നത് തികച്ചും നിർണായകമായ ഒരു ശീലമാണ്. ലേഖകൻ
(അങ്കമാലി അപ്പോളോ അഡ്‌ലക്‌സ് ഹോസ്പിറ്റലിലെ ന്യൂറോസർജറി സീനിയർ കൺസൾട്ടന്റായ ഡോ. തരുൺ കൃഷ്ണ ബി എസാണ് ലേഖകൻ)